Cricket
ഇടിമിന്നലായി വെസ്റ്റ് ഇൻഡീസ്! അടിച്ചുകയറിയത് 17 വർഷത്തെ ഇന്ത്യയുടെ റെക്കോഡിനൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 18, 02:50 am
Tuesday, 18th June 2024, 8:20 am

ഐ.സി.സി ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് അഫ്ഗാനിസ്ഥാനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്.

53 പന്തില്‍ 98 റണ്‍സ് നേടിയ നിക്കോളാസ് പൂരന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് വിന്‍ഡീസ് മികച്ച ടോട്ടലിലേക്ക് മുന്നേറിയത്. ആറ് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് താരം നേടിയത്.

ജോണ്‍സണ്‍ ചാള്‍സ് 27 പന്തില്‍ 43 റണ്‍സും ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ 15 പന്തില്‍ 26 റണ്‍സും ഷായി ഹോപ്പ് 17 പന്തില്‍ 25 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മത്സരത്തില്‍ അഫ്ഗാന്‍ താരം ആസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ ഓവറില്‍ 36 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്. ഓവറില്‍ 10 എക്‌സ്ട്രാസ് ആണ് ഒമര്‍സായി വിട്ടുനല്‍കിയത്. നിക്കോളാസ് മൂന്ന് സിക്‌സും രണ്ട് ഫോറും ആ ഓവറില്‍ നേടി കൊണ്ട് 26 റണ്‍സാണ് നേടിയത്.

ടി-20 ലോകകപ്പില്‍ ഒരു ഓവറില്‍ 36 റണ്‍സ് പിറക്കുന്നത് ചരിത്രത്തില്‍ രണ്ടാം തവണയാണ്. ഇതിനുമുമ്പ് 2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയാണ് 36 റണ്‍സ് നേടിയത്. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ പന്തില്‍ ഇന്ത്യന്‍ ഇതിഹാസതാരം യുവരാജ് സിങ് ആറ് സിക്‌സുകള്‍ ആണ് നേടിയത്.

അഫ്ഗാന്‍ ബൗളിങ്ങില്‍ ഗുല്‍ബാഡിന്‍ നായിബ് രണ്ടു വിക്കറ്റും നവീന്‍ ഉള്‍ ഹഖ്, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: West Indies Score 36 Runs in an Over Against Afghanistan