'എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും അവരെന്നെ ജയിലിലടക്കും'; ജെ.ഡി.യുവിനെ മുട്ടുകുത്തിച്ച സി.പി.ഐ.എം.എല്ലിന്റെ 36കാരനായ ദളിത് നേതാവ് സംസാരിക്കുന്നു
Discourse
'എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും അവരെന്നെ ജയിലിലടക്കും'; ജെ.ഡി.യുവിനെ മുട്ടുകുത്തിച്ച സി.പി.ഐ.എം.എല്ലിന്റെ 36കാരനായ ദളിത് നേതാവ് സംസാരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th November 2020, 6:15 pm

‘എന്നൊക്കെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടോ അപ്പോഴെല്ലാം അവര്‍ എന്നെ ജയിലിലടച്ചിരിക്കും’, 36 കാരനായ സി.പി.ഐ.എം.എല്‍ നേതാവും അജിയോണ്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് ജെ.ഡി.യു സ്ഥാനാര്‍ത്ഥിയെ 35000ത്തില്‍ പരം വോട്ടുകള്‍ക്ക് തോല്‍പ്പിക്കുകയും ചെയ്ത മനോജ് മന്‍സിലിന്റെ വാക്കുകളാണ് ഇത്.

2015 ല്‍ ബീഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായും മനോജ് മന്‍സില്‍ ജയിലിലായിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ് പ്രതിപക്ഷത്തുള്ളവര്‍ ഇതു ചെയ്യുന്നതാണെന്ന് മനോജ് പറയുന്നത്. അന്ന് ജയിലടക്കപ്പെട്ടിട്ടും 35000 വോട്ടുകള്‍ മനോജ് മന്‍സില്‍ നേടി.

ജന്മനാടായ അജിയോണില്‍ നിന്നും മത്സരിക്കാനായി (ദളിത് സീറ്റ്) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചയുടനെ തന്നെ മനോജിനെ വീണ്ടും അവര്‍ തെരഞ്ഞുപിടിച്ച് ജയിലിലാക്കി. എന്നാല്‍ 86,327 വോട്ടുകള്‍ നേടി എതിരാളിയായ ജെ.ഡി.യുവിന്റെ പ്രഭുനാഥിനെ തോല്‍പ്പിച്ച് മനോജ് മന്‍സില്‍ ഇതിന് മറുപടി നല്‍കി. ജെ.ഡി.യു സ്ഥാനാര്‍ത്ഥിയേക്കാള്‍ 48,550 വോട്ടുകള്‍ അധികം നേടിയായിരുന്നു മനോജ് മന്‍സിലിന്റെ അവിസ്മരണീയ ജയം.

2018 ല്‍, തന്റെ മണ്ഡലത്തില്‍ ‘സഡക് പെ സ്‌കൂള്‍’ എന്ന പദ്ധതിക്ക് മനോജ് മന്‍സില്‍ തുടക്കം കുറിച്ചു. പാവപ്പെട്ട ദലിത്, മുസ്‌ലീം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കാനായി ഒരു വിദ്യാലായമെന്ന സ്വപ്‌നമായിരുന്നു മനോജിനെ ഇങ്ങനെയാരു തീരുമാനത്തില്‍ എത്തിച്ചത്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഉയര്‍ന്ന മണ്ഡലത്തിലെ ആദ്യ സ്‌കൂള്‍ കൂടിയായിരുന്നു ഇത്. ഐസയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നേതാക്കളുടെ പിന്തുണയും മനോജിനുണ്ടായിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന ജാതി അക്രമത്തെക്കുറിച്ചും ഇടതുരാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവിനെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും അദ്ദേഹം ന്യൂസ് 18 നോട് സംസാരിക്കുകയാണ്.

നിങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് പറയാമോ?

”സ്വന്തമായി ഭൂമിയില്ലാത്ത ഒരു പാവപ്പെട്ട ദളിത് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്റേയും അമ്മയുടേയും ഏകമകനാണ് ഞാന്‍. അവര്‍ ഇപ്പോഴും മറ്റ് ആളുകളുടെ ഭൂമിയില്‍ ജോലി ചെയ്യുകയാണ്. കൃഷി സീസണ്‍ അവസാനിക്കുമ്പോള്‍, അച്ഛന്‍ ഒരു ഇഷ്ടിക ചൂളയില്‍ പണിക്ക് പോകും. വളരെ ചെറിയ ഒരു വീടാണ് ഞങ്ങളുടേത്. ബിരുദ പഠനത്തിന്റെ ഭാഗമായി ഞാന്‍ അറാഹിലേക്ക് പോയി. എന്റെ പഠനത്തിന് പണം കണ്ടെത്തനായി ഞാന്‍ കുട്ടികള്‍ക്ക് ട്യൂഷനെടുക്കുമായിരുന്നു. ഭക്ഷണം പോലും കഴിക്കാനില്ലാത്ത അവസ്ഥയില്‍ നിരവധി തവണ എനിക്ക് പഠിത്തം ഉപേക്ഷിക്കേണ്ടി വന്നു.

ഇടതുരാഷ്ട്രീയത്തിലേക്കുള്ള താങ്കളുടെ കടന്നുവരവ് എങ്ങനെയാണ്?

