നിയമം തിരിച്ചടിയായി; ഒന്നാമതെത്തിയിട്ടും കേരളത്തിന് യോഗ്യതയില്ല, രണ്ടാം സ്ഥാനത്തുള്ള മുംബൈ നേരിട്ട് ക്വാര്‍ട്ടറിലേക്ക്
Sports News
നിയമം തിരിച്ചടിയായി; ഒന്നാമതെത്തിയിട്ടും കേരളത്തിന് യോഗ്യതയില്ല, രണ്ടാം സ്ഥാനത്തുള്ള മുംബൈ നേരിട്ട് ക്വാര്‍ട്ടറിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th December 2023, 11:59 am

 

വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. 38 ടീമുകള്‍ പോരാടിയ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പത്ത് ടീമുകള്‍ മാത്രമാണ് നോക്ക് ഔട്ട് ഘട്ടത്തിന് യോഗ്യത നേടിയത്.

എ, ബി, സി, ഡി, ഇ എന്നീ ഗ്രൂപ്പുകളിലായാണ് 38 ടീമുകള്‍ പോരാടിയത്. എ, ബി, സി ഗ്രൂപ്പുകളില്‍ എട്ട് ടീം വീതവും ഡി, ഈ ഗ്രൂപ്പുകളില്‍ ഏഴ് ടീമുകളുമാണ് ഉണ്ടായിരുന്നത്.

ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിന് നേരിട്ട് യോഗ്യത നേടും. ഇവര്‍ നേടിയ പോയിന്റിന്റെയും നെറ്റ് റണ്‍ റേറ്റിന്റെയും അടിസ്ഥാനത്തില്‍ ഒന്ന് മുതല്‍ അഞ്ച് വരെ പട്ടികപ്പെടുത്തുകയും ചെയ്യും.

 

ഓരോ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാരെയും ഇത്തരത്തില്‍ പോയിന്റിന്റെയും നെറ്റ് റണ്‍ റേറ്റിന്റെയും അടിസ്ഥാനത്തില്‍ ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലായി പട്ടികപ്പെടുത്തുകയും ആറാം സ്ഥാനത്തുള്ള ടീം ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്കൊപ്പം നേരിട്ട് ക്വാര്‍ട്ടറിന് യോഗ്യത നേടുകയും ചെയ്യും.

ശേഷിക്കുന്ന നാല് ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരം കളിക്കുകയും ജയിക്കുന്ന ടീമുകള്‍ ക്വാര്‍ട്ടറിന് യോഗ്യത നേടുകയുമാണ് ചെയ്യുക.

എന്നാല്‍ ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തിട്ടും കേരളത്തിന് പ്രീ ക്വാര്‍ട്ടര്‍ കളിക്കേണ്ട അവസ്ഥയാണ്. അതേസമയം, കേരളത്തിന് പിന്നില്‍ രണ്ടാമതുള്ള മുംബൈ നേരിട്ട് ക്വാര്‍ട്ടര്‍ കളിക്കുകയും ചെയ്യുന്നു.

ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് വിജയവും രണ്ട് തോല്‍വിയുമായി 20 പോയിന്റാണ് മുംബൈക്കും കേരളത്തിനുമുള്ളത്. +1.553 എന്ന നെറ്റ് റണ്‍ റേറ്റ് കേരളത്തിനുള്ളപ്പോള്‍ +1.158 എന്ന നെറ്റ് റണ്‍ റേറ്റാണ് മുംബൈക്കുള്ളത്.

എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഹെഡ് ടു ഹെഡില്‍ വിജയിച്ചത് മുംബൈ ആയതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു. ഹെഡ് ടു ഹെഡ് മത്സരത്തിലെ അഡ്വാന്റേജ് എന്ന ബി.സി.സി.ഐ നിയമം കാരണമാണ് ഒന്നാമതെത്തിയിട്ടും കേരളത്തിന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാന്‍ സാധിക്കാതെ പോകാന്‍ കാരണം.

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ മഹാരാഷ്ട്രയെയാണ് കേരളത്തിന് നേരിടാനുള്ളത്. കേരളത്തെ പോലെ ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും രണ്ട് തോല്‍വിയുമാണ് മഹാരാഷ്ട്രക്കുമുള്ളത്. +0.985 എന്നതാണ് ടീമിന്റെ നെറ്റ് റണ്‍റേറ്റ്.

വിജയ് ഹസാരെ ട്രോഫി നോക്ക് ഔട്ട് മത്സരങ്ങള്‍

പ്രീ ക്വാര്‍ട്ടര്‍ 1 – ഡിസംബര്‍ 9: ബംഗാള്‍ vs ഗുജറാത്ത്

പ്രീ ക്വാര്‍ട്ടര്‍ 2 – ഡിസംബര്‍ 9 : കേരളം vs മഹാരാഷ്ട്ര

 

ക്വാര്‍ട്ടര്‍ ഫൈനല്‍ 1 – ഡിസംബര്‍ 11: ഹരിയാന vs TBD

ക്വാര്‍ട്ടര്‍ ഫൈനല്‍ 2 – ഡിസംബര്‍ 11: രാജസ്ഥാന്‍ vs TBD

ക്വാര്‍ട്ടര്‍ ഫൈനല്‍ 3 – ഡിസംബര്‍ 11: വിദര്‍ഭ vs കര്‍ണാടക

ക്വാര്‍ട്ടര്‍ ഫൈനല്‍ 4 – ഡിസംബര്‍ 11: മുംബൈ vs തമിഴ്നാട്

വിജയ് ഹസാരെ ട്രോഫി സെമി ഫൈനല്‍ മത്സരങ്ങള്‍

സെമി ഫൈനല്‍ 1 – ഡിസംബര്‍ 13 : Winner of QF 1 vs Winner of QF4

സെമി ഫൈനല്‍ 2 – ഡിസംബര്‍ 14 : Winner of QF 2 vs Winner of QF3

 

വിജയ് ഹസാരെ ട്രോഫി ഫൈനല്‍ – ഡിസംബര്‍ 16: Winner of SF 1 vs Winner of SF2

 

Content highlight: Why Kerala didn’t qualify for Vijay Hazare Trophy’s quarter final directly?