തിരുവാര്‍പ്പിലെ ബസുടമയുടെ വാര്‍ത്ത വായിച്ചപ്പോള്‍ വരവേല്‍പ് സിനിമ ഓര്‍ത്തു: മോഹന്‍ലാല്‍
Entertainment news
തിരുവാര്‍പ്പിലെ ബസുടമയുടെ വാര്‍ത്ത വായിച്ചപ്പോള്‍ വരവേല്‍പ് സിനിമ ഓര്‍ത്തു: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th August 2023, 5:17 pm

കോട്ടയം തിരുവാര്‍പ്പിലെ ബസ് ഉടമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിച്ചപ്പോള്‍ താന്‍ വരവേല്‍പ് സിനിമയെ കുറിച്ച് ഓര്‍ത്തുപോയെന്ന് നടന്‍ മോഹന്‍ലാല്‍. മലയാള മനോരമ വാര്‍ഷികപ്പതിപ്പില്‍ ജീവിതത്തിന്റെ പകര്‍ന്നാട്ടങ്ങള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. വരവേല്‍പ് കേരളീയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ നേര്‍ചിത്രമായിരുന്നു എന്നും താരം പറയുന്നു.

‘ വരവേല്‍പ് എന്ന ചിത്രം കേരളീയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ നേര്‍ചിത്രമായിരുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തി ബസ് സര്‍വീസ് തുടങ്ങിയ ഒരു പാവം മലയാളിയുടെ കഥ; ജീവിതം. ഈയിടെ കോട്ടയത്ത് ഒരു ബസുടമയോട് തൊഴിലാളി യൂണിയന്‍ ചെയ്ത കടുംകൈ പത്രത്തില്‍ വായിച്ചപ്പോള്‍ ആ സിനിമ തന്നെയാണ് ഓര്‍ത്തത്. കൊട്ടിഘോഷിക്കപ്പെട്ട നമ്മുടെ സമൂഹ ബോധത്തിന്, നീതി ബോധത്തിന് എന്താണ് പറ്റിയത്? എനിക്ക് സങ്കടവും നിരാശയും തോന്നുന്നു, മോഹന്‍ലാല്‍ പറഞ്ഞു.

തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഈ വര്‍ഷം ജൂണിലാണ് കോട്ടയം-തിരുവാര്‍പ്പില്‍ വെട്ടിക്കുളങ്ങര രാജ്‌മോഹന്റെ സ്വകാര്യ ബസ്സിന് മുമ്പില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കൊടികുത്തിയത്. സി.ഐ.ടി.യു അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നല്‍കുന്നുവെന്നും ബി.എം.എസ് യൂണിയന്‍കാരായ തൊഴിലാളികള്‍ക്ക് കൂടിയ വേതനം നല്‍കുന്നുവെന്നുമായിരുന്നു പരാതി.

തുടര്‍ന്ന് വിമുക്തഭടന്‍ കൂടിയായ രാജ്‌മോഹന്‍ ബസ്സിന് മുമ്പിലിരുന്ന് ലോട്ടറി വില്പന നടത്തി ഒറ്റയാള്‍ സമരം നടത്തിയിരുന്നു. പിന്നീട് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രാജ്‌മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലെയും തൊഴിലാളികളുടെ ജോലി റൊട്ടേഷന്‍ വ്യവസ്ഥയില്‍ പുനക്രമീകരിക്കാനും അതു വഴി എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പാക്കാനും ധാരണയായതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 1989-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് വരവേല്‍പ്പ്. മോഹന്‍ലാലിന് പുറമേ ശ്രീനിവാസന്‍, മുരളി, രേവതി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം, 7 വര്‍ഷം പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തി സ്വസ്ഥജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന മുരളിയുടെ കഥയാണ് പറയുന്നത്. നാട്ടിലെത്തിയ മുരളി, സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ തീരുമാനിക്കുകയും ഒരു ബസ് വാങ്ങുകയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം.

Content Highlights : When I read the news of Bus Owner  in Thiruvarp, I remembered the movie Varavelp: Mohanlal