തിരുവനന്തപുരത്തെ മുട്ടത്തറയിലെ മത്സ്യതൊഴിലാളികൾക്കായുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ ബീമാപള്ളിക്കാർ ഇല്ലാത്തതെന്ത്?
DEEP REPORTING
തിരുവനന്തപുരത്തെ മുട്ടത്തറയിലെ മത്സ്യതൊഴിലാളികൾക്കായുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ ബീമാപള്ളിക്കാർ ഇല്ലാത്തതെന്ത്?
ഹരികൃഷ്ണ ബി
Tuesday, 20th November 2018, 11:39 pm

ഓഖി ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായി തിരുവനന്തപുരം മുട്ടത്തറയില്‍ സംസ്ഥാന സര്‍ക്കാര്‍ 192 ഫ്ളാറ്റുകളാണ് നിര്‍മ്മിച്ച് നല്‍കിയത്. രണ്ട് ഏക്കറോളം വരുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ ഇപ്പോള്‍ 178 ഫ്ളാറ്റുകളില്‍ താമസക്കാരുണ്ട്. ബാക്കിയുള്ള ഫ്ളാറ്റുകളില്‍ അധികം വൈകാതെ തന്നെ താമസക്കാര്‍ എത്തുമെന്നാണ് അറിയുന്നത്.

ബാക്കിയുള്ളവര്‍ രണ്ട് മാസത്തോളമായി ഇവിടെ താമസമായിട്ട്. കടലാക്രമണവും സുനാമിയും ഓഖി വിതച്ച നാശനഷ്ടങ്ങളുമാണ് ഇവരെ അഭയാര്‍ത്ഥികളുടേതിന് സമാനമായ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത്. വലിയതുറ പരിസരത്തുള്ള സ്‌കൂളുകളിലും വാടകവീടുകളിലും ഏറെനാളുകളായി ഇവര്‍ താമസിച്ചു വരികയായിരുന്നു. മൂന്ന് വര്‍ഷകാലത്തോളം വരെ, മറ്റു താമസസൗകര്യം ലഭിക്കാത്തതിനാല്‍ സ്‌കൂളുകളില്‍ മാത്രമായി കഴിയേണ്ടി വന്നവരും ഇക്കൂട്ടത്തിലുണ്ട്. കടലിനോടു മല്ലിട്ട് ദൈനംദിന ജീവിതം തള്ളിനീക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സ്വസ്ഥമായി കഴിയാന്‍ ഒരു വീടെന്ന സ്വപ്നം വിദൂരമായിരുന്നു.

അര്‍ഹരരായ മത്സ്യതൊഴിലാളികളെ കണ്ടെത്തി ഫ്‌ളാറ്റുകളുടെ താക്കോലുകള്‍ കൈമാറിയ സര്‍ക്കാര്‍ തങ്ങളുടെ നേട്ടത്തെ രാഷ്ട്രീയപരമായി ഉപയോഗിക്കാനുള്ള ശ്രമവും നടത്തുകയുണ്ടായി. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ ഉദ്ഘാടനം ചെയ്ത ഒക്ടോബര്‍ 31ന് തന്നെയാണ് മുട്ടത്തറ ഫ്‌ലാറ്റ് സമുച്ചയവും കേരളത്തിന്റെ ഇടതുപക്ഷ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഉദ്ഘാടനം നടന്നു അല്പനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഫ്‌ളാറ്റുകളുടെ ഗുണനിലവാരത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഫ്ളാറ്റുകളില്‍ ടൈലുകളുടെ പണി പൂര്‍ത്തിയായിട്ടില്ലെന്നും, പലരുടെയും കൈയില്‍ നിന്നും താക്കോലുകള്‍ തിരികെ വാങ്ങിച്ചുവെന്നും കഥകള്‍ പരന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചറിയാനാണ് ഡൂള്‍ന്യൂസ് തിരുവനന്തപുരത്ത് മുട്ടത്തറയിലെത്തിയത്.

