IPL
സഞ്ജുവില്ലാത്ത മത്സരത്തില്‍ രാജസ്ഥാന്റെ അള്‍ട്ടിമേറ്റ് പരീക്ഷണം; ഐ.പി.എല്ലിനേക്കാള്‍ പ്രായം കുറഞ്ഞവന്‍ ഇറങ്ങുന്നു! വ്യക്തമാക്കി റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 19, 02:09 pm
Saturday, 19th April 2025, 7:39 pm

ഐ.പി.എല്ലില്‍ ശനിയാഴ്ച നടക്കുന്ന ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ റിഷബ് പന്ത് ബാറ്റിങ് തെരഞ്ഞെടുത്തു.

പരിക്കേറ്റ സഞ്ജു സാംസണിന്റെ അഭാവത്തില്‍ റിഷബ് പന്താണ് ടീമിനെ നയിക്കുന്നത്. ക്യാപ്റ്റന്റെ റോളില്‍ റിയാന്‍ പരാഗിനിത് നാലാം മത്സരമാണ്. നേരത്തെ പരിക്ക് മൂലം സഞ്ജു ഇംപാക്ട് പ്ലെയറായെത്തിയ ആദ്യ മൂന്ന് മത്സരത്തില്‍ പരാഗാണ് ടീമിനെ നയിച്ചത്. മൂന്ന് മത്സരത്തില്‍ ഒരു കളിയില്‍ മാത്രമാണ് രാജസ്ഥാന്‍ റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ വിജയിച്ചത്.

മത്സരത്തില്‍ കൗമാര താരം വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുകയാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടത്തോടെയാണ് സൂര്യവംശി തന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യ മത്സരം കളിക്കാനിറങ്ങുന്നത്.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ഫീല്‍ഡ് ചെയ്യുന്നതിനാല്‍ ഇംപാക്ട് പ്ലെയറുടെ ലിസ്റ്റിലാണ് സൂര്യവംശിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുണാല്‍ സിങ് റാത്തോര്‍, കാര്‍ത്തികേയ സിങ്, യുദ്ധ്‌വീര്‍ സിങ്, ആകാശ് മധ്വാള്‍ എന്നിവരാണ് മറ്റ് ഇംപാക്ട് പ്ലെയര്‍ ഓപ്ഷനുകള്‍.

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തിയ സര്‍പ്രൈസിങ് നീക്കമായിരുന്നു സൂര്യവംശിയെ ടീമിലെത്തിച്ചത്.

ഐ.പി.എല്ലില്‍ ലേലം കൊള്ളുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് സൂര്യവംശി സവായ് മാന്‍സിങ് സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റെടുത്തത്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 1.10 കോടിക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

12ാം വയസില്‍ രഞ്ജിയില്‍ ബീഹാറിനായി അരങ്ങേറ്റം കുറിച്ചാണ് താരം ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചത്. കളത്തിലിറങ്ങിയതാകട്ടെ കരുത്തരായ മുംബൈക്കെതിരെയും.

2023ലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ താരം ബീഹാറിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 128 പന്തില്‍ നിന്നും 151 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 22 ഫോറും മൂന്ന് സിക്സറുമാണ് സൂര്യവംശിയുടെ ഇന്നിങ്സിലുണ്ടായിരുന്നത്. ആ മത്സരത്തില്‍ തന്നെ 76 റണ്‍സും താരം നേടി.

ഇന്ത്യ U19 A, ഇന്ത്യ U19 ആ, ഇംഗ്ലണ്ട് U19, ബംഗ്ലാദേശ് U19 എന്നിവരുള്‍പ്പെട്ട ക്വാഡ്രാന്‍ഗുലര്‍ സീരീസിലും സൂര്യവംശി ഭാഗമായിരുന്നു. ടൂര്‍ണമെന്റില്‍ 53, 74, 0, 41, 0 എന്നിങ്ങനെയായിരുന്നു താരം റണ്‍സ് നേടിയത്. ഇതിന് പിന്നാലെയായിരുന്നു രഞ്ജി അരങ്ങേറ്റം.

പരിക്ഷണങ്ങള്‍ നടത്താന്‍ ഏറെയിഷ്ടപ്പെടുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ പരീക്ഷണത്തിനാണ് സവായ് മാന്‍സിങ് സ്റ്റേഡിയം സാക്ഷിയാകാനൊരുങ്ങുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഏയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ശുഭം ദുബെ. നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

 

Content Highlight: IPL 2025: RR vs LSG: Vaibhav Suryavanshi becomes the youngest debutant in IPL history