11 കോടി രൂപയല്ലേ ആവിയായി പോയത്; കഴിഞ്ഞ സീസണിലെ പുലി, എന്നാലിപ്പോള്‍...
IPL
11 കോടി രൂപയല്ലേ ആവിയായി പോയത്; കഴിഞ്ഞ സീസണിലെ പുലി, എന്നാലിപ്പോള്‍...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th May 2023, 4:10 pm

ഐ.പി.എല്‍ 2023ലെ 54ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടിരുന്നു. ബൗളര്‍മാര്‍ വീണ്ടും ചെണ്ടകളായതോടെയാണ് ആര്‍.സി.ബി സീസണില്‍ ഒരിക്കല്‍ക്കൂടി പരാജയം രുചിച്ചത്.

റോയല്‍ ചലഞ്ചേഴ്‌സ് നിരയില്‍ പന്തെറിഞ്ഞ എല്ലാവരും റണ്‍സ് വഴങ്ങുന്നതില്‍ ഒരു പിശുക്കും കാണിക്കാതെ വന്നതോടെ 21 പന്ത് ബാക്കി നില്‍ക്കവെയാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ആര്‍.സി.ബി നിരയില്‍ പന്തെറിഞ്ഞ എല്ലാവരുടെയും എക്കോണമി പത്തിന് മുകളിലായിരുന്നു.

ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ച രീതിയില്‍ അടിവാങ്ങിക്കൂട്ടിയത് ശ്രീലങ്കന്‍ സൂപ്പര്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയായിരുന്നു. ഒരുവശത്ത് നിന്ന് സൂര്യകുമാര്‍ യാദവും മറുവശത്ത് നിന്ന് നേഹല്‍ വദേരയും താരത്തെ മാറി മാറി പഞ്ഞിക്കിടുകയായിരുന്നു. നാല് ഓവറില്‍ 53 റണ്‍സാണ് ഹസരങ്ക വഴങ്ങിയത്.

പന്തെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇഷാന്‍ കിഷനെയും രോഹിത് ശര്‍മയെയും പുറത്താക്കിയ ഹസരങ്ക ബെംഗളൂരു ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടങ്ങോട്ട് താരം അടിവാങ്ങിക്കൂട്ടുകയായിരുന്നു.

13.25 ആണ് താരത്തിന്റെ എക്കോണമി. ഈ സീസണിലെ ഏറ്റവും മോശം ബൗളിങ് ഫിഗേഴ്‌സുകളില്‍ ഒന്നാണിത്.

സീസണില്‍ ഇതുവരെ എട്ട് മത്സരത്തില്‍ നിന്നും 258 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റാണ് താരം വീഴ്ത്തിയത്. 28.66 എന്ന ആവറേജിലും 19.33 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ലങ്കന്‍ സ്പിന്നര്‍ പന്തെറിയുന്നത്.

കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന താരമായിരുന്നു ഹസരങ്ക. നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടങ്ങളുമായി സീസണില്‍ 26 വിക്കറ്റാണ് താരം നേടിയത്.

ഈ പ്രകടനം ഇത്തവണയും ആവര്‍ത്തിക്കും എന്ന ഉറപ്പിലാകണം 10.75 കോടി രൂപയ്ക്ക് ആര്‍.സി.ബി ഹസരങ്കയെ നിലനിര്‍ത്തിയത്. എന്നാല്‍ ഫൈഫര്‍ പോയിട്ട് മൂന്ന് വിക്കറ്റ് നേട്ടം പോലും സ്വന്തമാക്കാന്‍ ഹസരങ്കക്ക് സാധിച്ചിരുന്നില്ല.

ഇതിനേക്കാള്‍ ചെറിയ തുകയ്ക്ക് മറ്റ് ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍ ഹസരങ്കയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ഹസരങ്ക മാത്രമല്ല, റണ്‍സ് വിട്ടുനല്‍കുന്നതില്‍ റോയല്‍ ചലഞ്ചേഴ്‌സിലെ മറ്റ് ബൗളര്‍മാരും ഒന്നിനൊന്ന് മെച്ചമാണ്. മികച്ച ബാറ്റിങ് ഓര്‍ഡറുള്ള ആര്‍.സി.ബിയുടെ സീസണിലെ ഏറ്റവും വലിയ ദൗര്‍ബല്യം ബൗളിങ് യൂണിറ്റ് തന്നെയാണെന്ന് നിസ്സംശയം പറയാം.

 

Content Highlight: Wanindu Hasaranga’s worst performance in IPL 2023