അനിശ്ചിതത്വം തുടരുന്നു; അജിത് പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല; മുഖ്യമന്ത്രിയെക്കൂടാതെ അധികാരമേല്‍ക്കുന്നത് ആറു മന്ത്രിമാര്‍
Maharashtra
അനിശ്ചിതത്വം തുടരുന്നു; അജിത് പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല; മുഖ്യമന്ത്രിയെക്കൂടാതെ അധികാരമേല്‍ക്കുന്നത് ആറു മന്ത്രിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2019, 2:49 pm

മുംബൈ: താന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നില്ലെന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍. ശിവസേനയില്‍ നിന്നും എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രണ്ടുപേര്‍ വീതം ആറു മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നും അജിത് പവാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.സി.പിക്കാണ് ഉപമുഖ്യമന്ത്രിസ്ഥാനമെന്ന് നേരത്തേ മഹാ വികാസ് അഘാഡി സഖ്യം തീരുമാനിച്ചിരുന്നു.

ഇന്നുച്ചയോടെ അജിത് പവാര്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍.സി.പി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലും മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി പാളയത്തിലെത്തി ദേവേന്ദ്ര ഫഡ്‌നാവിസിനു പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും എന്‍.സി.പിയിലേക്കു തിരിച്ചെത്തിയതിനാല്‍ ഉപമുഖ്യമന്ത്രിസ്ഥാനം അടക്കമുള്ള ഏതെങ്കിലും പദവികള്‍ അദ്ദേഹത്തിനു നല്‍കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

മുഖ്യമന്ത്രിയെക്കൂടാതെയാണ് ആറു മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. വരുംദിവസങ്ങളില്‍ മന്ത്രിസഭ വികസിപ്പിക്കുമെന്ന് എന്‍.സി.പി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീല്‍ വ്യക്തമാക്കി.

അതിനിടെ ശിവസേനാ മുഖപത്രമായ സാമ്‌നയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രാജിവെച്ചു. മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നതിനു മുന്‍പ് പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണിത്. സാമ്‌നയുടെ എക്‌സിക്യൂട്ടിവ് എഡിറ്ററായ സഞ്ജയ് റാവത്തിനായിരിക്കും ഇനി ചുമതല.

ഇന്നു വൈകിട്ട് അഞ്ചുമണിക്ക് ശിവാജി പാര്‍ക്കില്‍ വെച്ചാണു സത്യപ്രതിജ്ഞ. ഉപമുഖ്യമന്ത്രിസ്ഥാനം എന്‍.സി.പിക്കു നല്‍കിയപ്പോള്‍ സ്പീക്കര്‍ പദവി ലഭിച്ചത് കോണ്‍ഗ്രസിനാണ്. എന്‍.സി.പിയില്‍ നിന്നു തന്നെയാണ് ഡെപ്യൂട്ടി സ്പീക്കറും.