Also Read ബി.ജെ.പി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്തെത്തിയ എട്ട് പേര്‍ കരുതല്‍ തടങ്കലില്‍

വീടുകളുടെ നിര്‍മ്മാണ ജോലികള്‍ മുക്കാലും പൂര്‍ത്തിയായെങ്കിലും ഇപ്പോഴും പല വീടുകളിലും ടൈലുകള്‍ പാകിയിട്ടില്ല. എന്നാല്‍ ഭൂരിഭാഗം താമസക്കാരും ഈ പ്രശ്നങ്ങള്‍ വലിയ കാര്യമാക്കുന്നില്ല എന്ന മട്ടിലാണ് പ്രതികരിച്ചത്. തങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടതാണെന്നു ഇവര്‍ പറയുന്നു.വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തിരുവനന്തപുരം മുനിസിപ്പാലിറ്റിയുടെ വണ്ടികള്‍ എത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇവിടെയുള്ള ചിലര്‍ പറയുന്നുണ്ട്. അത് തങ്ങള്‍ പറയേണ്ട താമസമേ ഉള്ളുവെന്നും അപ്പോള്‍ തന്നെ മുനിസിപ്പാലിറ്റി വണ്ടികള്‍ വന്ന് വേസ്റ്റ് ശേഖരിച്ചുകൊള്ളുമെന്നും ഇവര്‍ പറയുന്നുണ്ടെങ്കിലും, അങ്ങനെയൊരു തീരുമാനമെടുത്തതിനെ കുറിച്ച് തങ്ങള്‍ക്കാര്‍ക്കും യാതൊരു അറിവുമില്ലെന്നാണ് ഭൂരിപക്ഷം താമസക്കാരും പറയുന്നത്. മിക്ക ഫ്ളാറ്റുകളിലും മാലിന്യങ്ങള്‍ കളയാനാകാതെ സൂക്ഷിച്ചു വെക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. മാലിന്യങ്ങള്‍ എങ്ങനെയാണ് നീക്കം ചെയ്യേണ്ടതെന്നതിനെ കുറിച്ച് തങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്നും ഇവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ഞങ്ങള്‍ക്ക് വേണമെങ്കില്‍ ചവറ് തൊട്ടപ്പുറത്ത് കൊണ്ട് തള്ളാവുന്നതേയുള്ളു. അങ്ങനെ ചെയ്തിട്ട് പിന്നെ ഞങ്ങളെ കുറ്റം പറയാന്‍ വരരുത്. അങ്ങനെ ചെയ്തിട്ട് കാര്യവുമില്ല. അവസാനം ചുറ്റും ചവറുകൂട്ടിയിട്ടിട്ട് ഞങ്ങള്‍ തന്നെ നാറാന്‍ തുടങ്ങും. അങ്ങനെ ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. എത്രയും പെട്ടെന്ന് വേസ്റ്റിടാന്‍ ഇവിടെ ബോക്സുകള്‍ കൊണ്ട് വെക്കണം. അതാണ് ഒരു വഴി. കടലിലും ചവറ് തള്ളാന്‍ ഞങ്ങള്‍ക്കിനി പറ്റൂല. കടല്‍ കടലമ്മയാണ്. ഞങ്ങള്‍ക്ക് അന്നം തരുന്നത് കടലാണ്. അവിടം വൃത്തികേടാക്കാന്‍ ഞങ്ങളില്ല. ഞങ്ങള്‍ക്കതിന് കഴിയില്ല” മുട്ടത്തറ ഫ്‌ലാറ്റ്‌സമുച്ചയത്തില്‍ താമസമാക്കിയ വലിയതുറ സ്വദേശി ബാബു പറയുന്നു.

ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിലെ മാലിന്യം

മുട്ടത്തറ ഫ്‌ലാറ്റ് സമുച്ചയത്തിനുള്ളില്‍ തന്നെ മാലിന്യം നിക്ഷേപിക്കാനായി എയ്റോ ബിന്നുകള്‍ സ്ഥാപിക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി ഇതുവരെ എങ്ങും എത്തിയിട്ടില്ല. വലിയതുറ മാര്‍ക്കറ്റിനു സമീപം ഇപ്പോള്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി മൊബൈല്‍ ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ആവശ്യാനുസരണം സ്ഥലംമാറ്റി വെക്കാവുന്നവയാണ്.

