Advertisement
Kerala News
കൊവിഡ് ബാധിച്ച് ആശുപത്രിയിലായ വീട്ടമ്മയ്ക്ക് ഇൻഷൂറൻസ് നൽകിയില്ല; കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 16, 01:23 am
Wednesday, 16th April 2025, 6:53 am

എറണാകുളം: കൊവിഡ് ബാധിച്ച് ചികിത്സ തേടിയപ്പോൾ ആരോഗ്യ ഇൻഷൂറൻസ് ക്ലെയിം നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. എറണാകുളം ആലുവ സ്വദേശി എ.കെ. ബാബു ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരൻ്റെ ഭാര്യക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സക്കായി 62,292 രൂപ ചെലവായി. കാഷ്‌ലെസ് സൗകര്യം ഉണ്ടായിരുന്നിട്ടും ഇൻഷുറൻസ് കമ്പനി ഇത് നിഷേധിക്കുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന സി.ഒ.പി.ഡി രോഗം മനപ്പൂർവം മറച്ചുവെച്ചു എന്നായിരുന്നു ക്ലെയിം നൽകാതിരിക്കാൻ കമ്പനി പറ‍ഞ്ഞ കാരണം.

എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ രേഖയില്‍ പരാതിക്കാരന്റെ ഭാര്യക്ക് ഹൈപ്പോതൈറോയ് ഡിസ്‌ലിപിഡീമിയ (DLP) മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് വ്യക്തമായി.

സംഭവത്തിൽ ബാബു എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. അവശ്യ സമയത്ത് ക്ലെയിം തള്ളിയതിലൂടെ കമ്പനിയുടെ സേവനത്തിൽ ഗുരുതരമായ പിഴവുണ്ടായി എന്നും, അത് അധാർമികമായ വ്യാപാര രീതിയാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ, എന്നിവരായിരുന്നു വിധി പുറപ്പെടുവിച്ച ബെഞ്ചിലുണ്ടായിരുന്നത്. പരാതിക്കാരന് ചികിത്സാ ഇനത്തിൽ ചെലവായ 62,292 രൂപ തിരികെ നൽകണം. ഒപ്പം അദ്ദേഹത്തിനുണ്ടായ മാനസിക ബുദ്ധിമുട്ടിനും കോടതി ചെലവിനത്തിലും 10000 രൂപയും നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. തുക 45 ദിവസത്തിനകം നൽകണമെന്നും എതിർകക്ഷികൾക്ക് കമ്മീഷൻ ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫായിരുന്നു ഹാജരായത്.

 

Content Highlight: Consumer court fines company for not providing insurance to housewife hospitalized with COVID-19