ഇറാനിയന്‍ ഭരണകൂടത്തിന്റെ 13 തവണത്തെ അറസ്റ്റ്, ചാട്ടവാറടികള്‍'; സമാധാന നൊബേല്‍ ജേതാവ് നര്‍ഗസ് മുഹമ്മദിയെ അറിയാം
World
ഇറാനിയന്‍ ഭരണകൂടത്തിന്റെ 13 തവണത്തെ അറസ്റ്റ്, ചാട്ടവാറടികള്‍'; സമാധാന നൊബേല്‍ ജേതാവ് നര്‍ഗസ് മുഹമ്മദിയെ അറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2023, 6:14 pm

 

ഒസ്‌ലോ: അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടിയും മനുഷ്യാവകാശ ലഘനങ്ങള്‍ക്കെതിരെയും നിരന്തരപോരാട്ടം നയിച്ചയാളാണ് 2023ലെ സമാധാന നൊബേല്‍ ജേതാവായ നര്‍ഗസ് മുഹമ്മദി. ഇറാനിയന്‍ ഗവണ്‍മെന്റിന്റെ ക്രൂരമായ വേട്ടയാടലുകള്‍ക്ക് വിധേയായവര്‍ ഇപ്പോഴും ജയിലിലാണ്.

‘തന്റെ വ്യക്തി ജീവിതം തന്നെ സമരമാക്കിയവളാണ് മുഹമ്മദി . ഇറാനിയന്‍ ഭരണകൂടം 13 തവണ അറസ്റ്റ് ചെയ്യുകയും അഞ്ച് തവണ ശിക്ഷിക്കുകയും 31 വര്‍ഷം തടവും 154 ചാട്ടവാറടിയും വിധിച്ച വ്യക്തിയാണവര്‍. മുഹമ്മദി ഇപ്പോഴും ജയിലിലാണ്,’ നോബേല്‍ കമ്മിറ്റി പറഞ്ഞു.

സഞ്ജാനില്‍ ജനിച്ച മുഹമ്മദി ഇമാം കൊമേനി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്‌സ് ബിരുദധാരിയാണ്.
കോളേജ് കാലത്തെ തന്നെ, സ്ത്രീകളുടെ തുല്യതക്കായി അവര്‍ പോരാട്ടങ്ങള്‍ നടത്തിയിരുന്നു. പഠനശേഷം എഞ്ചിനീയറായി തുടരുമ്പോഴും അവര്‍ നിരവധി നവോത്ഥാന പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു.

2003ല്‍ നൊബേല്‍ പ്രൈസ് ജേതാവായ ഷെറിന്‍ എബിദി സ്ഥാപിച്ച ടെഹ്‌റാന്‍ ആസ്ഥാനമായ ഡിഫന്‍ഡേഴ്‌സ് ഓഫ് ഹ്യുമണ്‍ റൈറ്റ്‌സ്‌ന്റെ ഭാഗമായി. 2011ല്‍ തടവിലാക്കപ്പെട്ട ആക്ടിവിസ്റ്റുകളെയും കുടുംബത്തെയും സഹായിച്ചതിന് ആദ്യമായി അവര്‍ ജയില്‍വാസമനുഭവിച്ചു.

2013 ല്‍ ജയില്‍ മോചിതയായ ശേഷം വധശിക്ഷക്കെതിരെ ക്യാമ്പെയിനുകള്‍ നടത്തി. 2015 ല്‍ വീണ്ടും അറസ്റ്റിലായവര്‍ ജയിലിലെ പൊളിറ്റിക്കല്‍ പ്രിസണേഴ്‌സിനോടുള്ള അധികൃതരുടെ ശാരീരികവും മാനസികവുമായ ആക്രമണങ്ങശക്കെതിരെ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ഇറാനിയന്‍ മത പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിക്കായും അവര്‍ ശബ്ദമുയര്‍ത്തിയിരുന്നു.
ജയിലില്‍ കൊടിയ പീഡനങ്ങളാണ് മുഹമ്മദി അനുഭവിച്ചതെന്ന് നൊബേല്‍ കമ്മിറ്റി പറയുന്നു.

ആളുകളെ വിളിക്കാനോ കാണാനോ അവരെ അധികൃതര്‍ അനുവദിച്ചില്ല. ജയില്‍ വെച്ച് എഴുതി അവര്‍ ഒളിച്ചു കടത്തിയ ലേഖനം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നെന്നും, നൊെബല്‍ കമ്മിറ്റി പറഞ്ഞു.
ഈ പുരസ്‌കാരം ഇതുപോലുള്ള പോരാട്ടങ്ങള്‍ നയിക്കുന്ന നൂറ് കണക്കിനാളുകള്‍ക്ക് പ്രചോദനമാകുമെന്നും നോബല്‍ കമ്മറ്റി കൂട്ടി ചേര്‍ത്തു.

CONTENT HIGHLIGHT: Who is nobel prize winner nargas  muhammad