വലിയതുറ മാര്‍ക്കറ്റില്‍ എയ്റോ ബിന്‍ സ്ഥാപിച്ച ശേഷം ഇവിടെയുള്ള മൊബൈല്‍ ബിന്നുകള്‍ ഫ്‌ലാറ്റ് സമുച്ചയത്തിലേക്ക് മാറ്റി സ്ഥാപിക്കാനാണ് ഫിഷറീസ് വകുപ്പ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആദ്യം എയ്റോ ബിന്നുകള്‍ സ്ഥാപിക്കാന്‍ സ്ഥലപരിമിതി തടസ്സമായി വന്നപ്പോഴാണ് ഫിഷറീസ് വകുപ്പ് ഇങ്ങനെ മാറി ചിന്തിച്ചത്. സ്ഥലപരിമിതി അപ്പോഴും പ്രശ്നം തന്നെയാണെങ്കിലും, ബിന്നുകള്‍ സ്ഥാപിക്കാനുമുള്ള തീരുമാനം ഇതുവരെ പ്രവര്‍ത്തികമായിട്ടില്ല.

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനോടൊപ്പം തന്നെ സുരക്ഷിതത്വവും ഇവര്‍ നേരിടുന്ന മറ്റൊരു പ്രശ്നമാണ്. രണ്ട് ഏക്കറില്‍ എട്ടോളം കോംപ്ലക്സുകളിലായി 192 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. ഇവിടെ ഇപ്പോള്‍ താമസം തുടങ്ങിയ കുടുംബങ്ങളില്‍ അനേകം സ്ത്രീകളും കുട്ടികളുമുണ്ട്. ഇവര്‍ക്ക് പേടികൂടാതെ സ്വസ്ഥമായി താമസിക്കാന്‍ സ്ഥലത്തിന് വേണ്ടത്ര സുരക്ഷിതത്വം ആവശ്യമുണ്ട്. അതിനായി ചുരുങ്ങിയത് രണ്ടു സെക്യൂരിറ്റികളെയെങ്കിലും ഇവിടേക്കായി നിയമിക്കണം എന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.

Also Read നിലയ്ക്കലില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കും; ഒരു കോടിയിലേറെ ഒപ്പ് ശേഖരണം നടത്തുമെന്നും ശ്രീധരന്‍പിള്ള

“മിനിമം രണ്ടു സെക്യൂരിറ്റി എങ്കിലും ഇവിടെ വേണം. ഞങ്ങടെ പെണ്ണുങ്ങള്‍ക്കും മക്കള്‍ക്കും സ്വസ്ഥമായും അന്തസ്സായും ഇവിടെ ജീവിക്കണം. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. കടലില്‍ പോയി തിരയോടും കാറ്റിനോടും മല്ലിട്ട് കുടുംബം പുലര്‍ത്തുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് അന്തസോടെയും അഭിമാനത്തോടെയും തലയുയര്‍ത്തിതന്നെ ഇവിടെ കഴിയണം.” ബാബു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

 

താമസം തുടങ്ങിയവരില്‍ കുറച്ച് പേര്‍ സ്വന്തം കൈയില്‍ നിന്നും പണം ചിലവാക്കിയാണ് ടൈലുകളുടെയും മറ്റു ബാക്കി നില്ക്കുന്ന പണികളും പൂര്‍ത്തിയാക്കുന്നത്. ഭൂരിഭാഗം വീടുകളിലും ഭാഗികമായി മാത്രമാണ് അടുക്കളയിലെയും മറ്റും അലമാരകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തം നിലയില്‍ വീടുകളുടെ ബാക്കി നില്‍ക്കുന്ന പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. ബാക്കി നില്‍ക്കുന്ന നിര്‍മ്മാണജോലികള്‍ എന്ന് പൂര്‍ത്തിിയാക്കും എന്നതിനെക്കുറിച്ച് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ഇവര്‍ക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള സൗകര്യങ്ങള്‍ വെച്ച് ഇവിടെ ജീവിതം കെട്ടിപ്പടുക്കാം എന്ന ചിന്തയിലാണ് മത്സ്യത്തൊഴിലാളികള്‍.

“ഫ്ളാറ്റുകള്‍ അനുവദിച്ച് കിട്ടിയതില് ഒരുപാട് നന്ദിയുണ്ട്. അതിനു സര്‍ക്കാരിനോടും മേഴ്‌സികുട്ടിയമ്മയോടും ഒരുപാട് നന്ദി പറയുന്നു. അടിപൊളി വീടുകള് തന്നെയാണ് ഇപ്പൊ കിട്ടിയിരിക്കുന്നത്. ഈ ടൈലിന്റെയും വേസ്റ്റിന്റെയും പ്രശ്‌നം മാത്രം ഒന്ന് ശരിയാക്കിത്തന്നാല്‍ മതി. ബാക്കിയെല്ലാം അടിപൊളിയാണ്” ചെറിയത്തോപ്പ് സ്വദേശിനി ബേബി ജോസഫ് പറയുന്നു.

