IPL
കേരളത്തിനായി ഇതുവരെ കളിക്കാത്ത മലയാളി; ആദ്യ മൂന്ന് ഓവറില്‍ ക്യാപ്റ്റനടക്കം മൂന്ന് വിക്കറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Sunday, 23rd March 2025, 10:52 pm

ഐ.പി.എല്ലില്‍ തിളങ്ങി മലയാളി താരം വിഗ്നേഷ് പുത്തൂര്‍. ചെപ്പോക്കില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍ മത്സരത്തില്‍ മുംബൈയുടെ ഇംപാക്ട് പ്ലെയറായാണ് താരം കളത്തിലിറങ്ങിയത്. രോഹിത് ശര്‍മയ്ക്ക് പകരമായിരുന്നു ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നറുടെ ഐ.പി.എല്‍ അരങ്ങേറ്റം.

മലയാളിയെങ്കിലും സീനിയര്‍ തലത്തില്‍ കേരളത്തിനായി ഒറ്റ ടി-20 മത്സരം പോലും താരം കളിച്ചിട്ടില്ല. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന വിഗ്നേഷ് ടൂര്‍ണമെന്റില്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു.

 

ഐ.പി.എല്‍ മെഗാ ലേലത്തില്‍ അടിസ്ഥാനവിലയായ 30 ലക്ഷത്തിനാണ് മുംബൈ ഇന്ത്യന്‍സ് മലയാളി താരത്തെ ടീമിലെത്തിച്ചത്. നേരത്തെ എം.ഐ കേപ്ടൗണിനായി നെറ്റ് ബൗളറായും താരം പ്രവര്‍ത്തിച്ചിരുന്നു.

മത്സരത്തില്‍ പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ വിഗ്നേഷ് വിക്കറ്റ് നേടിയാണ് താരം വരവറിയിച്ചത്. അര്‍ധ സെഞ്ച്വറിയുമായി മികച്ച ഫോമില്‍ ബാറ്റ് വീശിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ മടക്കിക്കൊണ്ടായിരുന്നു താരത്തിന്റെ തുടക്കം.

എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച ഗെയ്ക്വാദിന് പിഴയ്ക്കുകയും വില്‍ ജാക്‌സിന്റെ കൈകളിലൊതുങ്ങുകയുമായിരുന്നു. ആദ്യ ഐ.പി.എല്‍ വിക്കറ്റില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പടെയുള്ള താരങ്ങള്‍ വിഗ്നേഷിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരുന്നു.

സ്‌പെല്ലിലെ രണ്ടാം ഓവറില്‍ സൂപ്പര്‍ കിങ്‌സിന്റെ സിക്‌സ് ഹിറ്റിങ് മെഷീന്‍ ശിവം ദുബെയെ മടക്കിയാണ് വിഗ്നേഷ് താനൊരു വണ്‍ ഹിറ്റ് വണ്ടറല്ല എന്ന് വ്യക്തമാക്കിയത്. സിക്‌സറടിക്കാനുള്ള ശ്രമത്തിനിടെയാണ് ചെന്നൈയുടെ ആറുച്ചാമി മടങ്ങിയത്. ഏഴ് പന്തില്‍ ഒമ്പത് റണ്‍സുമായി നില്‍ക്കവെ തിലക് വര്‍മയാണ് താരത്തെ ക്യാച്ചെടുത്ത് മടക്കിയത്.

ദീപക് ഹൂഡയുടേതായിരുന്നു അടുത്ത ഊഴം. വിഗ്നേഷ് എറിഞ്ഞ 12ാം ഓവറിലെ നാലാം പന്തില്‍ സത്യനാരായണ രാജുവിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

നിലവില്‍ മൂന്ന് ഓവര്‍ എറിഞ്ഞ താരം 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയിരിക്കുകയാണ്.

മുംബൈ ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 119 എന്ന നിലയിലാണ്. നാല് പന്തില്‍ രണ്ട് റണ്‍സുമായി രവീന്ദ്ര ജഡേജയും 36 പന്തില്‍ 41 റണ്‍സുമായി രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, നമന്‍ ധിര്‍, റോബിന്‍ മിന്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, എസ്. രാജു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറന്‍, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്.

 

Content Highlight: IPL 2025: MI vs CSK: Vignesh Puthur’s brilliant bowling performance