IPL
'ദൈവത്തിന്റെ പോരാളികള്‍' ഡയലോഗ് പൊടിതട്ടിയെടുത്തോളൂ; തോറ്റ് തുടങ്ങി മുംബൈ; എല്‍ ക്ലാസിക്കോയില്‍ ചെന്നൈയുടെ വിസിലടി
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Sunday, 23rd March 2025, 11:10 pm

 

ഐ.പി എല്ലിലെ എൽ ക്ലാസിക്കോ മത്സരത്തിൽ മുംബൈക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് ജയം. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ചെന്നൈ ജയം സ്വന്തമാക്കിയത്

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മുന്‍ നായകന്‍ രോഹിത് ശര്‍മയെ പൂജ്യത്തിന് നഷ്ടപ്പെട്ടിരുന്നു. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

റിയാന്‍ റിക്കല്‍ടണ്‍ (ഏഴ് പന്തില്‍ 13), വില്‍ ജാക്സ് (ഏഴ് പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളും മുന്‍ ചാമ്പ്യന്‍മാര്‍ക്ക് നഷ്ടപ്പെട്ടിരുന്നു.

പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും മികച്ച രീതിയില്‍ ഇന്നിങ്സ് കെട്ടിപ്പടുക്കവെ സൂര്യയെ മടക്കി നൂര്‍ അഹമ്മദ് കൂട്ടുകെട്ട് പൊളിച്ചു. വിക്കറ്റിന് പിന്നില്‍ എം.എസ്. ധോണി ഒരിക്കല്‍ക്കൂടി ഇടിമിന്നലായപ്പോള്‍ സ്‌കൈ 26 പന്തില്‍ 29 റണ്‍സുമായി മടങ്ങി.

പിന്നാലെയെത്തിയ റോബിന്‍ മിന്‍സ് ചലനമുണ്ടാക്കാതെ മടങ്ങി. റോബിന്‍ മിന്‍സിനെ പുറത്താക്കിയ അതേ ഓവറില്‍ തന്നെ തിലക് വര്‍മയെയും മടക്കി നൂര്‍ അഹമ്മദ് വീണ്ടും തന്റെ മാജിക് പുറത്തെടുത്തു. 25 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്.

അവസാന ഓവറുകളില്‍ ദീപക് ചഹറിന്റെ ചെറുത്തുനില്‍പ്പാണ് മുംബൈയെ 150 കടത്തിയത്. 18 പന്തില്‍ പുറത്താകാതെ 28 റണ്‍സാണ് താരം നേടിയത്.

ചെന്നൈയ്ക്കായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നൂര്‍ അഹമ്മദിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്റെ ബലത്തിലാണ് എതിരാളികളെ വലിയ സ്‌കോറിലേക്ക് കുതിക്കാതെ സൂപ്പര്‍ കിങ്സ് തളച്ചിട്ടത്. മെഗാ താരലേലത്തില്‍ പത്ത് കോടി മുടക്കിയാണ് ചെന്നൈ അഫ്ഗാന്‍ പ്രോഡിജിയെ ചെപ്പോക്കിലെത്തിച്ചത്.

നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയാണ് നൂര്‍ അഹമ്മദ് തിളങ്ങിയത്. റിയാന്‍ റിക്കല്‍ടണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റോബിന്‍ മിന്‍സ് എന്നിവരെയാണ് താരം മടക്കിയത്.

ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച താരമാകാനും നൂര്‍ അഹമ്മദിന് സാധിച്ചു.

ചെന്നൈ നിരയില്‍ നൂര്‍ അഹമ്മദിന് പുറമെ ഖലീല്‍ അഹമ്മദും തിളങ്ങി. നാല് ഓവര്‍ പന്തെറിഞ്ഞ് 29 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ആര്‍. അശ്വിനും നഥാന്‍ എല്ലിസും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് രണ്ടാം ഓവറില്‍ രാഹുല്‍ ത്രിപാഠിയെ നഷ്ടപ്പെട്ടിരുന്നു. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് നേടിയാണ് താരം മടങ്ങിയത്. എന്നാല്‍ തരണ്ടാം വിക്കറ്റില്‍ ക്യാപ്റ്റനെ ഒപ്പം കൂട്ടി രചിന്‍ രവീന്ദ്ര സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

കാറ്റിനെ വെല്ലുന്ന വേഗത്തിലാണ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ബാറ്റ് വീശിയത്. 26 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 53 റണ്‍സാണ് താരം സ്വന്തമാക്കിയത്. ടീം സ്‌കോര്‍ 78ല്‍ നില്‍ക്കവെ മുംബൈയുടെ ഇംപാക്ട് പ്ലെയറായെത്തിയ വിഗ്നേഷ് പുത്തൂരിന് വിക്കറ്റ് നല്‍കിയാണ് ചെന്നൈ ക്യാപ്റ്റന്‍ പുറത്തായത്.

പിന്നാലെയെത്തിയ ശിവം ദുബെയും (ഏഴ് പന്തില്‍ ഒമ്പത്), ദീപക് ഹൂഡ (അഞ്ച് പന്തില്‍ മൂന്ന്) എന്നിവരെയും വിഗ്നേഷ് മടക്കി.

ഏറെ പ്രതീക്ഷയോടെ സ്വന്തമാക്കിയ സാം കറനും ചെന്നെെ ആരാധകരെ നിരാശപ്പെടുത്തി.

കൃത്യമായ ഇടവേളകളില്‍ മുംബൈ വിക്കറ്റ് വീഴ്ത്തിയെങ്കിലും മറുവശത്ത് ഉറച്ചുനിന്ന രചിന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

അവസാന ഓവറില്‍ നാല് റണ്‍സ് വേണമെന്നിരിക്കെ ധോണിയെ സാക്ഷിയാക്കി മിച്ചല്‍ സാന്റ്‌നറിനെ സിക്‌സറിന് പറത്തിയാണ് രചിന്‍ രവീന്ദ്ര ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

രചിന്‍ 45 പന്തില്‍ പുറത്താകാതെ 65 റണ്‍സ് നേടി.

മുംബൈയ്ക്കായി വിഗ്നേഷ് പുത്തൂര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വില്‍ ജാക്‌സും ദീപക് ചഹറും ഓരോ വിക്കറ്റ് വീതവും നേടി.

 

Content Highlight: IPL 2025: MI vs CSK: Chennai Super Kings defeated Mumbai Indians