ഫ്ലാറ്റിലേക്ക് താമസം മാറിയ ബേബി ജോസഫ്

ഫ്ലാറ്റുകളിലെ താമസക്കാര്‍ എല്ലാവരും ചേര്‍ന്ന് അസോസിയേഷന്‍ രൂപീകരിക്കാനും അതുവഴി മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനും ശ്രമിക്കുകയാണ് ഇവരിപ്പോള്‍. അതേസമയംതന്നെ എല്ലാ താമസക്കാരില്‍ നിന്നും പണം ശേഖരിച്ച് സെക്യൂരിറ്റിയെ നിയമിക്കാനും അതുവഴി സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.

വലിയതുറ, ചെറിയതുറ, വലിയതോപ്പ്, ചെറിയതോപ്പ് എന്നീ ദുരന്തം നേരിട്ട പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടത്. എന്നാല്‍ ഈ സമയത്താണ് മുട്ടത്തറയോട് ചേര്‍ന്നുള്ള ബീമാപള്ളിയിലെ മത്സ്യതൊഴിലാളികളെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയതായി അഭ്യൂഹങ്ങള്‍ ഉയരുന്നത്. ബീമാപള്ളിയും മറ്റു പ്രദേശങ്ങളെ പോലെത്തന്നെ ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ ഏറ്റുവാങ്ങിയിട്ടും എന്താണ് സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുന്നതെന്നു ബീമാപള്ളി സ്വദേശത്തെ മത്സ്യതൊഴിലാളികള്‍ ചോദിക്കുന്നു.

 

തകർന്നുകിടക്കുന്ന ബീമാപള്ളിയിലെ വീടുകൾ

കൂടുതലും മതപരിവര്‍ത്തനം നടത്തിയ ദളിത് മുസ്ലിങ്ങളാണ് ബീമാപള്ളി പരിസരത്ത് താമസിക്കുന്ന മത്സ്യതൊഴിലാളികള്‍. കടല്‍ കൈയേറ്റത്തിലും ഓഖി കൊടുങ്കാറ്റിലുമായി ഇരുന്നൂറില്‍ കൂടുതല്‍ കുടുംബങ്ങളുടെ വീടുകളാണ് നഷ്ടപെട്ടത്. ഇരുപത് മുതല്‍ മുപ്പത് വരെ അനേകം വീടുകളാണ് ഇവിടെ നശിച്ചത്. ഇതിനു പരിഹാരം തേടി ഇവര്‍ വില്ലേജ് ഓഫീസിലും മറ്റും ഫോട്ടോയും രേഖകളും വെച്ച് പരാതി നല്‍കിയിരുന്നു എന്നാല്‍ ഇതുവരെ ഇവര്‍ക്ക് വേണ്ടി ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതേ ആവശ്യവുമായി ബീമാപള്ളി പള്ളിയുടെ മഹല്‍ ജമാ അത്തിനെയും ഇവര്‍ കണ്ടിരുന്നു. ബീമാപ്പള്ളിയില്‍ ഉള്ള മത്സ്യതൊഴിലാളികള്‍ക്കായിട്ടുള്ള വീടും സ്ഥലവും പിന്നീട് നല്‍കുമെന്നും, ചെറിയതുറ, വലിയതുറ, ചെറിയത്തോപ്പ്, വലിയത്തോപ്പ് എന്നീ പ്രദേശങ്ങളിലുള്ള തീരദേശവാസികള്‍ക്ക് സ്ഥലവും താമസവും അനുവദിച്ചതിനു ശേഷമായിരിക്കും ഇത് നല്‍കുക എന്നും ജമാ അത്ത് തങ്ങളെ അറിയിച്ചതായി ഇവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Also Read ശബരിമലയിലെ പ്രതിഷേധം; ആര്‍.എസ്.എസ് നേതാവിന് സസ്‌പെന്‍ഷന്‍

