Entertainment
റിലീസ് വരെ കാത്തിരിക്കാനുള്ള സമയമൊന്നുമില്ല, ബുക്കിങ് ആരംഭിച്ച ദിവസം തന്നെ ഒടിയനെയടക്കം തകര്‍ത്ത് ഖുറേഷി അബ്രാം

മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രേസാണ് മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന് വേണ്ടി നടക്കുന്നത്. ഒരു മലയാളസിനിമയുടെ ഏറ്റവും വലിയ റിലീസാണ് എമ്പുരാന്‍ ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഇടയ്ക്ക് രണ്ടാഴ്ചയോളം പ്രൊമോഷന്‍ പരിപാടികള്‍ മുടങ്ങിയെങ്കിലും പൂര്‍വാധികം ശക്തിയോടെ എമ്പുരാന്‍ വീണ്ടും ലൈവായി നില്‍ക്കുകയാണ്.

കേരളത്തില്‍ ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഓവര്‍സീസില്‍ നിന്ന് മാത്രം 13 കോടിയോളം ചിത്രം ബുക്കിങ്ങിലൂടെ നേടിയിരുന്നു. ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ആദ്യമണിക്കൂറില്‍ തന്നെ 93,000 ടിക്കറ്റുകള്‍ വിറ്റ് റെക്കോഡ് നേടാനും എമ്പുരാന് സാധിച്ചു.

പല തിയേറ്ററുകളിലും ആദ്യദിവസം എക്‌സ്ട്രാ ഷോസ് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ബുക്കിങ് ആരംഭിച്ച് 12 മണിക്കൂറിനുള്ളില്‍ കേരളത്തിലെ പല ആദ്യദിന കളക്ഷനും എമ്പുരാന്‍ തകര്‍ത്തിരിക്കുകയാണ്. നിലവില്‍ വിജയ് നായകനായ ലിയോയാണ് ഒന്നാം സ്ഥാനത്ത്. 12 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്.

ലിയോക്ക് പിന്നിലുള്ള ഒടിയന്‍, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളെ തകര്‍ത്ത് എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 7.4 കോടിയാണ് എമ്പുരാന്‍ ബുക്കിങ്ങിലൂടെ മാത്രം സ്വന്തമാക്കിയത്. 7.2 കോടി നേടിയ ഒടിയനായിരുന്നു ഇതുവരെ കേരള ബോക്‌സ് ഓഫീസിലെ ഒന്നാമന്‍. ഇതോടെ സ്വന്തം കളക്ഷന്‍ റെക്കോഡ് വീണ്ടും തകര്‍ത്ത് മോളിവുഡിനെ മോഹന്‍ലാല്‍വുഡാക്കി മാറ്റിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍.

റിലീസിന് ഇനി ആറ് ദിവസം ബാക്കിനില്‍ക്കെ പ്രീസെയിലിലൂടെ മാത്രം 10 കോടിക്കുമുകളില്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. ആദ്യദിന കളക്ഷനില്‍ ലിയോയെ എമ്പുരാന്‍ മറികടക്കുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്. ആദ്യദിനം മാത്രം വേള്‍ഡ്‌വൈഡായി 50 കോടി എമ്പുരാന്‍ നേടിയാലും അതില്‍ അതിശയപ്പെടാനില്ല.

ചിത്രത്തിന്റെ ഓഫ്‌ലൈന്‍ പ്രൊമോഷനുകളും തകൃതിയായി നടക്കുകയാണ്. കഴിഞ്ഞദിവസം മുംബൈയില്‍ എമ്പുരാന്റെ ഐമാക്‌സ് ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു. വരുംദിവസങ്ങളില്‍ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഗ്രാന്‍ഡായിട്ടുള്ള പ്രീ റിലീസ് ഇവന്റുകളും അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. മലയാളസിനിമയുടെ സകല കളക്ഷന്‍ റെക്കോഡും എമ്പുരാന്‍ തിരുത്തിക്കുറിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന്റേത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്. ചിത്രം ഐമാക്‌സ് ഫോര്‍മാറ്റിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഐമാക്‌സ് ഫോര്‍മാറ്റിലെത്തുന്ന ആദ്യ മലയാളചിത്രവും എമ്പുരാന്‍ തന്നെയാണ്.

Content Highlight: Empuraan becomes the biggest opening Malayalam movie only through booking