ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത നൂറിലധികം കര്‍ഷകരെ കാണാതായെന്ന എന്‍.ജി.ഒ റിപ്പോര്‍ട്ടിന് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ജനരോഷം കടുക്കുന്നു. കാണാതായ കര്‍ഷകര്‍ എവിടെയെന്ന് ചോദിച്ച് ഇതിനോടകം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ മുന്നോട്ട് വന്നത്.
കാണാതായകര്‍ഷകരെവിടെ മോദി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് ട്വിറ്ററില്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
കര്‍ഷകരെ പിന്തുണക്കുക, സര്‍ക്കാര്‍ എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും കര്‍ഷകര്‍ വിജയിക്കും, കാണാതായ കര്‍ഷകരെ തിരിച്ചെത്തിക്കുക, തുടങ്ങി കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ചും മോദി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചുമാണ് നിരവധി പേര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പഞ്ചാബില്‍ നിന്നുള്ള നൂറിലധികം കര്‍ഷകരെ സംഘര്‍ഷത്തിന് ശേഷം കാണാതായതെന്നാണ് പഞ്ചാബിലെ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞത്.
റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചാബിലെ തത്തേരിയവാല ഗ്രാമത്തിലെ 12 കര്‍ഷകര്‍ തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സിംഗു അതിര്‍ത്തിയിലെ കര്‍ഷകസമരവേദിയിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായിരിക്കുകയാണ്. 44 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതക ശ്രമത്തിനടക്കമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കര്‍ഷകരെയും കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും പൊലീസിനെതിരെ ആക്രമണം നടത്തിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് പൊലീസ് ഭാഷ്യം.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്ക് പിന്നാലെ കനത്ത പൊലീസ് സുരക്ഷയായിരുന്നു പ്രതിഷേധസ്ഥലങ്ങളില്‍ ഒരുക്കിയിരുന്നത്. ഇതിനിടയിലും കര്‍ഷകര്‍ക്കെതിരെ വലിയ ആക്രമണം നടന്നതില്‍ ഉന്നതതല പങ്കുണ്ടെന്ന് ആരോപണങ്ങളുയരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ദല്‍ഹിയിലെ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നേരെ സിംഗുവില്‍ ആക്രമണമുണ്ടായത്. സമരം അവസാനപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ദല്‍ഹിയിലെത്തിയ ഒരു വിഭാഗമാണ് അക്രമം അഴിച്ചുവിട്ടത്. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു ആക്രമണം.
അതേസമയം യു.പി അതിര്‍ത്തിയായ ഖാസിപ്പൂരില്‍ സമരം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഖാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞദിവസം രാത്രിയോടെ യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.
പിന്തുണയുമായി കൂടുതല്‍ കര്‍ഷകര്‍ എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷം കര്‍ഷക സമരത്തെ തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കര്‍ഷകരുടെ പുതിയ നടപടി ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.