ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 13കാരനെ ഗ്ലാസ് കുപ്പി ഉപയോഗിച്ച് കുത്തിവീഴ്ത്തി. വ്യാഴാഴ്ച രാത്രിയോടെ കാണ്‍പൂര്‍ ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ഒരു സംഘം വിദ്യാര്‍ത്ഥികളാണ് മുസ്‌ലിം സമുദായത്തില്‍പ്പെട്ട 13കാരനെ കുത്തിയത്.
സംഭവത്തില്‍ മഹാരാജ്പൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചാകേരി എ.സി.പി സുമിത് രാംടെക് പറഞ്ഞു.
സംഘം ചേര്‍ന്നെത്തിയ കുട്ടികള്‍ കാലില്‍ തൊടാന്‍ ആവശ്യപ്പെട്ടപ്പോള്‍ 13കാരന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതരായ കുട്ടികള്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് ഗ്ലാസ് കുപ്പി ഉപയോഗിച്ച് കുട്ടിയെ ഇവര്‍ കുത്തിവീഴ്ത്തിയത്.
കുട്ടിയുടെ ഇടത് കാലിനാണ് പരിക്കേറ്റത്. നിരന്തരമായി ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടാറുണ്ടെന്നാണ് പരിക്കേറ്റതിനെ തുടര്‍ന്ന് 13കാരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
യു.പിയില്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ തീവ്ര ഹിന്ദുത്വവാദികള്‍ ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
അടുത്തിടെ സംസ്ഥാനത്തെ മുസ്‌ലിങ്ങള്‍ ഹിന്ദുക്കളെ കണ്ടുപഠിക്കണമെന്നും പൊതുനിരത്തുകള്‍ നിസ്‌കരിക്കാനുള്ള ഇടമല്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു.
‘പൊതുനിരത്തുകള്‍ നടക്കാനുള്ളതാണ്. നിസ്‌കരിക്കാനുള്ള സ്ഥലമല്ല. അച്ചടക്കം ഹിന്ദുക്കളില്‍ നിന്ന് പഠിക്കണം. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ല,’ യോഗി ആദിത്യനാഥ്.
സൗകര്യങ്ങള്‍ വേണമെങ്കില്‍ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യു.പിയിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേള ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.
ഇത്തരത്തില്‍ ഒന്നിലധികം തവണയാണ് മുസ്‌ലിങ്ങള്‍ക്കെതിരെ യോഗി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ തവണ രാജ്യത്ത് വിദ്വേഷ പ്രചാരണം നടത്തിയ നേതാക്കളില്‍ യോഗി ആദിത്യനാഥിന് ഒന്നാം സ്ഥാനമായിരുന്നു.
Content Highlight: 13-year-old Muslim student stabbed to death in UP for refusing to chant Jai Shri Ram