ഞങ്ങൾ ഇറാനെ നേരിട്ട് ആക്രമിക്കുന്നുണ്ട്, ഇസ്രഈലിനെ നശിപ്പിക്കാൻ അവർ എന്തും ചെയ്യും: നെതന്യാഹു
World News
ഞങ്ങൾ ഇറാനെ നേരിട്ട് ആക്രമിക്കുന്നുണ്ട്, ഇസ്രഈലിനെ നശിപ്പിക്കാൻ അവർ എന്തും ചെയ്യും: നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2024, 2:41 pm

ടെൽ അവീവ്: ആണവായുധങ്ങൾ ലഭ്യമാക്കുന്നതിൽ ഇറാനെ തടയുന്നതിന് വേണ്ടി എല്ലാ തരത്തിലും പരിശ്രമിക്കുകയാണെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഇറാനെ നേരിട്ട് ആക്രമിക്കുന്നതിന് പകരം അവരുടെ കൂട്ടുകക്ഷികളെ ആക്രമിക്കുന്നത് എന്തുകൊണ്ടാണ് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇറാനെ തങ്ങൾ ആക്രമിക്കുന്നുണ്ടെന്ന് നെതന്യാഹു മറുപടി നൽകി.

‘ആരാണ് പറഞ്ഞത്‌ ഞങ്ങൾ ഇറാനെ ആക്രമിക്കുന്നില്ലെന്ന്. ഞങ്ങൾ അവരെ ആക്രമിക്കുന്നുണ്ട്,’ നെതന്യാഹു പറഞ്ഞു.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിനെതിരെ നടത്തിയ ആക്രമണം ആസൂത്രണം നടത്തിയത്തിൽ ഇറാനും പങ്കുണ്ടെന്നാണ് ഇസ്രഈൽ ആരോപിക്കുന്നത്.

‘ഇറാനാണ് ഹമാസിന് പിന്നിൽ നിൽക്കുന്നത്. ഞങ്ങൾ ഇറാനുമായി സംഘർഷത്തിലാണ്. ഇറാന് നമ്മളെ നശിപ്പിക്കാനായി നമുക്കെതിരെ എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് ആലോചിച്ചുനോക്കൂ,’ നെതന്യാഹു പറഞ്ഞു.

ഹമാസിന് പണവും പരിശീലനവും ആയുധങ്ങളും നൽകുന്നത് ഇറാനാണ് എന്ന ആരോപണവും ഇസ്രഈൽ സ്ഥിരമായി ഉയർത്തുന്നുണ്ട്. മാത്രമല്ല, ലെബനനിലെ ഹിസ്ബുള്ളക്കും യെമനിലെ ഹൂത്തികൾക്കും ആയുധം വിതരണം ചെയ്യുന്നത് ഇറാൻ ആണെന്ന് യു.എസും ആരോപിക്കുന്നുണ്ട്.

എന്നാൽ വളരെ അപൂർവമായി മാത്രമേ ഇറാനെ നേരിട്ട് ആക്രമിക്കുന്നുണ്ടെന്ന് ഇസ്രഈൽ സമ്മതിക്കാറുള്ളൂ. ഇറാന്റെ വ്യോമതാവളത്തിൽ ആക്രമിച്ചുവെന്നും ഇസ്‌ലാമിക് ഗാർഡ് കോർപ്സ് കമാൻഡറെ കൊലപ്പെടുത്തിയെന്നും ഡിസംബറിൽ ഇസ്രഈൽ മുൻ പ്രധാനമന്ത്രിയായ നഫ്താലി ബെന്നെറ്റ് വോൾ സ്ട്രീറ്റ്‌ ജേണലിൽ എഴുതിയ ലേഖനത്തിൽ തുറന്നുസമ്മതിച്ചിരുന്നു.

ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനാണ് ഹൂത്തികളെ സഹായിക്കുന്നതെന്ന യു.എസിന്റെ ആരോപണം ഹൂത്തികളും ഇറാനും നിഷേധിച്ചിരുന്നു.

ഫലസ്തീനിലെ തങ്ങളുടെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തങ്ങൾ ചെങ്കടലിൽ ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുന്നത് എന്നാണ് ഹൂത്തികൾ പറയുന്നത്.

Content highlight: ‘We are attacking Iran’ – Netanyahu