ജയം, തോല്‍വി, സമ്മര്‍ദ്ദം, ഒടുവില്‍ പരമ്പര; ലോകചാമ്പ്യന്‍മാരെ തകര്‍ത്തെറിഞ്ഞ് കരീബിയന്‍സ്
Sports News
ജയം, തോല്‍വി, സമ്മര്‍ദ്ദം, ഒടുവില്‍ പരമ്പര; ലോകചാമ്പ്യന്‍മാരെ തകര്‍ത്തെറിഞ്ഞ് കരീബിയന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd December 2023, 11:51 am

ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടി-20 പരമ്പരയും സ്വന്തമാക്കി ആതിഥേയര്‍. വെള്ളിയാഴ്ച ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ നാല് വിക്കറ്റിന് വിജയിച്ചാണ് വിന്‍ഡീസ് പരമ്പര നേടിയത്. പര്യടനത്തിലെ ഏകദിന പരമ്പരയും ആതിഥേയര്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് ഇംഗ്ലണ്ടിനെ 132 റണ്‍സിന് ഓള്‍ ഔട്ടാക്കി. മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ പോയതാണ് ഇംഗ്ലണ്ടിന് വിനയായത്.

ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 11 പന്തില്‍ 11 റണ്‍സാണ് ബട്‌ലര്‍ നേടിയത്. വില്‍ ജാക്‌സ് അഞ്ച് പന്തില്‍ നിന്നും ഏഴ് റണ്‍സുമായി മടങ്ങി.

തൊട്ടുമുമ്പ് നടന്ന രണ്ട് മത്സരത്തിലും സെഞ്ച്വറിയടിച്ച ഫില്‍ സോള്‍ട്ടിനെ കൂട്ടുപിടിച്ച് ലിയാം ലിവിങ്സ്റ്റണ്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ 22 പന്തില്‍ നിന്നും 38 റണ്‍സ് നേടിയ സോള്‍ട്ടിനെ പുറത്താക്കി ഗുഡാകേഷ് മോട്ടി വിന്‍ഡീസിന് ആവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു.

തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസ് ഇംഗ്ലണ്ടിനെ വമ്പന്‍ സ്‌കോറിലേക്ക് പോകാതെ പിടിച്ചുകെട്ടി. ലിയാം ലിവിങ്സ്റ്റണ്‍ (29 പന്തില്‍ 23), മോയിന്‍ അലി (21 പന്തില്‍ 23) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്.

ഒടുവില്‍ 19.3 ഓവറില്‍ ഇംഗ്ലണ്ട് 132ന് ഓള്‍ ഔട്ടായി.

വിന്‍ഡീസിനായി ഗുഡാകേഷ് മോട്ടി നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. അകീല്‍ ഹൊസൈന്‍, ആന്ദ്രേ റസല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ് റണ്‍ ഔട്ടായി മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കം പിഴച്ചിരുന്നു. ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ് മൂന്ന് റണ്‍സ് മാത്രം നേടി പുറത്തായപ്പോള്‍ നിക്കോളാസ് പൂരന്‍ പത്ത് റണ്‍സിനും തിരിച്ചുനടന്നു.

എന്നാല്‍ ഷായ് ഹോപ്പിന്റെയും റൂഥര്‍ഫോര്‍ഡിന്റെയും ഇന്നിങ്‌സ് വിന്‍ഡീസിന് തുണയായി. ഹോപ് 43 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ 24 പന്തില്‍ 30 റണ്‍സാണ് റൂഥര്‍ഫോര്ഡ് നേടിയത്. 22 പന്തില്‍ 27 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സും സ്‌കോറിങ്ങില്‍ തന്റേതായ സംഭാവന നല്‍കി.

ഒടുവില്‍ നാല് പന്തും നാല് വിക്കറ്റും ശേഷിക്കെ വിന്‍ഡീസ് വിജയിച്ചുകയറി. ഇതോടെ 3-2ന് പരമ്പര സ്വന്തമാക്കാനും ആതിഥേയര്‍ക്കായി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച വിന്‍ഡീസ് പരമ്പരയില്‍ ശക്തമായ ലീഡ് നേടിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട വിന്‍ഡീസ് തോല്‍വി മുമ്പില്‍ കണ്ടു.

ഫില്‍ സോള്‍ട്ടിന്റെ സെഞ്ച്വറികളാണ് വിന്‍ഡീസിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. 2-0 എന്ന നിലയില്‍ നിന്നും പരമ്പര 2-2 എന്ന നിലയിലെത്തിച്ച ഇംഗ്ലണ്ട് ആതിഥേയര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ അവസാന മത്സരത്തില്‍ വിജയിച്ച ആതിഥേയര്‍ പരമ്പര തങ്ങളുടെ പേരില്‍ കുറിക്കുകയായിരുന്നു.

 

Content highlight: West Indies defeated England to win the series