യു.ഡി.എഫുമായി നീക്കുപോക്കുണ്ടാക്കിയത് നേതാക്കള്‍ അറിയാതെയല്ല; മുല്ലപ്പള്ളിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി
Kerala News
യു.ഡി.എഫുമായി നീക്കുപോക്കുണ്ടാക്കിയത് നേതാക്കള്‍ അറിയാതെയല്ല; മുല്ലപ്പള്ളിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2020, 12:52 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് നീക്കുപോക്ക് ഉണ്ടായിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി. യു.ഡി.എഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മില്‍ നീക്കുപോക്കുണ്ടാക്കിയത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകളാണ് മുല്ലപ്പള്ളി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്ലായ്മ കൊണ്ടാണെന്നും പാര്‍ട്ടി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കു പോക്കുണ്ടാക്കിയത് രണ്ട് കൂട്ടര്‍ക്കും ഗുണമാണ് ഉണ്ടാക്കിയതെന്നും നേതാക്കള്‍ അറിയാതെയല്ല ഇവിടെ നീക്കുപോക്ക് ഉണ്ടാക്കിയതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം നീക്കുപോക്കുണ്ടാക്കുമെന്ന തീരുമാനമൊന്നും എടുത്തിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനിക്കുക. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വെല്‍ഫെയര്‍പാര്‍ട്ടി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് ധാരണ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം മുന്നണിക്കുള്ളില്‍ നിലനിന്നിരുന്നു. കെ മുരളീധരന്‍ എം.പിയും യു.ഡി.എഫ് കണ്‍വീനര്‍ എം. എം ഹസനും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ പരസ്യമായി പിന്തുണച്ചപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അങ്ങനൊരു നീക്കു പോക്കില്ലെന്നാണ് ആവര്‍ത്തിച്ചത്.

എന്നാല്‍ സംസ്ഥാനതലത്തില്‍ അത്തരമൊരു നീക്കു പോക്കിന് ധാരണയാക്കിയിട്ടുണ്ടെന്നായിരുന്നു കെ മുരളീധരന്‍ ആവര്‍ത്തിച്ച് പറഞ്ഞത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കിയത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ടെന്നും മുരളീധരന്‍ ആവര്‍ത്തിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Welfare Party against Mullappally Ramachandran on their understandings in local body polls