ലഖ്‌നൗ: വരാനിരിക്കുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി മേയറായാല്‍ മീററ്റിന്റെ പേര് മാറ്റി നാഥൂറാം വിനായക് ഗോഡ്‌സെ നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഹിന്ദു മഹാസഭ.
മീററ്റ് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയെന്നതാണ് ആദ്യ പരിഗണനയെന്നും രണ്ടാമത്തേത് ഗോമാതാവിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയെന്നതാണെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ ഹിന്ദു മഹാസഭ പ്രഖ്യാപിച്ചു.
മുസ്‌ലിം പേരുകളില്‍ അറിയപ്പെടുന്ന മീററ്റ് ജില്ലയിലെ മറ്റ് പ്രധാന സ്ഥലങ്ങളുടെ പേരുകളും ഹിന്ദുത്വ നേതാക്കളുടേതാക്കി മാറ്റുമെന്നും ഹിന്ദു മഹാസഭയുടെ മീററ്റ് ജില്ലാ അധ്യക്ഷന്‍ അഭിഷേക് അഗര്‍വാള്‍ വ്യക്തമാക്കി.
ദേശസ്‌നേഹമുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നും, സംഘടനയുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള പ്രതിജ്ഞാബദ്ധത അവരില്‍ നിന്ന് എഴുതി വാങ്ങുമെന്നും അഭിഷേക് അഗര്‍വാള്‍ പറഞ്ഞു.
ആശയാദര്‍ശങ്ങളില്‍ നിന്ന് ബി.ജെ.പിയും ശിവസേനയും അകന്നു പോകുകയാണെന്നും രണ്ട് പാര്‍ട്ടികളിലേക്കും മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആളുകളുടെ ഒഴുക്ക് വര്‍ധിച്ചതായും തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ കുറ്റപ്പെടുത്തി.