Advertisement
national news
ഇതൊരു തുടക്കം മാത്രം; വോട്ടെടുപ്പിന് മുമ്പേ ഉറപ്പിച്ച ഉപതെരഞ്ഞെടുപ്പ് ജയമാണെങ്കിലും ഉദ്ധവ് താക്കറെക്ക് ആഘോഷിക്കാന്‍ ഏറെയുണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 06, 02:48 pm
Sunday, 6th November 2022, 8:18 pm

മുംബൈ: ബി.ജെ.പിയുടെ പിന്തുണയോടെ ഏക്‌നാഥ് ഷിന്‍ഡെ അധികാരം പിടിച്ചെടുത്തതിന് ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടാനായതിന്റെ ആഹ്ലാദത്തിലാണ് ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം.

ഈസ്റ്റ് അന്ധേരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റുതുജ ലഡ്‌കേ 66,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശിവസേന എം.എല്‍.എയായിരുന്ന രമേഷ് ലഡ്‌കേ മേയില്‍ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബി.ജെ.പി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നതിനാല്‍ ഈ മണ്ഡലത്തില്‍ കാര്യമായ മത്സരത്തില്‍ നടന്നിരുന്നില്ല. എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയും രമേഷിന്റെ ജീവിതപങ്കാളിയായ റുതുജക്ക് ഉണ്ടായിരുന്നു.

രമേഷ് ലഡ്‌കേയോടുള്ള ബഹുമാനത്തിന്റെ പുറത്താണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതെന്നായിരുന്നു ബി.ജെ.പി അറിയിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ മുര്‍ജി പട്ടേല്‍ 45,000 വോട്ടിനെങ്കിലും തോല്‍ക്കുമെന്ന് സര്‍വേ നടത്തിയപ്പോള്‍ ബി.ജെ.പിക്ക് മനസിലായെന്നും അതാണ് പിന്‍വലിക്കാന്‍ കാരണമെന്നായിരുന്നു ശിവസേന എം.പി സഞ്ജയ് റാവത്ത് പ്രതികരിച്ചിരുന്നത്. തോല്‍ക്കുമെന്ന് ഉറപ്പായ ബി.ജെ.പി മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് ഈ നീക്കം നടത്തുന്നതെന്നും താക്കറെ വിഭാഗം പറഞ്ഞിരുന്നു.

ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് വലിയ സ്വാധീനമില്ലാത്ത മണ്ഡലമായതിനാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ബി.ജെ.പിക്ക് ഒറ്റക്ക് നിന്ന് വിജയിക്കാന്‍ പ്രയാസമായിരിക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയും ബി.ജെ.പിയോട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നെങ്കിലും ഉദ്ധവ് താക്കറെ വിഭാഗത്തിന് സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ഉദ്ധവ് താക്കറെ ‘ശിവസേന(ഉദ്ധവ് ബാലസാഹേബ് താക്കറെ)’ എന്ന പുതിയ പേരില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. ദശാബ്ദങ്ങളായി ഉപയോഗിക്കുന്ന അമ്പും വില്ലും നഷ്ടപ്പെട്ട ഉദ്ധവ് താക്കറെ വിഭാഗം തീപ്പന്തം ചിഹ്നത്തിലാണ് മത്സരിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

ബാല്‍ താക്കറെയുടെ യഥാര്‍ത്ഥ പിന്‍മുറക്കാര്‍ എന്ന പേരിന് വേണ്ടി ശിവസേനയുടെ ഇരു വിഭാഗങ്ങളും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ വിജയത്തെ ഉദ്ധവ് താക്കറെയും സംഘവും ആഘോഷമാക്കുന്നത്.

റുതുജ ലഡ്‌കേയുടെ വിജയത്തിന് പിന്നാലെ ഉദ്ധവ് താക്കറെ പറഞ്ഞ വാക്കുകളിലും ഇത് വ്യക്തമാണ്.

‘ഇത് വെറുമൊരു തുടക്കം മാത്രം. പോരാട്ടത്തിന്റെ ആരംഭമാണിത്. പാര്‍ട്ടിയുടെ ചിഹ്നം പ്രധാനപ്പെട്ടതാണ്. പക്ഷെ അതുപോലെ തന്നെ വ്യക്തികളെയും സ്വഭാവത്തെയും കൂടി നോക്കിയാണ് ആളുകള്‍ വോട്ട് ചെയ്യുന്നത്. ഈ ഉപതെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ഞങ്ങളെയാണ് പിന്തുണക്കുന്നതെന്ന് വ്യക്തമായി,’ എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ വാക്കുകള്‍.

ഈ ഉപതെരഞ്ഞെടുപ്പിലൂടെ പുതിയ ഊര്‍ജം നേടിയ താക്കറെ വിഭാഗം വരും ഇലക്ഷനുകളില്‍ ആ നേട്ടം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Content Highlight: Why BMC bypoll results are a game changer for Shiv Sena’s Uddhav Thackeray faction