റോഡ് ഉപരോധിച്ചത് ഞങ്ങളല്ല, സര്‍ക്കാരാണ്; അവര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ്; ദില്ലി ചലോ മാര്‍ച്ചില്‍ കര്‍ഷകര്‍
ന്യൂദല്‍ഹി: കര്‍ഷകരെ നേരിടാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് അധികാരികളെന്ന് കര്‍ഷക നേതാവും കിസാന്‍ മസ്ദൂര്‍ സന്‍ഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സര്‍വാന്‍ സിങ് പന്ദര്‍.
ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നും സംസ്ഥാനം ഇന്ന് കശ്മീര്‍ താഴ്‌വരയ്ക്ക് സമാനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിനെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. പ്രതിഷേധ മാര്‍ച്ച് പഞ്ചാബ്- ഹരിയാന അതിര്‍ത്തിക്കടുത്തുള്ള ശംഭുവിനടുത്ത് എത്തിയപ്പോഴാണ് പൊലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
കര്‍ഷക മാര്‍ച്ചിനെ തുടര്‍ന്ന് പഞ്ചാബ് ഹരിയാന അതിര്‍ത്തികളില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെയും സര്‍വാന്‍ സിങ് പന്ദര്‍ രംഗത്തെത്തി.
ഹരിയാനയിലെ റോഡ് ഉപരോധിച്ചത് കര്‍ഷകരല്ലെന്നും സര്‍ക്കാര്‍ തന്നെയാണെന്നും സര്‍വാന്‍ സിങ് പന്ദര്‍ ആരോപിച്ചു.
‘റോഡ് ഉപരോധിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. കര്‍ഷക മാര്‍ച്ചിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് രണ്ട് മൂന്ന് ദിവസമായി സംസ്ഥാനത്തെ റോഡുകള്‍ അടച്ചിട്ടിരിക്കുന്നത്. മധ്യപ്രദേശില്‍ കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച നിരവധി കര്‍ഷകരെ പൊലീസ് തടഞ്ഞു വെച്ചിരിക്കുകയാണ്,’ സര്‍വാല്‍ സിങ് പന്ദര്‍ പറഞ്ഞു.
ഞങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യുകയും രാജ്യത്തിന് ഭക്ഷണം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ അധികാരികള്‍ ഞങ്ങളുടെ സമരം തടയാന്‍ ദേശീയ തലസ്ഥാനത്ത് അവരുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് ചെയ്യുന്നത്.
കര്‍ഷകരെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ഗ്രാമങ്ങളിലേക്കും പൊലീസിനെ അയക്കുകയും ചെയ്തു. കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുെമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം കര്‍ഷക സംഘടനകള്‍ പൂര്‍ണമായും നിരസിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ചില്‍ പങ്കെടുത്ത നിരവധി കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയതതായും കര്‍ഷകരെ തടയുന്നതിനായി റോഡില്‍ മണ്‍ഭിത്തികള്‍ നിര്‍മിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കര്‍ഷക നേതാക്കളും കേന്ദ്ര മന്ത്രിമാരുമായി തിങ്കളാഴ്ച നിര്‍ണായക യോഗം നടന്നുവെങ്കിലും ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് 200 കര്‍ഷക യൂനിയന്‍ നേതാക്കള്‍ ചേര്‍ന്ന് ചൊവ്വാഴ്ച സമരം ആരംഭിക്കുമെന്ന് കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പന്ദര്‍ പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച രാത്രി അഞ്ച് മണിക്കൂറോളം ചര്‍ച്ചകള്‍ നീണ്ടെങ്കിലും പ്രധാന ആവശ്യങ്ങളില്‍ ധാരണയിലെത്തുന്നതില്‍ നിന്നും ഇരുപക്ഷവും പരാജയപ്പെട്ടു.
എന്നാല്‍ മിക്ക വിഷയങ്ങളിലും ഒരു സമവായത്തിലെത്താന്‍ സാധിച്ചുവെന്നും, കര്‍ഷകരുടെ മറ്റ് ആവശ്യങ്ങളില്‍ പരിഹരിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
കര്‍ഷക പ്രക്ഷോഭം കണക്കിലെടുത്ത് ദല്‍ഹിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ദല്‍ഹിയില്‍ 30 ദിവസത്തെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി അതിര്‍ത്തികളില്‍ എല്ലാ ഒത്തു ചേരലുകള്‍ക്കും വിലക്കേര്‍പ്പെടുത്തി കൊണ്ട് പൊലീസ് നേരത്തെ ഉത്തരവിറക്കിയിരുന്നു.
കര്‍ഷക മാര്‍ച്ചിനെ തുടര്‍ന്ന് ദേശീയ തലസ്ഥാനത്തോട് ചേര്‍ന്ന പ്രധാന അതിര്‍ത്തികളിലെല്ലാം വലിയ തിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗാസിപ്പൂര്‍, ചില്ലാ അതിര്‍ത്തികല്‍ വഴി ദല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകളില്‍ നിലവില്‍ വന്‍ ഗതാഗതക്കുരുക്കാണ്.
Content Highlight: We grow foodgrains and we feed the country and they have grown a crop of nails” for us