രണ്ട് വലിയ ആശുപത്രികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; നവജാത ശിശുക്കളുടെ മരണത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
World News
രണ്ട് വലിയ ആശുപത്രികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; നവജാത ശിശുക്കളുടെ മരണത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th November 2023, 12:48 pm

വാഷിങ്ടണ്‍: ഗസയിലെ ആശുപത്രിക്ക് നേരെ ഇസ്രഈല്‍ നടത്തിയ കനത്ത ബോംബാക്രമണത്തിന് പിന്നാലെ പ്രവര്‍ത്തനം നിര്‍ത്തി രണ്ട് ആശുപത്രികള്‍. ഗസയിലെ ഏറ്റവും വലുതും രണ്ടാമത്തേതുമായ ആശുപത്രികളായ അല്‍ ശിഫയും അല്‍ ഖുദ്സുമാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്. ആശുപത്രിയായി തുടരാനുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് അടച്ചൂപൂട്ടല്‍.

ഞായറായ്ച മേഖലയിലെ ഉയര്‍ന്ന മരണനിരക്ക് കണക്കിലെടുത്ത് ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.

അല്‍ ശിഫ ആശുപത്രിയിലെ സ്ഥിതി ഭയാനകവും അപകടകരവുമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

‘സുരക്ഷിത കേന്ദ്രങ്ങള്‍ ആയിരിക്കേണ്ട ആശുപത്രികള്‍ മരണത്തിന്റെയും നാശത്തിന്റെയും ദൃശ്യങ്ങളായി മാറുമ്പോള്‍ ലോകത്തിന് നിശബ്ദത പാലിക്കാന്‍ കഴിയില്ല. ഇനിമുതല്‍ അല്‍ ശിഫ ഒരു ആശുപത്രിയായി തുടരാന്‍ പര്യാപ്തമല്ല ,’ അദ്ദേഹം തന്റെ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.

കഴിഞ്ഞദിവസം ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ അല്‍ ശിഫ ആശുപത്രിയിലെ മൂന്ന് നഴ്‌സുമാര്‍ കൊല്ലപ്പെട്ടതായി അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ യു.എന്‍ ദുരിതാശ്വാസ ഏജന്‍സി അറിയിച്ചിരുന്നു.

രോഗികളും ജീവനക്കാരും വൈദ്യുതിയോ വെള്ളമോ സുരക്ഷിതമായ യാത്രാ മാര്‍ഗങ്ങളോ ഇല്ലാതെ കുടുങ്ങിയിരിക്കുകയാണെന്ന് അല്‍ ശിഫ ഹോസ്പിറ്റലിലെ ന്യൂറോസര്‍ജനായ ഡോക്ടര്‍ നിദാല്‍ അബു ഹാദ്രൂസ് വ്യക്തമാക്കി.

‘ഇത് അധികകാലം തുടരാനാവില്ല. ജീവനക്കാരെയും രോഗികളെയും രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്,’ അബൂ ഹാദ്രൂസ് അല്‍ ജസീറയോട് പറഞ്ഞു.

നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 11078 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 4500ലധികം പേരും കുട്ടികളാണ്.

Content Highlight: WHO instructs to close Gaza hospitals