മൃതദേഹം പ്രതീക്ഷിച്ചെത്തുന്നവർക്ക് ലഭിക്കുന്നത് ഉറ്റവരുടെ ശരീരഭാഗങ്ങള്‍; മോർച്ചറിക്ക് മുന്നിലെ കരളലിയിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് വളന്റിയർമാർ
Kerala News
മൃതദേഹം പ്രതീക്ഷിച്ചെത്തുന്നവർക്ക് ലഭിക്കുന്നത് ഉറ്റവരുടെ ശരീരഭാഗങ്ങള്‍; മോർച്ചറിക്ക് മുന്നിലെ കരളലിയിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് വളന്റിയർമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2024, 12:57 pm

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലിന് പിന്നാലെ മോര്‍ച്ചറിയുടെ മുന്നിലെ കരളലിയിപ്പിക്കുന്ന അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് വളന്റിയര്‍മാര്‍. മൃതദേഹം പ്രതീക്ഷിച്ചെത്തുന്ന ബന്ധുക്കള്‍ക്ക് ലഭിക്കുന്നത് പലപ്പോഴും ബോഡി പാര്‍ട്‌സ് മാത്രമാണെന്നാണ് മോര്‍ച്ചറിയിലെ വളന്റിയര്‍മാര്‍ പറയുന്നത്.

പലപ്പോഴും ഇത് കണ്ടുനില്‍ക്കാന്‍ ആകാറില്ലെന്നും അങ്ങേയറ്റം വേദനിപ്പിക്കുന്ന കാര്യമാണെന്നും മേപ്പാടിയിലെ മോര്‍ച്ചറിയില്‍ പ്രവര്‍ത്തിക്കുന്ന വളന്റിയര്‍ പറഞ്ഞു. മൃതദേഹം പ്രതീക്ഷിച്ചെത്തുന്ന ബന്ധുക്കള്‍ക്ക് ബോഡി പാര്‍ട്‌സ് മാത്രം ലഭിക്കുന്നതെന്നത് വലിയ വേദനയാണെന്നും അത് കണ്ടുനില്‍ക്കാന്‍ ആകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില ബോഡികളുടെ പാര്‍ട്‌സ് മാത്രമാണ് മോര്‍ച്ചറിയിലേക്ക് വരുന്നത്. ഇതെല്ലാം മൃതദേഹങ്ങളുടെ കണക്കില്‍ തന്നെയാണ് പെടുത്തുന്നത്. ബന്ധുക്കളെല്ലാം മോര്‍ച്ചറിക്ക് മുന്നില്‍ എത്തുന്നത് അവരുടെ ഉറ്റവരുടെ മൃതദേഹം പ്രതീക്ഷിച്ചുകൊണ്ടാണ്. അവര്‍ മരണത്തിന് മുമ്പ് ധരിച്ച വസ്ത്രങ്ങളുള്‍പ്പടെ കയ്യില്‍ കരുതിയാണ് പലരും മോര്‍ച്ചറിക്ക് മുന്നില്‍ വന്ന് നില്‍ക്കുന്നത്.

എന്റെ ആളായിരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അവരെല്ലാം അവിടേക്ക് വരുന്നത്. അതൊക്കെ കാണുമ്പോള്‍ സങ്കടം വരാറുണ്ട്,’ വളണ്ടിയര്‍ പറഞ്ഞു.

നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

സർക്കാരിന്റെ ഔദ്യോ​ഗിക കണക്കുകൾ പ്രകാരം ഇതുവരെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്‍മാര്‍, 30 കുട്ടികള്‍. ഇതില്‍ 148 മൃതശരീരങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്. 206 പേരെ കണ്ടെത്താൻ ഉണ്ടെന്നും 81 പേര്‍ പരിക്കേറ്റ് ആശുപത്രികളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

206 പേരെ ഡിസ്ചാര്‍ജ് ചെയ്തെന്നും അവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10042 പേരാണുള്ളത്.

Content Highlight: wayanad landslide; Volunteers share their heart-wrenching experience in front of the morgue