എന്നാല്‍ ബീമാപള്ളിയിലുള്ള മത്സ്യതൊഴിലാളികളുടെ ക്ഷേമവും നന്മയും മാത്രമാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും, അതിനു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ജമാ അത്ത് പറഞ്ഞു. മത്സ്യത്തൊഴിലാളിള്‍ക്ക് ഒരു തരത്തിലുമുള്ള ദോഷവും വരുത്താന്‍ തങ്ങള്‍ ശ്രമിക്കുകയില്ല. ബീമാപള്ളിയിലുള്ള ജനങ്ങള്‍ക്ക് വീടുകള്‍ നല്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ വിമുഖത കാണിച്ചാല്‍ മാത്രം തങ്ങള്‍ പ്രതിഷേധത്തിന് തുടക്കമിടും. കൂടുതല്‍ പ്രതികരിക്കാന്‍ തയാറാകാതെ ബീമാപള്ളി മഹല്‍ ജമാ അത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ബീമാപള്ളി ജമാ അത്ത്

എന്നാല്‍ പള്ളിയുടെ ജമാ അത്ത് വര്‍ഷത്തിലൊരിക്കല്‍ മാറുമെന്നും അതിനാല്‍ തന്നെ അവരെടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നും തങ്ങള്‍ക്കിപ്പോള്‍ മനസിലായതായി പ്രദേശവാസികള്‍ പറയുന്നു. ജമാ അത്ത് തന്നെ ഒരു ഉറപ്പില്ലാത്ത സംഘടനയാണെന്നും ഇവര്‍ പറയുന്നു.

ബീമാപ്പള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ തികച്ചും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് കഴിയുന്നത്. ഇവിടെയുണ്ടായിരുന്ന മിക്കവരും ബന്ധുക്കളുടെ വീടുകളും വലിയ വാടക കൊടുത്ത് മറ്റു വീടുകളിലുമാണ് ഇപ്പോള്‍ കഴിയുന്നത്. അവശേഷിക്കുന്നവര്‍ തീരത്തിന്റെ ഉള്ളിലേക്കായി വീടുകളുള്ളവരാണ്. ഇവരില്‍ മിക്കവരുടെയും വീടുകള്‍ ഭാഗികമായി തകര്‍ന്ന നിലയിലുമാണ്. പ്രായമായവരും, കുട്ടികളും ഉള്‍പ്പെടെ ഇപ്പോള്‍ തകര്‍ന്നു വീഴാറായ ഈ വീടുകളിലാണ് കഴിയുന്നത്.

മുട്ടത്തറയില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകളിലേക്ക് പോകാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും വ്യക്തമായ മറുപടി നല്‍കാന്‍ തയാറായില്ല. തങ്ങളുടെ കുട്ടികളുടെ നല്ല വിദ്യാഭ്യാസവും താമസസൗകര്യവുമാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ ഇവര്‍, ബീമാപള്ളി പരിസരത്ത് തന്നെ താമസിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും മുട്ടത്തറയിലേക്കോ മറ്റു പ്രദേശങ്ങളിലേക്കോ പോകാന്‍ തങ്ങള്‍ക്ക് വലിയ താല്പര്യമില്ല എന്നുള്ള സൂചനയാണ് നല്കിയത്. എന്നാല്‍ വീണ്ടും ചോദ്യം വന്നപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുമുള്ള മത്സ്യതൊഴിലാളികളുമായി താമസിക്കാന്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ല എന്നും ഇവര്‍ മടിയോടെ പറഞ്ഞു.

“അങ്ങോട്ട് പോകാന്‍ പ്രശ്നമൊന്നുമില്ല,പക്ഷെ ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്ഥലത്ത് തന്നെ താമസിക്കുന്നതാണ് ഇഷ്ടം” ബീപ്പള്ളി തീരദേശ സ്വദേശി നസീം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ബീമാപള്ളി തീരദേശ സ്വദേശി നസീം

കടലാക്രമണത്തിലും സുനാമിയിലുമായിയിലുമായി 4 അടി താഴ്ചയിലാണ് ബീമാപള്ളിയില്‍ നിന്നും മണ്ണ് ഒലിച്ചുപോയത്. തിരുവനന്തപുരത്തെ തീരദേശ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായി സ്ഥലം. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 5 ഏക്കറോളം ഭൂമിയില്‍ പുനരധിവാസത്തിനായി ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിര്‍മ്മാണജോലികള്‍ ഏതാണ്ട് പകുതിയായപ്പോഴേക്കും ബീമാപള്ളിക്കാരെ തഴയുകയായിരുന്നു. ബീമാപള്ളി ഈസ്റ്റ് വാര്‍ഡ്(മുട്ടത്തറ വില്ലേജ്) കൗണ്‍സിലര്‍ സജീന ടീച്ചര്‍ പറയുന്നു.

