'കര്‍ണാടകയില്‍ മാറ്റത്തിന്റെ കാറ്റ് വീശും; ബി.ജെ.പിയുടെ സൗത്ത് ഗേറ്റ് അടയും'
national news
'കര്‍ണാടകയില്‍ മാറ്റത്തിന്റെ കാറ്റ് വീശും; ബി.ജെ.പിയുടെ സൗത്ത് ഗേറ്റ് അടയും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th April 2023, 4:34 pm

ബെംഗളൂരു: കര്‍ണാടകയില്‍ മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കുറഞ്ഞത് 130 സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി.

2024ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കര്‍ണാടക നിര്‍ണായക പങ്ക് വഹിക്കുമെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന വീരപ്പ മൊയ്‌ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

224 അംഗ നിയമസഭയില്‍ ബി.ജെ.പി 60 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും മോയ്‌ലി അഭിപ്രായപ്പെട്ടു. ജനതാദള്‍ സെക്കുലാര്‍ പാര്‍ട്ടി ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്നും എച്ച്.ഡി. ദേവഗൗഡയുടെ അവസരവാദ രാഷ്ട്രീയത്തെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

‘കര്‍ണാടകയില്‍ കോണ്‍ഗ്രസിന് അനുകൂലമായ മാറ്റത്തിന്റെ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി ആകെ തകര്‍ന്ന് കഴിഞ്ഞു. അവര്‍ക്കിടയില്‍ യാതൊരു തരത്തിലുള്ള ഐക്യവുമില്ല. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പലരും പാര്‍ട്ടി വിട്ട് പോവുകയാണ്. അവരിലെറെയും കോണ്‍ഗ്രസിലോ മറ്റേതെങ്കിലും പാര്‍ട്ടികളിലോ അഭയം തേടുകയാണ്,’ മൊയ്‌ലി പറഞ്ഞു.

ബസവരാജ് ബൊമ്മൈ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും മൊയ്‌ലി ആരോപിച്ചു.

‘ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ വ്യവസായ മേഖലയില്‍ ഒരൊറ്റ സംരഭം പോലും ഉയര്‍ന്നു വന്നിട്ടില്ല. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. അധ്യാപകരുടെതുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജോലി ഒഴിവുകള്‍ ഇപ്പോഴും നികത്തപ്പെട്ടിട്ടില്ല. അഴിമതിയെക്കുറിച്ചാണ് കര്‍ണാടകയിലെ എല്ലാ തെരുവുകളും ചര്‍ച്ച ചെയ്യുന്നത്,’ മൊയ്‌ലി പറഞ്ഞു.

സംസ്ഥാനത്ത് മോദി ഫാക്ടര്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന്, അതിനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് വീരപ്പ മൊയ്‌ലി മറുപടി പറഞ്ഞത്.

‘കര്‍ണാടകയില്‍ മോദി ഫാക്ടര്‍ ഫലപ്രദമാകുമെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ ആ തന്ത്രം തമിഴ്‌നാട്ടില്‍ പയറ്റി നോക്കിയിരുന്നു, പക്ഷേ വിജയിച്ചില്ല. ഇതേ മോദി ഫാക്ടറുമായാണ് അവര്‍ കേരളത്തിലേക്ക് ചെന്നത്. മോദിയും അമിത് ഷായുമൊക്കെ വമ്പന്‍ പ്രചരണങ്ങളാണ് അവിടെ നടത്തിയത്, പക്ഷേ ഫലവത്തായില്ല. പശ്ചിമബംഗാളിലും ഹിമാചല്‍ പ്രദേശിലുമെല്ലാം ഈ തന്ത്രം പാളിപ്പോവുകയാണുണ്ടായത്. കര്‍ണാടക തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലേക്കുള്ള ബി.ജെ.പിയുടെ വഴിയും അടയും,’ മൊയ്‌ലി പറഞ്ഞു.

മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും സീതാരാമയ്യയും ഡി.കെ ശിവകുമാറും ഒന്നിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും മൊയ്‌ലി കൂട്ടിച്ചേര്‍ത്തു.

Content Highlights: Winds of change will blow in Karnataka; BJP’s south gate will be closed: Veerappa Moily