ലോകകപ്പ് മുറുകി നില്‍ക്കുകയാണ്. അട്ടിമറി വിജയങ്ങളും ആവേശവും അതിരുകള്‍ക്കപ്പുറമാണ്. ഇപ്പോള്‍ സ്വന്തം മണ്ണില്‍ കളിച്ച അഞ്ച് കളിയിലും തോല്‍വിയറിയാതെ ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ നിര്‍ണായക വിജയമാണ് ന്യൂസിലാന്‍ഡിനോട് നേടിയത്. ഇതോടെ 20 വര്‍ഷത്തെ ഇന്ത്യയുടെ പ്രതികാരത്തിന്റെ കഥക്ക് വിരാമമിടുകയാണ്. ഐ.സി.സി ഇവന്റുകളില്‍ 2003ന് ശേഷം ആദ്യമായാണ് കിവീസിനെതിരെ ഇന്ത്യയുടെ വിജയം.
ഇന്ത്യയുടെ അടുത്ത മത്സരത്തിലെ എതിരാളികള്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ്. ഒക്ടോബര്‍ 29ന് ലഖ്നൗവിലെ എകാന സ്പോര്‍ടസ് സിറ്റിയില്‍ വെച്ചാണ് മത്സരം.
പാകിസ്ഥാന്‍ ഇതിഹാസവും പേസ് ബൗളറുമായിരുന്ന വസീം അക്രം വരാനിരിക്കുന്ന മത്സരത്തെ തുടര്‍ന്ന് രാഹുല്‍ ദ്രാവിഡിനും ഇന്ത്യന്‍ ടീമിനും ഒരു ഉപദേശം നല്‍കിയിരിക്കുകയാണ്.
വരും മത്സരത്തില്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ ഉണ്ടാകാണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 19ന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പാണ്ഡ്യക്ക് കാലിന് പരിക്കുപറ്റിയതിനെ തുടര്‍ന്ന് വരും മത്സരത്തില്‍ ഇന്ത്യന്‍ ടീമിലുണ്ടാകാനിടയുള്ള ആശങ്കയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
‘പാണ്ഡ്യ ഇല്ലെങ്കിലും ടീം ശക്തമാണ്. ഇപ്പോള്‍ അവന്‍ ഭേദപ്പെട്ട നിലയിലാണെങ്കില്‍ അത് നല്ലതാണ്. ഈ അവസ്ഥയില്‍ ഷമിയെ ഒഴിവാക്കുന്നത് വെല്ലുവിളിയുമാണ്. ഇംഗ്ലണ്ടിനെതിരെ പാണ്ഡ്യയെ ഉള്‍പ്പെടുത്തി വീണ്ടും അദ്ദേഹത്തെ അപകടത്തിലാക്കേണ്ട.
മത്സരത്തിനിടയില്‍ പേശികള്‍ വലിയാന്‍ സാധ്യതയുണ്ട്, അതിനാല്‍ അവന് വിശ്രമം അനുവദിക്കുന്നതാണ് നല്ലത്. ശേഷം ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം,’ വസീം സ്പോര്‍ട്സ്‌കീഡയോട് പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരായ പ്ലെയിങ് ഇലവനില്‍ ഷമിയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഇന്ത്യക്ക് വന്‍ വെല്ലുവിളിയാകുമെന്നാണ് വസീം വിശ്വസിക്കുന്നത്. ഷമിയുടെ ബൗളിങ് മികവിനേയും വസീം അക്രം എടുത്തുപറഞ്ഞു.
‘ഷമി പന്തെറിയുമ്പോള്‍ ഏത് ദിശയിലേക്ക് വേണമെങ്കിലും നീക്കാന്‍ പറ്റും. അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ ഷമി കളിക്കുന്നതാണ് നല്ലത്.’ വസീം അവസാനിപ്പിച്ചു.