വിവരം ചോര്‍ത്തല്‍: അമേരിക്കയ്‌ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് സുപ്രീം കോടതി
India
വിവരം ചോര്‍ത്തല്‍: അമേരിക്കയ്‌ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th June 2013, 12:50 am

[]ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്ന അമേരിക്കയ്‌ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് സുപ്രീം കോടതി.

അമേരിക്കന്‍ ഗവണ്‍മെന്റിനെതിരേയോ അവരുടെ ഏജന്‍സികള്‍ക്കെതിരേയോ ഉത്തരവിടാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. []

അമേരിക്ക സുപ്രീംകോടതിയുടെ പരിധിയില്‍ വരുന്ന രാജ്യമല്ലെന്നും തങ്ങളുടെ നിയമ പരിപാലനാധികാരം ലോകം മുഴുവനല്ലെന്നും ജസ്റ്റീസുമാരായ എ.കെ. പട്‌നായിക്, രഞ്ജന്‍ ഗൊഗോയി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

വിവരം ചോര്‍ത്തുന്നത് പൗരാവകാശലംഘനമാണെന്നും വിദേശ കമ്പനികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പപര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

അതേസമയം വിദേശ പൗരന്‍മാരുടേതടക്കം അമേരിക്ക നടത്തുന്ന വിവര ചോര്‍ത്തലിനെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.

യു.എസ്സിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എ ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നത് അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എന്‍.എസ്.എയെ കുറിച്ച് അടുത്തിടെ പുറത്ത് വന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇന്ത്യയുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.

2007 മുതല്‍ ലോകത്തെമ്പാടുമുള്ള വെബ് സൈറ്റ് ഉപഭോക്താക്കളുടെ ഇമെയില്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ആക്ടിവിറ്റി, ഇന്റര്‍നെറ്റ് കോളുകള്‍ എന്നിവ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എ ചോര്‍ത്തുന്നതായി വെളിപ്പെട്ടിരുന്നു.

മുന്‍ സി.ഐ.എ ഏജന്റായ എഡ്വേര്‍ഡ് സ്‌നോഡനാണ് അമേരിക്കയുടെ രഹസ്യം ചോര്‍ത്തല്‍ വാര്‍ത്ത പുറത്ത് വിട്ടത്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍, യാഹൂ, ഫേസ്ബുക്ക്, സ്‌കൈപ്പ്, യൂട്യൂബ് എന്നിവയില്‍ നിന്ന് അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നായിരുന്നു സ്‌നോഡന്റെ വെളിപ്പെടുത്തല്‍.

പ്രിസം എന്നാണ് ഇങ്ങനെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പേര് നല്‍കിയിരുന്നത്.