പ്രതിപക്ഷസ്ഥാനം ആവശ്യപ്പെടുമെന്ന് ഒവൈസി; എ.ഐ.എം.ഐ.എം സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടി
ന്യൂദല്‍ഹി: എ.ഐ.എം.ഐ.എമ്മിന് പ്രതിപക്ഷസ്ഥാനം നല്‍കണമെന്ന തെലങ്കാനാ നിയമസഭാ സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് എ.ഐ.എം.ഐ.എം എന്നും ഒവൈസി പറഞ്ഞു.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് എ.ഐ.എം.ഐ.എം. എണ്ണത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതലാണ്. പ്രതിപക്ഷ സ്ഥാനം ആവശ്യപ്പെട്ട് ഞങ്ങള്‍ സ്പീക്കറെ സമീപിക്കും. ഉചിതമായ തീരുമാനം ഉണ്ടാവുമെന്ന് തന്നെയാണ് കരുതുന്നതെന്നും ഒവൈസി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്നു മത്സരിച്ച ഒവൈസി 2.82 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. നാലാംവട്ടമാണ് ഒവൈസി ലോക്‌സഭയിലെത്തുന്നത്. 2004, 2009, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു ഒവൈസി ഇതിനുമുന്‍പ് വിജയിച്ചുകയറിയത്. കഴിഞ്ഞതവണ 2.02 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഒവൈസി നേടിയത്.കഴിഞ്ഞതവണ രാജ്യത്ത് എ.ഐ.എം.ഐ.എം നേടിയ ഏക സീറ്റും ഇതാണ്.
തെലങ്കാനയിലെ 12 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ടി.ആര്‍.എസ്.എല്‍.പിയുമായി ലയിച്ചിരുന്നു. ഇതോടെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം. പാര്‍ട്ടി ഏഴ് എം.എല്‍.എമാരുമായി നിയമസഭയില്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി ഉയര്‍ന്നത്.