Advertisement
Entertainment
തുടര്‍ച്ചയായി പരാജയങ്ങള്‍ വന്ന് ഫീല്‍ഡ് ഔട്ടിന്റെ വക്കില്‍ നില്‍ക്കുമ്പോഴായിരുന്നു എന്നെത്തേടി ആ സിനിമ വന്നത്, ജീവിതം തിരിച്ചുതന്നു: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 23, 04:46 pm
Sunday, 23rd March 2025, 10:16 pm

ജൂനിയര്‍ ആര്‍ട്ടിസ്റ്റായും സഹനടനായും വേഷമിട്ട് ഇന്ന് തമിഴിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറിയയാളാണ് വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായി അരങ്ങേറി. പിന്നീട് വളരെ പെട്ടെന്ന് തന്നെ തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയിലേക്ക് നടന്നുകയറാന്‍ വിജയ് സേതുപതിക്ക് സാധിച്ചു. സൂപ്പര്‍ ഡീലക്‌സിലൂടെ ദേശീയ അവാര്‍ഡ് നേടിയ വിജയ് സേതുപതി കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മഹാരാജയിലൂടെ 50 സിനിമകള്‍ എന്ന നാഴികക്കല്ലും പിന്നിട്ടു.

മഹാരാജ എന്ന സിനിമ തന്റെയടുത്തേക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. രണ്ട് വര്‍ഷത്തോളം താന്‍ ചെയ്ത സിനിമകള്‍ പലതും ഫ്‌ളോപ്പായിരുന്നെന്നും തന്റെ കാലം അവസാനിച്ചെന്ന് പലരും അഭിപ്രായപ്പെട്ടെന്നും വിജയ് സേതുപതി പറഞ്ഞു. ആ സമയത്ത് തന്നെത്തേടി വന്ന സിനിമയായിരുന്നു മഹാരാജയെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ അത് തന്റെ തിരിച്ചുവരവാണെന്ന് ഉറപ്പിച്ചിരുന്നെന്നും ഷൂട്ടിന്റെ സമയത്ത് തന്നെ അതൊരു മികച്ച സിനിമയാകുമെന്ന് അറിയാമായിരുന്നെന്നും വിജയ് സേതുപതി പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും, ഏറ്റവും മികച്ച സിനിമയുമായി പലരും മഹാരാജയെ കണക്കാക്കാറുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

ചിത്രം ഇന്ത്യക്ക് പുറമെ ചൈനയില്‍ അത്ര വലിയ ഹിറ്റാകുമെന്ന് കരുതിയില്ലായിരുന്നെന്നും അതെല്ലാം തനിക്ക് സന്തോഷം തന്നെന്നും വിജയ് സേതുപതി പറഞ്ഞു. ചിത്രത്തിന്റെ എല്ലാ വിജയത്തിനും കാരണം സംവിധായകന്‍ നിതിലാണെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.

‘രണ്ടുമൂന്ന് വര്‍ഷത്തോളം ഞാന്‍ ചെയ്ത ഒരൊറ്റ സിനിമ പോലും ബോക്‌സ് ഓഫീസില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവെച്ചില്ല. ‘വിജയ് സേതുപതിയുടെ കാലം കഴിഞ്ഞു’ എന്ന് പലരും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. എന്നാല്‍ മഹാരാജ എന്ന പടത്തിന്റെ സ്‌ക്രിപ്റ്റ് എന്റെയടുത്തേക്ക് വന്നപ്പോള്‍ എനിക്ക് സന്തോഷമായി.

ഈ സിനിമ വര്‍ക്കാകുമെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. അത് ഷൂട്ടിന്റെ സമയം മുഴുവന്‍ ഉണ്ടായിരുന്നു. എന്റെ തിരിച്ചുവരവ് എന്നതിലുപരി കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മഹാരാജ മാറി. ചൈനയില്‍ ആ സിനിമ ഇത്ര നല്ല പെര്‍ഫോമന്‍സ് കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാത്തിനും കാരണക്കാരന്‍ സംവിധായകന്‍ നിതിലനാണ്. അയാളില്ലെങ്കില്‍ മഹാരാജയില്ല,’ വിജയ് സേതുപതി പറയുന്നു.

Content Highlight: Vijay Sethupathi says that Maharaja put a full stop for his continuous flops