സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് തീവ്ര ഹിന്ദുത്വവാദികള്‍.
സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിലപാടുകളാണ് തീവ്രഹിന്ദുത്വവാദികള്‍ ചിത്രം ബഹിഷ്‌കരിക്കാനുള്ള കാരണമായി ഉയര്‍ത്തിക്കാണിക്കുന്നത്. പൗരത്വബില്ലിന്റെ സമയത്ത് കാര്‍ത്തിക് സുബ്ബരാജ് എക്‌സില്‍ കുറിച്ച പോസ്റ്റാണ് ഇവരെ ചൊടിപ്പിച്ചത്. കാര്‍ത്തിക് സുബ്ബരാജ് രാജ്യത്തെ ഹിന്ദുക്കള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് തീവ്രഹിന്ദുത്വവാദികള്‍ വാദിക്കുന്നത്.
‘പൗരത്വ ബില്‍ രാജ്യത്തിന്റെ മതേതരത്വത്തിന് എതിരാണ്, സി.എ.എയോട് നോ പറയൂ, എന്‍.ആര്‍.സിയോട് നോ പറയൂ, വിദ്യാര്‍ത്ഥികളോടുള്ള പൊലീസ് അരാജകത്വത്തോട് നോ പറയൂ’ എന്ന് കുറിച്ച കാര്‍ത്തിക് സുബ്ബരാജ് പേട്ട എന്ന ചിത്രത്തിലെ ‘ഈ ഭൂമി ആരുടെയും അപ്പന്റെ വീട്ടിലെ സ്വത്തല്ല’ എന്ന ഡയലോഗും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Citizenship Amendment Act – Sounds seriously wrong & against Secularism..
Let’s keep India Secular
Say NO to CAA
Say NO to NRC
Say NO to Police Violence on Studentsஇந்த பூமி எவனுக்கும் , அவன் அப்பன் வீட்டு சொத்து கிடையாது….. #IndiansAgainstCAB #JamiaProtests
— karthik subbaraj (@karthiksubbaraj) December 17, 2019
അഞ്ച് വര്‍ഷം മുമ്പ് പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ഡോക്ടര്‍ പ്രവീണ്‍ വിജയകുമാര്‍ എന്നയാളാണ് എക്‌സില്‍ കാര്‍ത്തിക് സുബ്ബരാജിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പൗരത്വ ബില്‍ രാജ്യത്തിന് അത്യാവശ്യമാണെന്ന് അറിയാത്ത ആളല്ല കാര്‍ത്തിക് സുബ്ബരാജെന്നും ഹിന്ദു വിരോധിയും രാജ്യവിരോധിയുമായി ഇയാളുടെ സിനിമകള്‍ കാണാന്‍ പൈസ ചെലവാക്കരുതെന്നും പ്രവീണ്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.
സൂര്യയുടെ കങ്കുവ പരാജയമായത് അയാളുടെ ഹിന്ദു വിരോധിയായ ഭാര്യ കാരണമാണെന്നും പ്രവീണ്‍ പറഞ്ഞു. മറ്റൊരു ഹിന്ദു വിരോധിയായ കാര്‍ത്തിക് സുബ്ബരാജ് കാരണം റെട്രോയും അതുപോലെ പരാജയമാകുമെന്നും ഇത്തരക്കാരെ ഒഴിവാക്കാന്‍ സൂര്യ ശ്രമിക്കണമെന്നും പ്രവീണ്‍ പോസ്റ്റില്‍ പറയുന്നുണ്ട്. പ്രവീണിനെ അനുകൂലിച്ചും വിമര്‍ശിച്ചും പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘സനാതന വിശ്വാസികളുടെ പൈസക്ക് സിനിമാക്കാര്‍ നന്നാകണ്ട’, ‘കേന്ദ്ര ഗവണ്മെന്റിനെതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തമിഴ് സിനിമകളെല്ലാം ബഹിഷ്‌കരിക്കണം’ എന്നൊക്കെയാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. ‘ആദ്യം സ്വന്തം പാര്‍ട്ടിയെ ജയിപ്പിക്കാന്‍ നോക്ക്’, ‘സിനിമയില്‍ അനാവശ്യ രാഷ്ട്രീയം ചികയുന്ന ഇവനെയാണ് ആദ്യം ബഹിഷ്‌കരിക്കേണ്ടത്’ എന്നിങ്ങനെയാണ് പ്രവീണിന്റെ പോസ്റ്റിനെ വിമര്‍ശിച്ചവരുടെ അഭിപ്രായം.
Content Highlight: Calls on social media to boycott Retro because of Karthik Subbaraj’s post about CAA