IPL
ലഖ്നൗവിനെ ചാരമാക്കി തലയുടെ ഡബിള്‍ ബാരല്‍ റെക്കോഡ്; 43ാം വയസിലും ഇങ്ങേര് പുപ്പുലി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 15, 03:34 am
Tuesday, 15th April 2025, 9:04 am

ഐ.പി.എല്ലില്‍ തോല്‍വിയുടെ പരമ്പരകള്‍ക്ക് വിരാമമിട്ട് വിജയവഴിയില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

അവസാന ഓവറുകളിലെ ശിവം ദുബൈയുടെയും ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെയും തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തിരുന്നു. നായകന്‍ റിഷബ് പന്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഹോം ടീം മികച്ച സ്‌കോറിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ 19 .3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ചെന്നൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

കളി കൈവിട്ടുവെന്ന് കരുതിയ ഘട്ടത്തില്‍ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശിവം ദുബൈയും ക്യാപ്റ്റനും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ശിവം ദുബൈ 37 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 43 റണ്‍സ് നേടിയിരുന്നു.

ക്യാപ്റ്റന്‍ ധോണി 11 പന്തില്‍ 26 റണ്‍സെടുത്ത തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടെയുള്ള ഇന്നിങ്‌സില്‍ താരം 236.36 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. കൂടാതെ താരം ഫീല്‍ഡിലും കീപ്പിങ്ങിലും തിളങ്ങിയിരുന്നു. ലഖ്നൗവിന്റെ മൂന്ന് താരങ്ങളെ പുറത്താക്കുന്നതില്‍ കൈമുദ്ര പതിപ്പിക്കാന്‍ ധോണിക്കായിരുന്നു. പന്തിന്റെ കീപ്പര്‍ ക്യാച്ചും ആയുഷ് ബദോണിയുടെ സ്റ്റംപിങ്ങും സമദിന്റെ റണ്‍ ഔട്ടും ഈ നാല്പത്തിമൂന്നുകാരനില്‍ നിന്നായിരുന്നു.

മത്സരത്തിലെ ഈ തകര്‍പ്പന്‍ പ്രകടനത്തോടെ കളിയിലെ താരമാകാനും ചെന്നൈ നായകന് സാധിച്ചു. ഇതോടെ ധോണിക്ക് ഒരു ഇരട്ട നേട്ടവും സ്വന്തമാക്കാനായി. ഐ.പി.എല്‍ ചരിത്രത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോഡാണ് മത്സരത്തില്‍ ധോണി നേടിയ ഒരു നേട്ടം. ഇന്ത്യന്‍ താരമായ പ്രവീണ്‍ താംബെയെ മറികടന്നാണ് തല ഈ നേട്ടത്തിലെത്തിയത്.

പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍

(താരം – പ്രായം – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 43 വയസ് 280 ദിവസം – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – ലഖ്നൗ -2025

പ്രവീണ്‍ താംബെ – 42 വയസ് 208 ദിവസം – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – അഹമ്മദാബാദ് – 2014

പ്രവീണ്‍ താംബെ – 42 വയസ് 198 ദിവസം – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – അബുദാബി – 2014

ഇതിന് പുറമെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരമാകാനും ധോണിക്ക് സാധിച്ചു. 17 തവണയാണ് ചെന്നൈ നായകന്‍ കളിയിലെ താരമാകുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് പിന്നിലുള്ളത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടിയ ക്യാപ്റ്റന്‍

(താരം – എണ്ണം – ടീം എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 17 – ചെന്നൈ സൂപ്പര്‍ കിങ്സ്

രോഹിത് ശര്‍മ്മ – 13 – മുംബൈ ഇന്ത്യന്‍സ്

ഗൗതം ഗംഭീര്‍- 13 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

വിരാട് കോഹ്ലി – 11 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു

കെ.എല്‍. രാഹുല്‍- 9 – പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്

Content Highlight: IPL 2025: CSK vs LSG: Chennai Super Kings Captain MS Dhoni Bags Double Record In IPL