ഞായറാഴ്ച മോദിയുടെ വീട്ടിലേക്ക് പോകും, ഒപ്പം ദല്‍ഹി ജനതയുമുണ്ടാകുമെന്ന് കെജ്‌രിവാള്‍; ദല്‍ഹിയിലെ സമരം പുതിയ തലത്തിലേക്ക്
National Politics
ഞായറാഴ്ച മോദിയുടെ വീട്ടിലേക്ക് പോകും, ഒപ്പം ദല്‍ഹി ജനതയുമുണ്ടാകുമെന്ന് കെജ്‌രിവാള്‍; ദല്‍ഹിയിലെ സമരം പുതിയ തലത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th June 2018, 3:42 pm

 

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഒന്നും ചെയ്യാത്ത സാഹചര്യത്തില്‍ ഞായറാഴ്ച പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പോകുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയ്ക്കു മുമ്പില്‍ കുത്തിയിരിപ്പ് സമരം തുടരുന്ന സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.

തന്റെ കുത്തിയിരിപ്പ് സമരം വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയല്ലെന്നും ദല്‍ഹി ജനതയുടെ നന്മയ്ക്കുവേണ്ടിയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. കുത്തിയിരിപ്പ് സമരത്തിന്റെ അഞ്ചാംദിനം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

“വ്യാഴാഴ്ച ഞാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറോട് പറഞ്ഞിരുന്നു. മനീഷ് സിസോദിയ അദ്ദേഹത്തിന് കത്തയക്കുകയും വാട്‌സ്ആപ്പ് സന്ദേശമയക്കുകയും ചെയ്തിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമില്ല. കത്തിന് മറുപടിയൊന്നും കിട്ടാതായതോടെ ഞാന്‍ പ്രധാനമന്ത്രിക്ക് എഴുതിയിരുന്നു. ഇന്ന് വീണ്ടും പ്രധാനമന്ത്രിക്ക് എഴുതുകയാണ്. ” അദ്ദേഹം പറഞ്ഞു.


Also Read:പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിക്കും, മീന്‍ വാങ്ങിക്കും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കും; പ്രതികാര നടപടികള്‍ വെളിപ്പെടുത്തി പൊലീസുകാരന്‍


 

ലെഫ്റ്റനന്റ് ഗവര്‍ണര്‍ സമരം പരിഹരിക്കാന്‍ ഒരു ഇടപെടലും നടത്തുന്നില്ലെന്നും അതിനാല്‍ പ്രധാനമന്ത്രി ഇടപെടണമെന്നുമാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്.

“എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സമരം അനുവദിക്കുന്നത് ശരിയല്ല. അതുകൊണ്ട് ഞായറാഴ്ച പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പോകും. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി ജനങ്ങളും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകും.” അദ്ദേഹം പറഞ്ഞു.

എന്നിട്ടും സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് പത്തുലക്ഷം കുടുംബങ്ങള്‍ സമരരംഗത്തിറങ്ങുമെന്നും കെജ്‌രിവാള്‍ ഭീഷണിപ്പെടുത്തി.