IPL
ധോണിയെ ക്യാപ്റ്റനാക്കിയതാണ് തോല്‍വിക്ക് കാരണമെന്ന് പറഞ്ഞേക്കാം, പക്ഷെ.... തുറന്ന് പറഞ്ഞ് സിദ്ദു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 12, 02:57 am
Saturday, 12th April 2025, 8:27 am

ഐ.പി.എല്ലില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയും ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിങ്സ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ചെന്നൈയെ തോല്‍പ്പിച്ചത്. ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് സൂപ്പര്‍ കിങ്സ് ഏറ്റുവാങ്ങിയത്.

ചെന്നൈ ഉയര്‍ത്തിയ 104 റണ്‍സിന്റെ വിജയലക്ഷ്യം 59 പന്ത് ബാക്കി നില്‍ക്കവെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങിയ സൂപ്പര്‍ താരം സുനില്‍ നരെയ്ന്റെ ഓള്‍ റൗണ്ട് മികവിലാണ് കൊല്‍ക്കത്ത മികച്ച വിജയം നേടിയത്.

ഇപ്പോള്‍ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിയെ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. എം.എസ്. ധോണിയെ ക്യാപ്റ്റനാക്കിയതുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റതെന്ന് ആരാധകര്‍ പറയുമെന്നും ഒരു ക്യാപ്റ്റന് ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിയില്ലെന്നും സിദ്ദു പറഞ്ഞു.

നായകനായുള്ള ധോണിയുടെ തിരിച്ചുവരവില്‍ താരം ഒറ്റക്ക് ചെന്നൈയെ വിജയിപ്പിക്കുമെന്ന പോലെയാണ് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നതെന്നും മത്സരത്തില്‍ കെ.കെ.ആര്‍ ബൗളര്‍മാരെ നേരിടാന്‍ ശ്രമിച്ച ഒരു ബാറ്ററെയും പോലും താന്‍ കണ്ടില്ലെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘എം.എസ്. ധോണിയെ ക്യാപ്റ്റനാക്കിയതുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റതെന്ന് ആരാധകര്‍ പറയും. ഒരു ക്യാപ്റ്റന് ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിയില്ല. അദ്ദേഹം തന്റെ ടീമിനെപ്പോലെ തന്നെ മികച്ചവനാണ്. അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോഴേക്കും ചെന്നൈയുടെ മത്സരം കഴിഞ്ഞിരുന്നു.

നായകനായുള്ള ധോണിയുടെ തിരിച്ചുവരവില്‍ അദ്ദേഹം ഒറ്റക്ക് ചെന്നൈയെ വിജയിപ്പിക്കുമെന്ന പോലെയാണ് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നത്. ക്രിക്കറ്റ് ഒരു ടീം ഗെയിം ആണ്. ജയിക്കാന്‍ മറ്റ് കളിക്കാരുടെ പ്രകടനങ്ങളും നിങ്ങള്‍ക്ക് ആവശ്യമാണ്. കെ.കെ.ആര്‍ ബൗളര്‍മാരെ നേരിടാന്‍ ശ്രമിച്ച ഒരു ബാറ്ററെയും ഞാന്‍ കണ്ടില്ല,’ സിദ്ദു പറഞ്ഞു.

സീസണില്‍ മോശം ഫോം തുടരുന്ന ചെന്നൈയ്ക്ക് കൊല്‍ക്കത്തക്കെതിരെ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു . സ്‌കോര്‍ ബോര്‍ഡില്‍ വെറും 16 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ട് പേരെയും സൂപ്പര്‍ കിങ്‌സിന് നഷ്ടമായിരുന്നു. ചെന്നൈയുടെ ആറ് പേരാണ് ഒറ്റയക്കത്തിന് പുറത്തായത്. നാലാം നമ്പറില്‍ ഇറങ്ങിയ ശിവം ദുബൈ മാത്രമാണ് ടീമിനായി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

എം.എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് നായകനായുള്ള തിരിച്ച് വരവ് മത്സരമായിരുന്നു ഇത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് ഐ.പി.എല്ലില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് ധോണി വീണ്ടും ക്യാപ്റ്റനായി എത്തിയത്. മത്സരത്തില്‍ ഒരു റണ്‍സ് മാത്രം എടുത്ത് താരം പുറത്താവുകയും ചെയ്തു.

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഒരു ജയവും അഞ്ച് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മാത്രമാണ് ചെന്നൈക്ക് ജയിക്കാന്‍ സാധിച്ചിട്ടുള്ളത്.

 

Content Highlight: IPL 2025: CSK vs KKR: Former Indian Cricketer Navjot Singh Sidhu Talks About The Reason Behind The Defeat Of Chennai Super Kings