പൊലീസ് അവരുടെ അധികാരത്തിന്റെ ദണ്ഡ് കൻവാർ തീർത്ഥാടകർക്ക് കൈമാറിയിരിക്കുന്നു; യാത്രക്കിടെയുള്ള അക്രമസംഭവങ്ങളിൽ വ്യാപക പ്രതിഷേധം
national news
പൊലീസ് അവരുടെ അധികാരത്തിന്റെ ദണ്ഡ് കൻവാർ തീർത്ഥാടകർക്ക് കൈമാറിയിരിക്കുന്നു; യാത്രക്കിടെയുള്ള അക്രമസംഭവങ്ങളിൽ വ്യാപക പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th July 2024, 2:12 pm

ലഖ്നൗ: കൻവാർ യാത്ര കടന്ന് പോകുന്ന വഴികളിൽ റിപ്പോർട്ട് ചെയ്യുന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധം ശക്തം. അടുത്തിടെ ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ ഉണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കൂടെ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനങ്ങൾ ശക്തമായത്.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള പ്രമുഖർ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അക്രമികളെ കൈകാര്യം ചെയ്യുന്നതിന് പകരം അവർക്ക് റെഡ് കാർപറ്റൊരുക്കി സ്വാ​ഗതം ചെയ്യുകയാണ് പൊലീസും ഭരണകൂടവും ചെയ്യുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

അവർക്കെതിരെ നടപടിയെടുക്കാതെ അക്രമത്തിന് പിന്തുണ നൽകുകയാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ സംസ്ഥാനങ്ങളിൽ അക്രമം അഴിച്ചുവിടുന്നവർക്ക് അധികാരത്തിന്റെ ദണ്ഡ് കൈമാറിയാൽ അത് സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കുമെന്നും മറ്റൊരു ഉപഭോക്താവ് എക്സിൽ കുറിച്ചു.

കൻവാർ യാത്ര നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല എന്നത് ആശങ്കാജനകവും നിരാശാജനകവുമാണെന്നാണ് മറ്റൊരു പ്രതികരണം. ആചാരങ്ങൾ സംരക്ഷിക്കുന്നതിനും നിയമം പരിപാലിക്കുന്നതിനും സർക്കാർ ഒരു സന്തുലിത മാർഗം കണ്ടെത്തണമെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ ചൂണ്ടിക്കാട്ടുന്നു.

ഗാസിയാബാദിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ആക്രമണമാണ് കൻവാർ യാത്രയിൽ ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ട്. കൻവാർ യാത്ര കടന്നു പോകുന്നതിനിടെ തീർത്ഥാടകർക്കിടയിലൂടെ ഒരു കാർ അശ്രദ്ധമായി പ്രവേശിച്ചെന്ന് ആരോപിച്ച് സംഘം വാഹനം തല്ലി തകർക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പൊലീസ് ഇടപെടേണ്ട വിഷയത്തിൽ കൻവാർ തീർത്ഥാടകർ തന്നെ അധികാരം കൈയ്യിലെടുത്ത് പ്രതികാര നടപടി ചെയ്യുകയാണെന്നാണ് സോഷ്യൽ മീഡിയയയിൽ ഉയരുന്ന ആരോപണം. സംഭവത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൻവാർ തീർത്ഥാടനയാത്ര കടന്നു പോകുന്ന വഴികളിൽ മുസ്‌ലിങ്ങൾക്ക് നേരെ വലിയ ആക്രമണങ്ങൾ നടക്കുന്നതായി നേരത്തെ ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു. മുസാഫർനഗർ, സഹാറൻപൂർ, ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ രീതിയിലാണ് മുസ്‌ലിങ്ങൾ ആക്രമിക്കപ്പെടുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സഹാൻപൂരിൽ കട നടത്തുന്ന അമൻ കുമാറിനെ തീർത്ഥാടകർ ആക്രമിച്ചത് അയാളുടെ ബൈക്ക് കൻവാർ തീർത്ഥാടകർ ഗംഗ ജലം കൊണ്ട് പോകുന്ന കുടത്തിന്‌ മുകളിൽ തട്ടി എന്ന് പറഞ്ഞായിരുന്നു. അറിയാതെ സംഭവിച്ചതാണെന്നും അതിൽ മാപ്പ് പറഞ്ഞിട്ടും തീർത്ഥാടകർ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും ഇയാൾ രക്ഷപ്പെട്ടെങ്കിലും ഇയാളുടെ വാഹനം കാൻവാരിയർ തല്ലി തകർത്തു. കുമാറിന്റെ പരാതിയിൽ ഏഴു പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഹരിദ്വാറിൽ കൻവാരിയ തീർത്ഥാടകർ ഒരു ഓട്ടോ ഡ്രൈവറെ മർദിക്കുകയും, അദ്ദേഹത്തിന്റെ വാഹനം കേടു വരുത്തുകയും ചെയ്തു. എന്നാൽ സ്ഥലത്തുണ്ടായിരുന്നവർ ആക്രമണം തടയാൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മുസാഫർനഗറിൽ അടുത്തിടെ, സിവിൽ ലൈൻ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മീനാക്ഷി ചൗക്ക് ഏരിയയ്ക്ക് സമീപം ഒരു സംഘം കൻവാരിയർ മാനസിക വെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി മർദിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Content Highlight: Widespread protests over incidents during the Kanwar journey