കോഴിക്കോട്: അറബിക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’യെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
കടലില്‍ ന്യൂനമര്‍ദം ശക്തമാകുമ്പോള്‍ പല പേരുകളായിട്ടാണ് ഓരോ വര്‍ഷവും ചുഴലിക്കാറ്റുകള്‍ മാധ്യമങ്ങളിലൂടെയും സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ വഴിയും ആളുകളിലെത്തുന്നത്. ഓഖി, താനെ, ബൂവറി, വായു, ഉംപുന്‍, ഫാനി, തിത്‌ലി, ലൈല, ഹെലന്‍ അങ്ങനെ പല പേരുകളുള്ള ചുഴലിക്കാറ്റുകള്‍ നമുക്ക് പരിചയുമുണ്ട്. ഈ പേരുകള്‍ എങ്ങനെയാണ് മാറിവരുന്നത്, ഒരോ ചുഴലികാറ്റിനും പുതിയ പേര് കൊടുക്കുന്നതിന്റെ അടിസ്ഥാനം എന്തൊക്കെ, ആരാണ് ഈ പേര് നല്‍കുന്നത് എന്നൊക്കെ ഒന്ന് പരിചയപ്പെടാം.
വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷനും (WMO)യു എന്നിന്റെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദ പസിഫിക്കും(ESCAP) ചേര്‍ന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റുകളുടെ നാമകരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിന് മേല്‍നോട്ടം വഹിക്കാനായി വിവിധ റീജിയണല്‍ സ്‌പെഷ്യലൈസ്ഡ് മീറ്റിയറോളജിക്കല്‍ സെന്ററുകളും(RSMC) റീജ്യണല്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍ വാണിങ് സെന്ററുകളും(TCWC) നിലവിലുണ്ട്.
ശാസ്ത്രസമൂഹം, ദുരന്തനിവാരണരംഗം, മാധ്യമങ്ങള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്ക് ഓരോ ചുഴലിക്കാറ്റും കൃത്യമായി തിരിച്ചറിയാനും അതു സംബന്ധിച്ച കൃത്യമായ ആശയവിനിമയം സാധ്യമാക്കാനും ചുഴലിക്കാറ്റിന് പേരു നല്‍കേണ്ടത് അനിവാര്യമാണ്.
ചുഴലിക്കാറ്റുകളെക്കുറിച്ചുള്ള അപായ മുന്നറിയിപ്പ്, അതു നേരിടാനുള്ള മുന്നൊരുക്കങ്ങള്‍, ബോധവല്‍ക്കരണം, ഏതു പ്രദേശത്ത് വീശുന്നു എന്നൊക്കെ കൃത്യമായി മനസ്സിലാക്കാനും ഒരു പ്രദേശത്തു തന്നെ വര്‍ഷത്തില്‍ ഒന്നില്‍ക്കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാവുകയാണെങ്കില്‍ അവയെ തമ്മില്‍ പിന്നീട് വേര്‍തിരിച്ചറിയാന്‍ ശ്രമിക്കുമ്പോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കാനുമൊക്കെയാണ് ഈ നാമകരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ചുഴലിക്കാറ്റുകളുടെ നാമകരണത്തിന് ചില മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ട്. അത് രാഷ്ട്രീയം, സംസ്‌കാരം, മതവിശ്വാസങ്ങള്‍ എന്നിവയെയോ ഏതെങ്കിലും ജനവിഭാഗത്തിന്റെ വികാരങ്ങളെയോ വ്രണപ്പെടുത്തുന്നതാകരുത്, നിഷ്പക്ഷമായിരിക്കണം, എട്ട് അക്ഷരങ്ങളില്‍ കൂടാത്തതും എളുപ്പത്തില്‍ ഓര്‍ക്കാനും പറയാനും പറ്റുന്നതുമാകണം, പരിക്കന്‍ പേരാകരുത്, വിവാദങ്ങളുണ്ടാക്കുന്ന പേരാകരുത് എന്നിങ്ങനെയാണ് നിബന്ധനകള്‍.