Advertisement
national news
ഇഷ ഫൗണ്ടേഷന് വീണ്ടും കുരുക്ക്; നാല് ജീവനക്കാര്‍ക്കും മുന്‍ വിദ്യാര്‍ത്ഥിക്കുമെതിരെ പോക്സോ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 22, 03:46 am
Tuesday, 22nd April 2025, 9:16 am

ചെന്നൈ: കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസെടുത്ത് പൊലീസ്.

ഇഷ യോഗ ഹോം സ്‌കൂളിലെ നാല് ജീവനക്കാര്‍ക്കും മുന്‍ വിദ്യാര്‍ത്ഥിക്കുമെതിരെയാണ് കേസെടുത്തത്. ആന്ധ്ര സ്വദേശിയായ വിദ്യാര്‍ത്ഥിയെ പൂര്‍വ്വവിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

പോക്‌സോ 10, 21(2), 9(1) വകുപ്പുകളും ബി.എന്‍.എസ് 476 വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്നും വിദ്യാര്‍ത്ഥിയെ സംരക്ഷിക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആരോപണം നേരിടുന്ന മുന്‍ വിദ്യാര്‍ത്ഥി പ്രബല വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്നും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായും പരാതിയില്‍ ആരോപണമുണ്ട്. കോയമ്പത്തൂരിലെ പേരൂരിലുള്ള ഓള്‍ വുമണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍, 2017നും 2019നും ഇടയില്‍ വിദ്യാര്‍ത്ഥി പീഡനം നേരിട്ടതായാണ് പറയുന്നത്.

2024 നവംബറിലാണ് ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. എന്നാല്‍ ജനുവരി 31നാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് പൊലീസ് പരാതിക്കാരിക്ക് എഫ്.ഐ.ആറിന്റെ പകര്‍പ്പ് കൈമാറിയത്. ഇതിനിടെ പൊലീസ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

മകള്‍ നേരിട്ട അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ഗി വാസുദേവിന് ഒന്നിലധികം തവണ ഇ-മെയിലുകള്‍ അയച്ചിരുന്നുവെന്നും എന്നാല്‍ ഒരു തവണ പോലും മറുപടി ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു.

പൊലീസ് നടപടി വൈകിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയുടെ അമ്മ പത്രസമ്മേളനം വിളിക്കുകയും വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷം അമ്മയ്ക്ക് നേരെയും ഭീഷണികള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ പ്രതികരിച്ച് ഇഷ ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ഇഷ ഫൗണ്ടേഷന്‍ വക്താവ് നല്‍കിയ പ്രതികരണം.

Content Highlight: Isha Foundation in trouble again; POCSO case filed against four employees and former student