Advertisement
national news
തൊട്ടുകൂടായ്മ ജാതി അടിസ്ഥാനമാക്കി മാത്രമല്ല: ഒരു ദിവസത്തേക്ക് ബ്ലിങ്കിറ്റ് ഡെലിവറി ബോയിയായി ജോലി ചെയ്ത അനുഭവം പങ്കുവെച്ച് ദൽഹി സ്വദേശി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 22, 03:36 am
Tuesday, 22nd April 2025, 9:06 am

ന്യൂദൽഹി: ഒരു ദിവസത്തേക്ക് ബ്ലിങ്കിറ്റ് ഡെലിവറി ബോയിയായി ജോലി ചെയ്ത് ദൽഹി സ്വദേശി. ഡെലിവറി ജോലി ചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. ദൽഹി സ്വദേശിയായ സൽമാൻ സലീമിന് തന്റെ ജോലിയിൽ നിന്നും ലീവ് എടുത്ത് ഒരു ദിവസം ഡെലിവറി ബോയ് ആയി ജോലി ചെയ്തത്. ന്യൂദൽഹിയിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ ക്രിയേറ്റീവ് ഹെഡായി ജോലി ചെയ്യുകയാണ് സൽമാൻ സലിം.

ജോലി കഴിഞ്ഞ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണിപ്പോൾ വൈറൽ ആയിരിക്കുന്നത്. തൊട്ടുകൂടായ്‌മ ജാതി അടിസ്ഥാനമാക്കി ഉള്ളത് മാത്രമല്ലെന്നാണ് അദ്ദേഹം തന്റെ കുറിപ്പിൽ ആദ്യം തന്നെ പങ്കുവെച്ചത്. കഠിനമായ വെയിൽ, ട്രാഫിക് ബ്ലോക്ക്, പൊടി, ദാഹം തുടങ്ങിയവയെല്ലാം സഹിച്ചാണ് ഒരു ഡെലിവറി ബോയ് ഭക്ഷണം എത്തിക്കുന്നതെന്നും എന്നാൽ അവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്നുവെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ വിമർശിച്ചു.

‘തൊട്ടുകൂടായ്മ ജാതിയിൽ മാത്രം ഒതുങ്ങുന്നില്ല. ഞാൻ ഡെലിവറി ബോയിയായി രജിസ്റ്റർ ചെയ്ത് അടുത്തുള്ള ബ്ലിങ്കിറ്റ് സ്റ്റോറിൽ പോയി. ട്രാഫിക് ബ്ലോക്ക്, കഠിനമായ വെയിൽ, പൊടി എന്നിവയെ മറികടന്ന് ഓർഡർ ഞാൻ കഷ്ടപ്പെട്ട് എത്തിക്കാൻ ശ്രമിച്ചു. എന്നാൽ ഈ തൊഴിലിന് ഇപ്പോഴും അർഹമായ ബഹുമാനം ലഭിക്കുന്നില്ലെന്ന് എനിക്ക് മനസിലായി.

പൊലീസുകാർ മാത്രമല്ല, എ.സി കാറിനുള്ളിൽ യാത്ര ചെയ്യുന്നവരും ഡെലിവറി തൊഴിലാളികളെ രണ്ടാംതരം യാത്രക്കാരെപ്പോലെയാണ് കാണുന്നത്. എന്നെ കൂടുതൽ ബാധിച്ചത് പൊള്ളുന്ന വെയിൽ ആയിരുന്നില്ല. മറിച്ച് ഓൺലൈനിൽ സാഹോദര്യം പ്രസംഗിക്കുന്ന ആളുകളുടെ പെരുമാറ്റമായിരുന്നു,’ അദ്ദേഹം വിമർശിച്ചു.

‘പല ഹൗസിങ് സൊസൈറ്റികളിലും ഗാർഡുകൾ തന്നെ പ്രധാന ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ലെന്ന് സലീം പറഞ്ഞു. ‘എന്റെ ഡെലിവറികൾ നടത്തുന്നതിനിടയിൽ, പലപ്പോഴും പ്രധാന ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്ന് പല ഹൗസിങ് സൊസൈറ്റികളിളെയും ഗാർഡുകൾ എന്നെ തടഞ്ഞു. ഒന്നുകിൽ പടികൾ കയറാൻ അല്ലെങ്കിൽ സർവീസ് ലിഫ്റ്റ് ഉപയോഗിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ചിലപ്പോൾ നാലാം നിലയിലേക്ക് വരെ കയറേണ്ടി വന്നു. സമ്പന്നരും വിദ്യാസമ്പന്നരും എന്ന് വിളിക്കപ്പെടുന്നവർ താമസിക്കുന്ന ഹൗസിങ് സൊസൈറ്റികളിലാണ് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാത്തരം വിവേചനങ്ങൾക്കുമെതിരെ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന അതേ ആളുകൾ തന്നെ ഇത്തരം വിവേചനങ്ങൾ കാണിക്കുന്നു,’ സലീം പറഞ്ഞു.

ഒരു സമൂഹമെന്ന നിലയിൽ, ഡെലിവറി ബോയ്സും മറ്റുള്ളവരെപ്പോലെ തന്നെ മനുഷ്യരാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരാളുടെ യൂണിഫോം അല്ലെങ്കിൽ രൂപഭാവം അടിസ്ഥാനമാക്കി അവരുടെ സ്വഭാവം, പദവി എന്നിവയെക്കുറിച്ച് അനുമാനങ്ങൾ നടത്തുന്നത് നാം അവസാനിപ്പിക്കണം. അവരുടെ തൊഴിൽ നോക്കാതെ തന്നെ എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്,’ സലീം കൂട്ടിച്ചേർത്തു.

ബ്ലിങ്കിറ്റ്, സെപ്‌റ്റോ തുടങ്ങിയ ഡെലിവറി കമ്പനികൾ ഇതിനെതിരെ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സെപ്‌റ്റോ, ബ്ലിങ്കിറ്റ് പോലുള്ള ഡെലിവറി കമ്പനികൾ ഡെലിവറി തൊഴിലാളികൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ കാമ്പെയ്‌നുകൾ അവർ നേരിടുന്ന വിവേചനങ്ങൾ കുറയ്ക്കും. പൊതു ഇടങ്ങളിൽ മറ്റുള്ളവർ അവരോട് നീതിപൂർവ്വം പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സലീം പറഞ്ഞു.

നിരവധിപേർ സലീമിന്റെ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാൽ വൈറൽ പോസ്റ്റിനോട് ബ്ലിങ്കിറ്റും അതിന്റെ മാതൃ കമ്പനിയായ സൊമാറ്റോയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: Delhi man signs up as Blinkit delivery agent, says untouchability isn’t just caste-based