എര്‍ദൊഗാന്‍-മക്രോണ്‍ തര്‍ക്കം രൂക്ഷം, അറബ് രാജ്യങ്ങളില്‍ ഫ്രാന്‍സിനു മേല്‍ വിലക്ക്, നടക്കുന്നതെന്ത്?
World News
എര്‍ദൊഗാന്‍-മക്രോണ്‍ തര്‍ക്കം രൂക്ഷം, അറബ് രാജ്യങ്ങളില്‍ ഫ്രാന്‍സിനു മേല്‍ വിലക്ക്, നടക്കുന്നതെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 6:28 pm

പാരിസ്: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ഫ്രാന്‍സില്‍ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ  അന്താരാഷ്ട്ര തലത്തില്‍ വിവാദം പുകയുന്നു.

ചരിത്രാധ്യാപകന്‍ സാമുവേല്‍ പാറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സില്‍ ആകെ പ്രതിഷേധം നടക്കവെ മുസ്‌ലിം രാജ്യങ്ങള്‍ ഫ്രാന്‍സിനെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്.

തുര്‍ക്കി, ജോര്‍ദ്ദാന്‍, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫ്രാന്‍സിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഒപ്പം ഖത്തര്‍, കുവൈറ്റ് എന്നീ അറബ് രാജ്യങ്ങളില്‍ ഫ്രാന്‍സ് വാണിജ്യമേഖലയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നുമുണ്ട്.

തുര്‍ക്കിയുടെ പ്രതികരണം

ഇമ്മാനുവേല്‍ മക്രോണിന്റെ മനോനില പരിശോധിക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ ശനിയാഴ്ച അഭിപ്രായപ്പെട്ടത്.
‘ഒരു രാജ്യത്തെ വ്യത്യസ്ത മതവിഭാഗക്കാരെ ഈ തരത്തില്‍ പരിഗണിക്കുന്ന ഒരു അധികാരിയെക്കുറിച്ച് എന്താണ് പറയുക, ആദ്യം അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണം,’ എര്‍ദൊഗാന്‍ പറഞ്ഞു.

എര്‍ദൊഗാന്റെ പരാമര്‍ശം മക്രോണ്‍ പ്രകോപനപരമായി തന്നെയാണ് എടുത്തത്. തുര്‍ക്കിയിലെ ഫ്രാന്‍സ് പ്രതിനിധിയെ തിരിച്ചു വിളിച്ചിരിക്കുകയാണ് മക്രോണ്‍ ഇപ്പോള്‍.

പാകിസ്താന്‍

മക്രോണ്‍ ഇസ്‌ലാം മതത്തെ അവഹേളിക്കുന്നു എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. ജോര്‍ദ്ദാന്‍ വിദേശകാര്യ മന്ത്രാലയവും പ്രവാചകന്റെ കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സിനെ വിമര്‍ശിച്ചിട്ടുണ്ട്.

മക്രോണിന്റെ പരാമര്‍ശം,

അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിനു പിന്നാലെ റാഡിക്കല്‍ ഇസ്‌ലാമിസത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മക്രോണ്‍ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം സമുവേല്‍ പാറ്റിയെ പരമോന്നത ബഹുമതി നല്‍കി ആദരിക്കവെ മക്രോണ്‍ നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഫ്രാന്‍സിന്റെ ഭാവി സ്വന്തമാക്കാന്‍ വേണ്ടിയാണ് ഈ കൊലപാതകം നടന്നതെന്നും അതൊരിക്കലും നടക്കില്ലെന്നുമാണ് മക്രോണ്‍ പറഞ്ഞത്. ഒപ്പം ജനാധിത്യത്തെയും മതേതരത്തത്തെയും ഭയക്കുന്ന ഭീരുക്കളാണ് സാമുവേല്‍ പാറ്റിയെ കൊലപ്പെടുത്തിയതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആഗോള തലത്തില്‍ ഇസ്‌ലാം മതം പ്രതിസന്ധി നേരിടുകയാണെന്നും മക്രോണ്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും എര്‍ദൊഗാനും ഇമ്രാന്‍ഖാനും രംഗത്തെത്തിയിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിലക്കുകള്‍

നിലവില്‍ ഖത്തറിലും കുവൈറ്റിലും ചില കമ്പനികള്‍ ഫ്രാന്‍സിനെതിരെ അനൗദ്യോഗിക വാണിജ്യവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദോഹയിലെ അല്‍ മീര സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഫ്രാന്‍സില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഫ്രാന്‍സ്-ഖത്തര്‍ സാസംകാരിക പരിപാടിയും ഒഴിവാക്കാനിടയുണ്ടെന്നാണ് സൂചന. കുവൈറ്റിലും നിരവധി സ്റ്റോറുകള്‍ ഫ്രാന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നുണ്ട്.

മക്രോണിന്റെ പരാമര്‍ശം വിദ്വേഷ സംസ്‌കാരം വളര്‍ത്തുമെന്നാണ് ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ നയെഫ് ഫല മുബാറക് അല്‍ ഹജ് റഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ 16 നാണ് സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടത്. അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനഃപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

സാമുവേല്‍ പാറ്റിയുടെ കൊലപാതക്കേസിലെ അന്വേഷണം എവിടെ വരെ എത്തി?

രണ്ടു വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഏഴുപേരാണ് നിലവില്‍ അധ്യാപകന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിലവില്‍ കൊലപാതകത്തിനു കൂട്ടുനിന്നതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കേസന്വേഷണം നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ ജീന്‍ ഫ്രാങ്കോയ്സ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവര പ്രകാരം അധ്യാപകനെ കാണിച്ചു കൊടുത്തതിന് 350 യൂറോയോളം രൂപ ഇവര്‍ കൈപ്പറ്റിയിട്ടുണ്ട്.

അധ്യാപകന്റെ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. അധ്യാപകന്‍ ക്ലാസില്‍ കാര്‍ട്ടൂണ്‍ കാണിച്ചത് ഈ രക്ഷിതാവിനോട് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു.

ഈ വിദ്യാര്‍ത്ഥി അന്ന് ക്ലാസില്‍ വന്നില്ലായിരുന്നു. മറ്റു കുട്ടികള്‍ പറഞ്ഞത് കേട്ടാണ് വിദ്യാര്‍ത്ഥി പിതാവിനെ വിവരം ധരിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ അധ്യാപകനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: What happening in france after history teacher killing