കൊല്ലം: സംസ്ഥാനത്ത് നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക ആക്രമണം. പലയിടത്തും നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. കൊല്ലത്ത് പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി.
ബൈക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സി.പി.ഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പട്രോളിങ്ങിനിടെ യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.
പൊലീസിന്റെ ബൈക്കില്‍ ഹര്‍ത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു.
കണ്ണൂരില്‍ പത്രവാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഈരാറ്റുപേട്ടയില്‍ പൊലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് 100 പേരെ കരുതല്‍ തടങ്കലിലാക്കി. രാവിലെ മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ അനഖ എന്ന പതിനഞ്ച് വയസുകാരിക്ക് പരിക്കേറ്റു.
എന്നാല്‍, സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പൊലീസ് സഹായം തേടിയ ശേഷം സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്ന് യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം പി.എസ്.സി പരീക്ഷകള്‍ക്കടക്കം മാറ്റം ഇല്ലാത്തതിനാല്‍ പലയിടത്തും ആളുകളുടെ യാത്ര ദുരിതത്തിലായിട്ടുണ്ട്. ആക്രമണം ഉണ്ടായ ബസുകളിലെ യാത്രക്കാരും പെരുവഴിയിലാണ്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും കഴിഞ്ഞ ദിവസം നടന്ന എന്‍.ഐ.എ റെയ്ഡില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. എന്‍.ഐ.എ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശീയ-സംസ്ഥാന നേതാക്കളെ എന്‍.ഐ.എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം ആരോപിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍.എസ്.എസ് നിയന്ത്രിത ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഇന്ന് നടക്കുന്ന ഹര്‍ത്താലെന്നാണ് പി.എഫ്.ഐ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പറഞ്ഞത്.
Content Highlight: Widespread attack during Popular Front Attack in Kerala