എന്താണ് ജവഹര്‍ലാല്‍ നെഹ്റുവും വള്ളം കളിയും തമ്മില്‍ ബന്ധം ; വി.മുരളീധരന്‍ അറിയണം ഈ ചരിത്രം
Kerala News
എന്താണ് ജവഹര്‍ലാല്‍ നെഹ്റുവും വള്ളം കളിയും തമ്മില്‍ ബന്ധം ; വി.മുരളീധരന്‍ അറിയണം ഈ ചരിത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th December 2020, 5:51 pm

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍സ്റ്റ്യുട്ടിന്റെ രണ്ടാം ക്യാംപസിന് ആര്‍.എസ്.എസിന്റെ രണ്ടാമത്തെ തലവനായ എം.എസ് ഗോള്‍വാക്കറിന്റെ പേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവും അതിനെതിരെയുള്ള പ്രതിഷേധവും ശക്തമായിരിക്കുകയാണ്. ഇതിനിടെ പ്രതിഷേധങ്ങള്‍ക്കെതിരെ ന്യായീകരണങ്ങളും എതിര്‍വാദങ്ങളുമായി സംഘപരിവാര്‍ അനുകൂലികളും ബി.ജെ.പി പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

എം.എസ് ഗോള്‍വാക്കറിന്റെ പേര് തന്നെ ക്യാംപസിന് നല്‍കുമെന്നും ഗോള്‍വാള്‍ക്കര്‍ രാജ്യസ്നേഹിയാണെന്നുമാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞത്. ജവഹര്‍ലാല്‍ നെഹ്റു കായികതാരമായിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്നും മന്ത്രി ചോദിച്ചിരുന്നു.

എന്താണ് ജവഹര്‍ലാല്‍ നെഹ്‌റുവും വള്ളംകളിയും തമ്മില്‍ ബന്ധം ?

എല്ലാവര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടത്തി വരുന്ന വള്ളം കളി മത്സരമാണ് നെഹ്‌റു ട്രോഫി വള്ളം കളി മത്സരം. 1952ല്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കേരള സന്ദര്‍ശനത്തിനോട് അനുബന്ധിച്ചാണ് ആദ്യമായി കേരള സര്‍ക്കാര്‍ ചുണ്ടന്‍ വള്ളം കളി മത്സരം സംഘടിപ്പിച്ചത്.

1952 ഡിസംബര്‍ 27 നായിരുന്നു ഇത്. അന്ന് സംഘടിപ്പിച്ച മത്സരത്തില്‍ ‘നടുഭാഗം ചുണ്ടന്‍ ‘ ആയിരുന്നു വിജയി ആയത്. വള്ളം കളിയുടെ അവസാനം ആവേശ ഭരിതനായ നെഹ്‌റു എല്ലാ സുരക്ഷാ സംവിധാനങ്ങളെയും അവഗണിച്ച് അദ്ദേഹം നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി.

തുടര്‍ന്ന് പ്രധാനമന്ത്രിയേയും കൊണ്ട് വള്ളം ബോട്ട് ജെട്ടിയിലേക്ക് നീങ്ങി. തുടര്‍ന്ന് ദല്‍ഹിയില്‍ തിരികെയെത്തിയ പ്രധാനമന്ത്രി വിജയികള്‍ക്ക് തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഉറപ്പിച്ച വെള്ളികൊണ്ടുണ്ടാക്കിയ ഒരു വള്ളത്തിന്റെ രൂപം സമ്മാനമായി നല്‍കി.

‘തിരുകൊച്ചിയിലെ സാമൂഹിക ജിവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്.’ എന്ന് ആ ട്രോഫിയില്‍ എഴുതിയിരുന്നു. കൂടെ നെഹ്‌റുവിന്റെ കയ്യൊപ്പും ഇതില്‍ ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ‘നെഹ്രുട്രോഫി ‘യായി മാറിയത്.

തുടക്കത്തില്‍ പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്റുവിനോടുള്ള ആദരവ് സൂചകമായി കപ്പിന്റെ പേര് നെഹ്റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റുകയായിരുന്നു.

67 മത്സരങ്ങളാണ് ഇതുവരെ ആലപ്പുഴ പുന്നമട കായലില്‍ അരങ്ങേറിയത്. 2020 ആഗസ്റ്റില്‍ 68ാമത് നെഹ്‌റു ട്രോഫി വള്ളം കളിയായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് മൂലം ഈ വള്ളം കളി മത്സരം ഉപേക്ഷിക്കേണ്ടി വന്നു. നടുഭാഗം ചുണ്ടനായിരുന്നു 2019ല്‍ കിരിടം സ്വന്തമാക്കിയത്.

(വിവരങ്ങള്‍ക്ക് കടപ്പാട് : nehrutrophy.nic.in, വിക്കിപീഡിയ )

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: What is the connection between Jawaharlal Nehru and the boat race; V. Muraleedharan should know this history, Nehru Trophy Boat Race