ജനീവ: ലോകത്തിലെ വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തിനെതിരെ ലോകാരോഗ്യ സംഘടന. വികസിത രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതത്വം ഉറപ്പാക്കുകയും സാമൂഹിക അന്തരീക്ഷം തിരിച്ചെടുക്കുകയും ചെയ്യുന്നുവെന്നും എന്നാല്‍ ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു.
ആഫ്രിക്കയില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് കേസുകളുടെ എണ്ണം 40 ശതമാനം കൂടിയിട്ടുണ്ടെന്നും ഡെല്‍റ്റ വൈറസ് ആഗോള തലത്തില്‍ പടര്‍ന്നുപിടിക്കുന്നത് വളരെയധികം അപകടകാരിയാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു.
ആഗോള സമൂഹം എന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കേണ്ട ഈ സാഹചര്യത്തില്‍ നമ്മള്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മനോഭാവമാണ്. വിതരണത്തിലെ പ്രതിസന്ധികളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അതിനാല്‍ വാക്‌സിന്‍ വിതരണത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം,’ അഥനോം പറഞ്ഞു.