ദോഹ: ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ഷിബാനി. വീഴചയില്‍ നിന്ന് കരകയറാന്‍ യു.എസ് ഉപരോധം ഒരു തടസമാണെന്ന് ഷിബാനി കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഉപരോധം പിന്‍വലിക്കാന്‍ യു.എസിനോട് ആവശ്യപ്പെട്ടതായും ഷിബാനി ഖത്തര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
സിറിയ പുനര്‍നിര്‍മിക്കുക, അറബ്-വിദേശ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുക, പൗരാവകാശവും അടിസ്ഥാന സൗകര്യങ്ങളും നേടിയെടുക്കാന്‍ സിറിയന്‍ ജനതയെ പ്രാപ്തരാക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഷിബാനി പറഞ്ഞു.
ഉപരോധങ്ങള്‍ സിറിയന്‍ ജനതയ്ക്ക് എതിരായി മാറിയിരിക്കുകയാണ്. ഇത് അവസാനിപ്പിച്ചാല്‍ മാത്രമേ രാജ്യങ്ങളുടെ പുനര്‍നിര്‍മാണം സാധ്യമാകുകയുള്ളൂ, അതിന് തങ്ങളുടെ ഇടക്കാല സര്‍ക്കാര്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഷിബാനി പറഞ്ഞു.
ഇന്നലെ (ഞായറാഴ്ച)യാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച നടന്നത്. പ്രതിരോധ മന്ത്രി മുര്‍ഹഫ് അബു ഖസ്റ, ഇന്റലിജന്‍സ് മേധാവി അനസ് ഖത്താബ് തുടങ്ങിയവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
ഷിബാനി നടത്തുന്ന രണ്ടാമത്തെ വിദേശ സന്ദര്‍ശനമായിരുന്നു ഖത്തറിലേത്. സൗദി അറേബ്യയാണ് ഷിബാനി ആദ്യം സന്ദര്‍ശിച്ചത്. വരും ദിവസങ്ങളില്‍ യു.എ.ഇ, ജോര്‍ദാന്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.
നേരത്തെ സിറിയയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഇനിയും നാല് വര്‍ഷം കാത്തിരിക്കണമെന്ന് ജുലാനി അറിയിച്ചിരുന്നു. രാജ്യത്ത് യോഗ്യരായ വോട്ടര്‍മാരുടെ എണ്ണം കൃത്യമായി മനസിലാക്കി പുതിയ സെന്‍സസ് നടത്തേണ്ടതിനാല്‍ നാല് വര്‍ഷത്തെ സാവകാശം വേണമെന്നും ജുലാനി പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിന് പുറമെ പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ മൂന്ന് വര്‍ഷം വരെ എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം അമേരിക്കയില്‍ അധികാരമേറ്റാല്‍ സിറിയക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജുലാനി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിറിയന്‍ വിദേശകാര്യ മന്ത്രിയും സമാനമായ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.
Content Highlight: US Must End Sanctions Against Syria: Syrian Foreign Minister in qatar