ഇംഫാൽ: മണിപ്പൂരിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധം. ആയിരക്കണക്കിന് പ്രതിഷേധക്കാർ വിവാദ നിയമ നിർമാണത്തിനെതിരെ മനുഷ്യച്ചങ്ങലകൾ തീർത്ത് മുദ്രാവാക്യം വിളിച്ചു. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, തൗബൽ, ബിഷ്ണുപൂർ എന്നിവിടങ്ങളിലാണ് പ്രതിഷേധപ്രകടനം നടന്നത്.
ഇംഫാൽ ഈസ്റ്റ്, തൗബൽ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നുള്ള മെയ്തി പങ്കൽ നിവാസികളാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. സമാധാനപരമായ പ്രതിഷേധ പ്രകടനമായിരുന്നു പ്രതിഷേധക്കാർ നടത്തിയത്.
സമുദായ നേതാക്കളും മറ്റ് പ്രതിഷേധക്കാരും നിയമത്തെ ശക്തമായി വിമർശിച്ചു. ഇത് അവരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നുവെന്നും വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തെയും സ്വയംഭരണത്തെയും ദുർബലപ്പെടുത്തുന്നുവെന്നും വിമർശിച്ചു.
‘ഈ നിയമം ഇന്ത്യൻ ഭരണഘടനയെ ലംഘിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ ഇത് ആക്രമിക്കുന്നു. ഞങ്ങളുടെ വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ഒരു ശ്രമവും ഞങ്ങൾ അംഗീകരിക്കില്ല,’ പ്രതിഷേധക്കാരനായ മൗലവി അതുവാർ റഹ്മാൻ പറഞ്ഞു. നിയമം പിൻവലിക്കുന്നതുവരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബഹുമാനപ്പെട്ട സുപ്രീം കോടതി ഞങ്ങളുടെ ഹരജി കേൾക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ, മുസ്‌ലിങ്ങൾ, അവസാന ശ്വാസം വരെ ശബ്ദമുയർത്തുന്നത് നിർത്തില്ല,’ മറ്റൊരു പ്രതിഷേധക്കാരനായ റയീസ് അഹമ്മദ് പറഞ്ഞു.
ബിൽ നിയമമായി ഒപ്പുവെച്ച് ഒരു ദിവസത്തിന് ശേഷമാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അതിനുശേഷം നിരവധി ജില്ലകളിലായി പ്രതിഷേധം ശക്തി പ്രാപിച്ചു. മതപരവും സമൂഹപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാർ പ്രതിജ്ഞയെടുത്തിരിക്കുകയാണ്.
പ്രകടനങ്ങൾ ഏറെക്കുറെ സമാധാനപരമായി നടക്കുന്നുണ്ടെങ്കിലും, വഖഫ് ഭേദഗതി നിയമത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട തൗബൽ ജില്ലയിലെ അസ്കർ അലിയുടെ വീട് ചിലർ കത്തിച്ചതായി ആരോപണമുയരുന്നുണ്ട്. ഈ സംഭവം പ്രദേശത്ത് ആശങ്കയുയർത്തിയിരിക്കുകയാണ്.
ഏപ്രിൽ അഞ്ചിനാണ് വഖഫ് ഭേദഗതി ബില്ലിന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം ലഭിച്ചത്. പിന്നാലെ തന്നെ നിയമം സർക്കാർ അടുത്തിടെ വിജ്ഞാപനം ചെയ്യുകയും ചെയ്തു. 128 അംഗങ്ങൾ അനുകൂലിച്ചും 95 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തുകൊണ്ട് രാജ്യസഭയിൽ ബിൽ പാസായി. 288 അംഗങ്ങൾ പിന്തുണച്ചും 232 പേർ എതിർത്തുമാണ് ലോക്സഭ ബിൽ പാസാക്കിയത്.
Content Highlight: Massive protest against Waqf Act in Manipur, thousands take to streets