 

“50 ശതമാനത്തോളം പണി പൂര്‍ത്തിയായപ്പോഴാണ് നാല് പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമേ വീടുള്ളൂ എന്ന് സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ പക്ഷെ ബീമാപള്ളിക്കാര്‍ ഉണ്ടായിരുന്നില്ല. ഇനി തീരുമാനം മാറ്റാനാവില്ല എന്നും സര്‍ക്കാര്‍ അറിയിച്ചു. വലിയതുറ, വെട്ടുകാട്, കൊച്ചുവേളി, വേളി എന്നിവിടങ്ങളില്‍ നിന്നുള്ള വീടുകള്‍ നഷ്ടപെട്ട മത്സ്യതൊഴിലാളികളെയാണ് അന്നീ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബീമാപ്പള്ളിയില്‍ മാത്രം വീട് നഷ്ടപെട്ടവരില്‍ 86 പേര്‍ ഇപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിലാണ്. 280 പേര്‍ക്കാണ് ബീമാപള്ളിയില്‍ ഓഖിയിലും സുനാമിയിലുമായി വീടുകള്‍ നഷ്ടപെട്ടത്. എന്നാല്‍ ഇപ്പോള്‍ വീടുകള്‍ കിട്ടിയ ആള്‍ക്കാരോട് ഞങ്ങള്‍ക്ക് ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. അവരും വീട് നഷ്ടപെട്ടവരാണ്. അവര്‍ക്ക് അവകാശപ്പെട്ടത് തന്നെയാണ് കിട്ടിയത്? പക്ഷെ ഒരു വിഭാഗത്തിനെ മാത്രം എന്തുകൊണ്ടാണ് അവഗണിക്കുന്നത്?” എന്നാല്‍ ബീമാപള്ളിക്കാര്‍ക്ക് ബീമാപള്ളിയില്‍ തന്നെയും, പൂന്തുറ പ്രദേശത്ത് വീട് ലഭിക്കാത്തവര്‍ക്ക് തിരുവനന്തപുരത്തു തന്നെയുള്ള പൊഴി എന്ന സ്ഥലത്തും സ്ഥലം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി സജീന ടീച്ചര്‍ പറയുന്നു. ഇവിടെ അധികം താമസിയാതെ തന്നെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി സജീന ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. പൂന്തുറ തീരദേശപ്രദേശത്ത് കഴിയുന്നത് കൂടുതലും ഹിന്ദുമതത്തില്‍ പെട്ടവരാണ്.

ബീമാപള്ളി ഈസ്റ്റ്(മുട്ടത്തറ) വാർഡ് കൗൺസിലർ സജീന ടീച്ചർ

മതപരമായോ ജാതിപരമായോ ഉള്ള വേര്‍തിരിവുകളാണോ ഇതിനു പിന്നിലുള്ളതെന്നു തനിക്കറിയില്ലെന്നും കൗണ്‍സിലര്‍ സജീന പറയുന്നു. തന്റെ അറിവുപ്രകാരം ബീമാപള്ളി തീരദേശത്തുള്ളവരും മറ്റു പ്രദേശത്തുള്ളവരും സ്‌നേഹത്തോടെയും സാഹോദര്യത്തോടെയുമാണ് കഴിയുന്നത്. എന്നാല്‍ 2009ല്‍ നടന്ന ബീമാപള്ളി വെടിവെപ്പ് സംഭവത്തിന് ശേഷം ചെറിയ പ്രശ്‌നങ്ങള്‍ ബീമാപള്ളിയെ സംബന്ധിച്ച് ഉണ്ടായിക്കാണാം എന്നും ഇവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. ആദ്യം 5 ഏക്കര്‍ എന്നാണു പറഞ്ഞിരുന്നതെങ്കിലും ബാക്കിയുള്ള രണ്ടര ഏക്കര്‍ സ്ഥലം വികലാംഗകോളനിക്ക് അനുവദിക്കാന്‍ തീരുമാനിച്ചതിനാല്‍ അനുവദിച്ച സ്ഥലം പിന്നെയും ചുരുങ്ങി.

