ജയ്പൂര്‍: മുഗള്‍ ചക്രവര്‍ത്തി അക്ബറിനെതിരെ വിമര്‍ശനവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദാന്‍ ദിലാവാര്‍. വര്‍ഷങ്ങളായി രാജ്യത്തെ കൊള്ളയടിച്ച അക്ബറെ പോലൊരു വ്യക്തിയെ മഹാനായി ചിത്രീകരിക്കുന്ന ഒരു പരാമര്‍ശവും രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ കാണില്ലെന്ന് പറഞ്ഞ മന്ത്രി അത്തരം പരാമര്‍ശങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ കത്തിക്കുമെന്നും പ്രഖ്യാപിച്ചു.
ഉദയ്പൂര്‍ സുഖാഡിയ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ‘ഭാമ ഷാ സമ്മാന്‍ സരോഹ’ എന്ന പരിപാടിയില്‍ സംസാരിക്കവെ ആണ് മന്ത്രിയുടെ പരാമര്‍ശം.
‘ഞങ്ങള്‍ എല്ലാ ടെക്സ്റ്റ്ബുക്കുകളും പരിശോധിച്ചു. അതിലൊന്നും അക്ബറിനെക്കുറിച്ചുള്ള പരാമര്‍ശമില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ ആ ബുക്കുകള്‍ അഗ്നിക്കിരയാക്കും, അയാളൊരു റേപ്പിസ്റ്റും അക്രമകാരിയുമാണ്. അതിനാല്‍ അയാളെ മഹാന്‍ എന്ന് വിളിച്ചത് തന്നെ വലിയ മണ്ടത്തരമാണ്,’ ദിലവാര്‍ പറഞ്ഞു.
മുഗള്‍ ചക്രവര്‍ത്തി അക്ബറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മന്ത്രി മേവാറിനായി യുദ്ധം നയിച്ച മഹാറാണ പ്രതാപിന് അര്‍ഹിക്കുന്ന പരിഗണനയോ അംഗീകാരമോ ലഭിക്കാത്തതില്‍ ഖേദപ്രകടനം നടത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷമാദ്യം അക്ബറിനെ റേപ്പിസ്റ്റ് എന്ന വിളിച്ച ദിലവാറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്നത്തെ പ്രസംഗത്തില്‍ അക്ബര്‍ സ്ത്രീകളെ വില്‍പ്പനയ്ക്ക് വെക്കാന്‍ ‘മീനാ ബസാര്‍’ നടത്തിയിരുന്നെന്ന് പറഞ്ഞ ദിലാര്‍ ആ സ്ത്രീകളെ പിന്നീട് അദ്ദേഹം തന്നെ ബലാത്സംഗം ചെയ്തിരുന്നതായി മാധ്യമങ്ങളോട് അവകാശവാദം ഉന്നയിച്ചിരുന്നു.
അതിനാല്‍ തന്നെ ബി.ജെ.പി രാജസ്ഥാനില്‍ അധികാരത്തില്‍ വന്നതിനാല്‍ ‘അക്ബറിന്റെ മഹത്വം’പോലുള്ള അധാര്‍മിക പ്രസ്താവനകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് എടുത്ത് കളയുമെമെന്നും അഭിപ്രായപ്പെട്ടിരുന്നു.
അതുപോലെ തന്നെ വീര്‍ സവര്‍ക്കര്‍, ശിവജി തുടങ്ങിയ മഹാന്മാരെ തെറ്റിദ്ധരിപ്പിക്കുന്ന ധാരാളം പ്രസ്താവനകള്‍ ഉണ്ടെന്നും അവയെല്ലാം തിരുത്തുമെന്നും ദിലാവര്‍ അഭിപ്രായപ്പെട്ടിരുന്നു.