അവൻ കോഹ്ലിയല്ല, നാ​ഗവല്ലിയാണ്; മെൽബണിൽ നടന്ന മത്സരത്തിലെ അനുഭവം പങ്കുവെച്ച് ആർ അശ്വിൻ
Cricket
അവൻ കോഹ്ലിയല്ല, നാ​ഗവല്ലിയാണ്; മെൽബണിൽ നടന്ന മത്സരത്തിലെ അനുഭവം പങ്കുവെച്ച് ആർ അശ്വിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th October 2022, 6:13 pm

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ത്രില്ലടിപ്പിച്ച മാച്ച് ഫിനിഷായിരുന്നു 2022 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ മെലബൺ ടി-20.

പാകിസ്ഥാന്റെ ലോകോത്തര ബൗളിങ് നിരയെ കടന്നാക്രമിച്ചുകൊണ്ട് വിരാട് കോഹ്‌ലി ഇന്ത്യക്ക് ഐതിഹാസിക ജയം സമ്മാനിക്കുകയായിരുന്നു.

അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ വിരാട് പാകിസ്ഥാന്റെ കയ്യിൽ നിന്നും വിജയം തട്ടിപ്പറിച്ച് ഇന്ത്യക്ക് നൽകുകയായിരുന്നു.

അവസാന രണ്ട് ഓവറുകളിലാണ് പാകിസ്ഥാന്റെ നെഞ്ചിൽ ഇടിത്തീ വീഴ്ത്തി വിരാട് കത്തിക്കയറിയത്.

വിരാടിന്റെ പ്രകടനത്തെ പുകഴ്ത്തി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിരാടിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുന്നത് സഹതാരമായ ആർ അശ്വിൻ തന്നെയാണ്.

പാകിസ്ഥാനെതിരെ വിജയ റൺസ് നേടിയ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ, കോഹ്ലിയുടെ ബാറ്റിങ്ങ് മികവിനെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രശംസിക്കുകയായിരുന്നു.

വിരാടിന്റെ വമ്പൻ പ്രകടനത്തെ തമിഴ് ചിത്രമായ ചന്ദ്രമുഖിയുമായാണ് അശ്വിൻ ഉപമിച്ചത്. മലയാള സിനിമയായ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആണ് രജനീകാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ചന്ദ്രമുഖി.

‘എനിക്ക് തോന്നുന്നു അന്ന് വിരാടിന്റെ ഉള്ളിൽ എന്തോ ആത്മാവ് കടന്നു കൂടിയിരുന്നെന്ന്, അജ്ജാതി പ്രകടനമായിരുന്നില്ലെ. 45 പന്തുകൾക്ക് ശേഷം ഗംഗയിൽ നിന്ന് ചന്ദ്രമുഖിയിലേക്കുള്ള പരിവർത്തനമാണ് ഞങ്ങൾ വിരാടിൽ കണ്ടത്,’ അശ്വിൻ പറഞ്ഞു.

2005ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലെ ചന്ദ്രമുഖി എന്ന ഗംഗ സെന്തിൽനാഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രധാന നടി ജ്യോതികയാണ്. മലയാളത്തിൽ ശോഭന അനശ്വരമാക്കിയ കഥാപാത്രമാണ് ഗംഗ.

അക്ഷരാർത്ഥത്തിൽ വിരാട് കോഹ്‌ലി കളം നിറഞ്ഞാടിയ മത്സരമായിരുന്നു മെൽബണിലേത്. തോറ്റു എന്നുറപ്പിച്ചിടത്ത് നിന്നുമാണ് വിരാട് ഇന്ത്യയെ കൈപിടിച്ചുയർത്തിയത്.

സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്കൊപ്പം ചേർന്ന് പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറയായത്.

മുൻ നിരയാകെ തകർന്നടിഞ്ഞ മത്സരത്തിൽ ഇന്ത്യയെ ജയിപ്പിക്കാനവതരിച്ചത് വിരാട് മാത്രമായിരുന്നു.

19ാം ഓവറിൽ പാരിസ് റൗഫിനെ തുടരെ തുടരെ സിക്‌സറിന് തൂക്കി തന്റെ ക്ലാസ് പെർമെനന്റാണെന്ന് കോഹ്‌ലി ഒരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു.

ലോകകപ്പ് വിന്നിങ് മൊമെന്റ് പോലെ പ്രാധാന്യമർഹി

ക്കുന്ന ഒന്നുതന്നെയായിരുന്നു വിരാടിന്റെ ഇന്നിങ്‌സ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ 159 റൺസ് നേടിയിരുന്നു. 160 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തിൽ ആർ. അശ്വിന്റെ സിംഗിളിലൂടെ വിജയം പിടിച്ചടക്കുകയായിരുന്നു.

ഒക്ടോബർ 27നാണ് ഇന്ത്യയുടെ അടുത്ത മത്സരം. നെതർലൻഡ്‌സാണ് എതിരാളികൾ.

Content Highlights: We saw Virat Kohli’s transformation from Ganga to Chandramukhi, says R Aswin