സ്ഥലം കണ്ടു കിട്ടാത്തത് മാത്രമാണ് ബീമാപള്ളിയിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ തടസ്സം എന്നാണു ഫിഷറീസ് വകുപ്പ് പറയുന്നത്. സ്ഥലം കണ്ടു കിട്ടിയാല്‍ അപ്പോള്‍ തന്നെ നിര്‍മ്മാണ ജോലികള്‍ തുടങ്ങുമെന്നും ബാക്കിയെല്ലാ നടപടികളും കൃത്യമായാണ് നടക്കുന്നതെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സന്തോഷ് കുമാര്‍ പറയുന്നു.

Also Read സിഖ് വിരുദ്ധ കലാപം; മുഖ്യപ്രതിക്ക് വധശിക്ഷ

 

“ബീമാപള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ തീര്‍ച്ചയായും ദുരന്തബാധിതര്‍ തന്നെയാണ്. അത് ഞങ്ങള്‍ നിഷേധിക്കുന്നൊന്നുമില്ല. പക്ഷെ സ്ഥലം ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അതാണ് ഇപ്പോഴുള്ള പ്രശ്‌നം. മതപരമായുള്ള പ്രശ്‌നങ്ങളൊന്നും അവിടെയില്ല. വര്‍ഗീയമായുള്ള വിഭാഗീയതയൊന്നുമല്ല പ്രശ്‌നം. എനിക്കുള്ള വ്യക്തിപരമായ ഒരു വിഷമം ഞാന്‍ പറയാം. ഞങ്ങളിത്രേം കഷ്ടപ്പെട്ട് ഇങ്ങനെയൊരു ഒരു സ്ഥലം കണ്ടെത്തി വീട് വെച്ചു നല്‍കിയിട്ടും ഇത്തരത്തിലാണ് പ്രതികരണം. അത് കഷ്ടമാണ്. ചില്ലറ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുള്ളത് ശരിയാണ്. കുറച്ചുപേര്‍ താമസിക്കാന്‍ തടസ്സം നേരിട്ടതും അതിനാലാണ്. ചില വീടുകളില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കിയതില്‍ തകരാര്‍ സംഭവിച്ചു. അപ്പോഴാണ് താക്കോലുകള്‍ തിരികെ വാങ്ങിയത്. നാല് ദിവസത്തേക്ക് മാത്രം. മീറ്ററുകള്‍ മാറ്റി വെച്ചതിനു ശേഷം താക്കോലുകള്‍ ഞങ്ങള്‍ തിരികെ ഏല്‍പ്പിച്ചു” സന്തോഷ് കുമാര്‍ പറഞ്ഞു.

എന്നാല്‍ സത്യാവസ്ഥ മുട്ടത്തറയില്‍ ഫ്‌ലാറ്റ് സമുച്ചയത്തിനോട് തൊട്ടടുത്തുതന്നെ നെറ്റ് ഫാക്ടറിയോടു ചേര്‍ന്ന് 15 ഏക്കര്‍ ഭൂമിയുണ്ടെന്നതാണ്. ഈ ഭൂമി സര്‍ക്കാര്‍ ബി.എസ്.സി നഴ്സിംഗ് കോളേജിന് അനുവദിക്കുകയായിരുന്നു. ഈ സ്ഥലത്തിനു പുറമെ ബീമാപള്ളിയുടെ കിഴക്കുഭാഗത്ത് 36 ഏക്കര്‍ ഭൂമി തരിശായി കിടക്കുകയാണ്. ആകാശവാണിയുടെ കീഴിലുള്ള ഈ ഭൂമി കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ഇപ്പോഴുള്ളത്. സ്വകാര്യവ്യക്തികളുടെ ഭൂമിയും വിലകൊടുത്ത് സര്‍ക്കാരിന് വാങ്ങാവുന്നതാണ്. ഇങ്ങനെ പല വഴികളും മുന്നിലുള്ളപ്പോഴാണ് ബീമാപള്ളിക്കാരോട് ഇത്തരത്തിലൊരു അവഗണന സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നത്.

ഹരികൃഷ്ണ ബി
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, വീഡിയോഗ്രാഫിയില്‍ പരിശീലനം നേടി, ഏഷ്യാനെറ്റ് ന്യൂസില്‍ രണ്ടുവര്‍ഷം ക്യാമറാമാനായി പ്രവര്‍ത്തിച്ചു, നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