വാഷിങ്ടണ്‍: തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നതിന് മുമ്പായി പൗരത്വം തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വോട്ടര്‍ രജിസ്‌ട്രേഷന് പൗരത്വത്തിനുള്ള തെളിവ് നിര്‍ബന്ധമാക്കുന്നതിന് പുറമെ തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് എല്ലാ ബാലറ്റുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതടക്കമുള്ള കര്‍ശനമായ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അടിസ്ഥാനപരമായ തെരഞ്ഞെടുപ്പ് അവകാശങ്ങള്‍ നടപ്പിലാക്കുന്നതില്‍ യു.എസ് പരാജയപ്പെട്ടുവെന്ന് ഉത്തരവില്‍ ട്രംപ് ആരോപിക്കുന്നുണ്ട്. ഇതിനാലാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതിന് പുറമെ വോട്ടര്‍ പട്ടിക പങ്കിടുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിനും ഫെഡറല്‍ ഏജന്‍സികളുമായി സഹകരിക്കാന്‍ സംസ്ഥാനങ്ങളോട് ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സംസ്ഥാനങ്ങളുടെ ഫെഡറല്‍ ഫണ്ടിങ്ങ് വെട്ടിക്കുറയ്ക്കുമെന്നും ഉത്തരവില്‍ പരാമര്‍ശമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയിലെ ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ പാസ്പോര്‍ട്ട് പോലുള്ള പൗരത്വ തെളിവ് നിര്‍ബന്ധമാക്കുന്നതിനായി ഫെഡറല്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോമില്‍ ഭേദഗതി വരുത്തുന്നതാണ് ഉത്തരവ്. കൂടാതെ, തെരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ലഭിക്കുന്ന മെയില്‍-ഇന്‍ ബാലറ്റുകള്‍ പോസ്റ്റ് ചെയ്ത തീയതി പരിഗണിക്കാതെ സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും ഈ ഉത്തരവ് വിലക്കുന്നുണ്ട്.
ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ ക്രമക്കേടുകളും വഞ്ചനയും നടക്കുന്നുണ്ടെന്ന് ദീര്‍ഘകാലമായി ട്രംപ് അവകാശവാദമുന്നയിക്കുന്നുണ്ട്. എന്നാല്‍ മെയില്‍ വഴിയുള്ള വോട്ടിങ് രീതി താരതമ്യേന കുറ്റമറ്റതാണ്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനോടുള്ള തന്റെ തോല്‍വിക്ക് കാരണം തെരഞ്ഞെടുപ്പിലെ തകരാര്‍ ആണെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അതിനാല്‍ കഴിഞ്ഞ ദിവസം ഈ ഉത്തരവില്‍ ഒപ്പുവെക്കുമ്പോള്‍, തെരഞ്ഞെടുപ്പ് സംബന്ധിച്ച തട്ടിപ്പുകള്‍ക്ക് ഒരവസാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു.
അതേസമയം റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഈ ഉത്തരവിന് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും അമേരിക്കന്‍ പൗരന്മാര്‍ മാത്രമേ അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ തീരുമാനമെടുക്കൂ എന്ന് ഈ ഉത്തരവ് ഉറപ്പാക്കുന്നുവെന്നും ജോര്‍ജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെന്‍സ്പെര്‍ഗര്‍ പറഞ്ഞു.
2023 ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം യു.എസ് പൗരന്മാരില്‍ ഏകദേശം ഒമ്പത് ശതമാനം പേര്‍ക്കും അതായത് ഏകദേശം 21.3 ദശലക്ഷം ആളുകള്‍ക്കും പൗരത്വം തെളിയിക്കുന്ന ലളിതമായ തെളിവുകള്‍ ഇല്ല കണ്ടെത്തിയിരുന്നു.
Content Highlight: Trump signs order requiring citizens to show proof of citizenship to vote in the US