ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ ക്ഷേത്ര ഗോപുരത്തിന് മുകളില്‍ അംബേദ്കര്‍ പതാക ഉയര്‍ത്തി ദളിത് സംഘടനകള്‍. ക്ഷേത്രത്തിന്റെ മതിലുകളില്‍ തൊട്ടതിന് പ്രദേശത്തുള്ള ഒരു ദളിത് ബാലന് ക്ഷേത്ര ഭാരവാഹികള്‍ 60,000 രൂപ പിഴ ചുമത്തിയെന്ന് ആരോപിച്ചാണ് ദളിത് പ്രവര്‍ത്തകരുടെ നീക്കം.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ ദളിത് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന് മുകളില്‍ കൊടി ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
BIG BREAKING
So the Buddhists (Dalits) have taken a leaf out of the Sanatani Dharma book and are planting THEIR flags on temples.
Saffronistas are getting a taste of their own medicine. Something they are great at dishing out to others.
Dalit organisations forcefully hoist… pic.twitter.com/TPFlWD0iUj
— Ravinder Kapur. (@RavinderKapur2) April 21, 2025
ഈയിടെ രാജസ്ഥാനിലെ ഉദയ്പൂരില്‍ അംബേദ്കര്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിരുന്നു. ഭീം ആര്‍മിയിലെയും മറ്റ് ദളിത് സംഘടനകളിലെയും പ്രവര്‍ത്തകരെയാണ് പൊലീസ് തടഞ്ഞത്. സമാധാനപരമായി പരിപാടി നടത്തുമെന്ന് അറിയിച്ചിട്ടും പൊലീസ് അനുമതി നിഷേധിച്ചതായി ദി ഒബ്‌സര്‍വര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനുപുറമെ മധ്യപ്രദേശില്‍ ഒരു ദളിത് വരന് പ്രബലജാതിക്കാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നു. മോവിനടുത്തുള്ള സാങ്‌വി ഗ്രാമത്തിലായിരുന്നു സംഭവം.
രണ്ട് മണിക്കൂറോളം നീണ്ട വാദത്തിനും പൊലീസ് ഇടപെടലിനും ശേഷമാണ് വരന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം ലഭിച്ചത്. എന്നാല്‍ പൊലീസ് നിരീക്ഷണത്തില്‍ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ എന്ന ഉപാധിയാണ് പ്രബലജാതിക്കാര്‍ മുന്നോട്ടുവെച്ചത്.
ഏപ്രില്‍ 14ന് ബി.ആര്‍. അംബേദ്കറുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പതാകകളുമായി നിരത്തിലിറങ്ങിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയും റാലികള്‍ നടത്താന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടായത്.
അംബേദ്ക്കര്‍, പട്ടേല്‍ തുടങ്ങിയ നേതാക്കളെ സംഘപരിവാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഈ ശ്രമങ്ങളെ പ്രതിപക്ഷ നേതാക്കളും കോൺഗ്രസും രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്.
മോദി സര്‍ക്കാര്‍ അംബേദ്‌കറിന്റെ പേര് ഉപയോഗിക്കുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ അവര്‍ തയ്യാറല്ലെന്നും സംഘപരിവാറിന്റെ ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Content Highlight: Dalit organizations hoist Ambedkar flag on top of temple tower in Alwar, Rajasthan