ഒരു തരത്തില്‍ എന്റെ കുടുംബമാണ് എന്നെ ഇടതുരാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. എന്റെ പിതാവ് ഒരു കര്‍ഷകനാണ്. അദ്ദേഹം സി.പി.ഐ.എം.എല്ലിന്റെ പ്രവര്‍ത്തകനുമായിരുന്നു. ജയ് പ്രകാശ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്ന എന്റെ അമ്മാവന്‍ ജന്മിത്വസമ്പ്രദായത്തിനെതിരെ പോരാടുകയും 14 വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. എന്റെ അമ്മയും ഒരു തരത്തില്‍ ചെറുത്തുനില്‍പ്പിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാരണം നമ്മുടെ ചരിത്രം തന്നെയാണ്.

എഴുപതുകളില്‍, ജന്മിത്വ സമ്പ്രദായത്തിന്റെ ഇരകളായിരുന്നു ഞങ്ങള്‍. അന്ന് എന്റെ കുടുംബം ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വളരെ അകലെയല്ലാത്ത ഒരു ഗ്രാമമുണ്ട്, ഹാദിയാബാദ്. ഇപ്പോള്‍ അത് എന്റെ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. എന്റെ അമ്മയുടെ നാട് അവിടെയാണ്. 70 കളില്‍ ജന്മിമാര്‍ക്ക് കീഴിലുള്ള ഗുണ്ടാസംഘങ്ങള്‍ അവിടെ ഒന്നടങ്കം തീയിട്ടു. അന്ന് അധികം പേരൊന്നും രക്ഷപ്പെട്ടില്ല. അന്ന് അവരില്‍ നിന്നും രക്ഷപ്പെട്ട ഒരാളായിരുന്നു എന്റെ അമ്മ. പക്ഷേ, ആ കൂട്ടക്കൊലയില്‍ അമ്മയ്ക്ക് എല്ലാം നഷ്ടപ്പെട്ടു.

പിന്നീട്, രണ്‍വീര്‍ സേന (ബീഹാറില്‍ നൂറുകണക്കിന് ദലിതരെ കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഭൂവുടമകളുടെ സ്വകാര്യ സേന) നടത്തിയ കൂട്ടക്കൊലകളുടെ അനന്തരഫലങ്ങള്‍ ഞങ്ങള്‍ നേരില്‍ കണ്ടു, അന്നൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്. കാലം മാറിയപ്പോള്‍ ഞങ്ങള്‍ക്ക് പൊലീസ് അതിക്രമങ്ങള്‍ നേരിടേണ്ടിവന്നു. വിദ്യാഭ്യാസം, ഭൂപരിഷ്‌കരണം തുടങ്ങിയ്ക്ക് വേണ്ടി പോരാടിയ എനിക്കെതിരെ നിലവില്‍ 30 എഫ്.ഐ.ആറുകളാണ് ഉള്ളത്. അഞ്ച് തവണ ജയിലില്‍ പോയിട്ടുണ്ട്.

കാലക്രമേണ, എന്റെ കുടുംബത്തിന് വേണ്ടി മാത്രമല്ല, എന്റെ പ്രദേശത്തെ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതിന് എന്റെ അനുഭവങ്ങള്‍ തന്നെ ധാരാളമായിരുന്നു.

ഒടുവില്‍ ഒരു എം.എല്‍.എ ആയിരിക്കുന്നു. എന്താണ് തോന്നുന്നത്?

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷം എനിക്ക് കൂടുതല്‍ സമയം കിട്ടിയിട്ടില്ല. എന്റെ നിയോജകമണ്ഡലത്തിലെ രണ്ട് കുട്ടികള്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചിരുന്നു. അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം വാങ്ങി നല്‍കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അതിനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കി.

നിങ്ങളുടെ പാര്‍ട്ടിയുടെ ശ്രദ്ധേയമായ പ്രകടനം തന്നെയാണോ ഇടതുപക്ഷത്തിന്റെ പുനരുജ്ജീവനത്തിന് സഹായകരമായത്?

എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിച്ചു. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ പോലും എന്നെ സഹായിക്കാനായി മുന്നോട്ടുവന്നു. അവരുടെ ഹൃദയവും ആത്മാവും എനിക്കൊപ്പം നിന്നു.

എങ്കിലും 150 വോട്ടിന്റെ മാത്രം വ്യത്യാസത്തില്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് മൂന്ന് സീറ്റുകള്‍ നഷ്ടമായതില്‍ നിരാശയുണ്ട്. എന്നാല്‍ ഞങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുകയാണ്.

അവസാനമായി, ഈ പേര് നിങ്ങള്‍ക്ക് എങ്ങനെയാണ് കിട്ടിയത്?

[ചിരി] അതെ. ഇത് എന്റെ യഥാര്‍ത്ഥ പേരല്ല. മനോജ് കുമാര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. എനിക്ക് സാഹിത്യത്തില്‍ അല്പം താല്പര്യമുണ്ട്. ചില നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ ആവര്‍ത്തിച്ച് കേട്ടുകൊണ്ടിരുന്നതും എന്നെ ശരിക്കും ആകര്‍ഷിച്ചതുമായ ഒരു വാക്കാണ് ‘മന്‍സില്‍’. ലക്ഷ്യസ്ഥാനം/ ലക്ഷ്യം എന്നൊക്കെയാണ് ആ വാക്കിന്റെ അര്‍ത്ഥം. അങ്ങനെയാണ് ആ വാക്ക് ഞാന്‍ എന്റെ പേരിനൊപ്പം സ്വീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