സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ദശരഥം. സിബി മലയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ചെറുപ്രായത്തില്‍ തന്നെ മോഹന്‍ലാലിലെ അഭിനയ പ്രതിഭ അഴിഞ്ഞാടുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെ സജീവമായിരുന്നു. രണ്ടാം ഭാഗത്തെ പറ്റി സിബി മലയില്‍ തന്നെ പലയിടങ്ങളിലും സംസാരിച്ചിരുന്നു.
ദശരഥം രണ്ടാം ഭാഗത്തില്‍ മകനെ തിരക്കിയിറങ്ങുന്ന രാജീവ് മേനോനെ ആയിരിക്കും കാണുക എന്ന് പറയുകയാണ് സിബി മലയില്‍. പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദശരഥം രണ്ടാം ഭാഗത്തെ പറ്റി സിബി മലയില്‍ സംസാരിച്ചത്.
‘പണം കൊണ്ട് എന്തും വാങ്ങാം എന്ന് വിചാരിച്ച വ്യക്തിയാണ് രാജീവ് മേനോന്. എന്നാല്‍ ചിത്രത്തിന്റെ അവസാനം ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അയാള്‍ മനസിലാക്കുന്നു. അയാള്‍ കരഞ്ഞുനില്ക്കുന്നിടത്താണ് ആ സിനിമ അവസാനിക്കുന്നത്. ഇപ്പോള്‍ പത്തുമുപ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. അയാള്‍ ഇപ്പോള്‍ എവിടെയാണ്, എന്താണെന്നുള്ള ഒരു അന്വേഷണമാണ് ദശരഥത്തിന്റെ രണ്ടാം ഭാഗം.
ഒറ്റപ്പെട്ടു പോയതിന്റെ അനാഥത്വം അയാള്‍ക്ക് തോന്നിത്തുടങ്ങി. ഒപ്പമുള്ളവരൊക്കെ പല കാരണങ്ങളാല്‍ മരിച്ചുപോവുകയോ വിട്ടുപോവുകയോ ചെയ്തു. ആ അവസ്ഥയിലാണ് തന്റെ രക്തത്തില്‍ പിറന്ന മകനെ പറ്റി അയാള്‍ ഓര്‍ക്കുന്നത്. ഇനിയുള്ള കാലമെങ്കിലും അവന്റെ സ്നേഹമറിഞ്ഞ് ജീവിക്കണം എന്നയാള്‍ക്കുണ്ട്. മകനെ അന്വേഷിച്ചുള്ള യാത്രക്കിടയില്‍ സ്വന്തം ജീവിതത്തിലേക്ക് തന്നെ തിരിഞ്ഞുനോക്കേണ്ട അവസ്ഥ അയാള്‍ക്ക് ഉണ്ടാവുകയാണ്. തന്റെ ശരിതെറ്റുകളെ പറ്റി ചിന്തിച്ച് അയാള്‍ തീരുമാനമെടുക്കുകയാണ്.
രണ്ടാം ഭാഗത്തില്‍ മകന്റെ കഥാപാത്രും ഉണ്ടാവും. മകനായി പ്രണവിനെ തന്നെ ആലോചിച്ചിരുന്നു. രാജീവിന്റെ മകന് വളര്‍ന്ന് വലുതാകുമ്പോഴുള്ള അതേ പ്രായം തന്നെയാണ് പ്രണവിനും. പ്രണവിനിപ്പോള്‍ 32 വയസായി.
മകനെ കണ്ടെത്തുന്നത് ഷോക്കിങ്ങായ അവസ്ഥയിലായിരിക്കും. അത് അയാളെ തകര്‍ത്തുകളയും. ആ നഷ്ടം വേറെ ആര്‍ക്കും മനസിലാവില്ല. രാജീവ് അങ്ങനെ തന്നെ ഇരുന്നാല്‍ മതി. അതിന് ഇനി തുടര്‍ച്ച വേണ്ട എന്ന് പലരും സോഷ്യല്‍ മീഡിയയില്‍ എഴുതിയത് കണ്ടു. എന്നാല്‍ ഇത് തുടര്‍ച്ചയാണ്. ദശരഥത്തിനൊപ്പം നില്ക്കും. അതിനെക്കാള്‍ ഒട്ടും താഴെ പോവില്ല,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: we thought of Pranav mohanlal as mohanlal’s son in dasharatham second part