national news
ബംഗാളില്‍ ഇന്റര്‍നെറ്റ് വിലക്കി മമത; നിയമ വിരുദ്ധപ്രവര്‍ത്തനം തടയാനെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 06, 10:33 am
Sunday, 6th March 2022, 4:03 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇവിടങ്ങളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇതിന് തടയിടാനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കുന്നത്.

ഈ മേഖലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും, ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയാണ് ഇവര്‍ മുതിരുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇക്കാരണത്താല്‍ ഈ മേഖലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് പശ്ചിമ ബംഗാള്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.

‘മാല്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനജ്പൂര്‍, കൂച്ച്‌ബെഹാര്‍, ജല്‍പായ്ഗുരി, ബിര്‍ഭും, ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലെ ചില മേഖലകളിലായിരിക്കും ഇന്റര്‍നെറ്റ് തടസപ്പെടുന്നത്.

മാര്‍ച്ച് 7 മുതല്‍ 9, മാര്‍ച്ച് 11, 12, 15, 16 തുടങ്ങിയ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 3.15 വരെയാണ് ഇന്റര്‍നെറ്റ് വിലക്കുന്നത്,’ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഇന്റര്‍നെറ്റിന് മാത്രമായിരിക്കും വിലക്കെന്നും, പത്രം, എസ്.എം.എസ്, ഫോണ്‍ കോള്‍ എന്നിവയ്ക്ക് നിരോധനമോ നിയന്ത്രണമോ ഉണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content highlight: West Bengal Suspends Internet In 7 Districts To Prevent Unlawful Activity