Entertainment
ഇങ്ങനെയൊരു നടനെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്, തുടരും കണ്ടു കഴിഞ്ഞാല്‍ ഈ വേഷം ചെയ്യാന്‍ വേറെ ആര്‍ക്കും പറ്റില്ലെന്ന് നിങ്ങള്‍ പറയും: രജപുത്ര രഞ്ജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 02:24 pm
Saturday, 19th April 2025, 7:54 pm

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 16 വര്‍ഷത്തിന് ശേഷം ശോഭന മോഹന്‍ലാലിന്റെ നായികയായെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ചിത്രത്തിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് രജപുത്ര രഞ്ജിത്. സ്‌ക്രിപ്‌റ്റൊക്കെ നോക്കി വായിച്ച് എല്ലാവരുമായും കളിച്ച് ചിരിച്ചിരിക്കുന്ന മോഹന്‍ലാല്‍ ക്യാമറയുടെ മുന്നില്‍ വന്ന് നിന്നാല്‍ മറ്റൊരു മനുഷ്യനാകുമെന്ന് രഞ്ജിത് പറഞ്ഞു. നമുക്ക് ആലോചിക്കാന്‍ പറ്റാത്ത പെര്‍ഫോമന്‍സാണ് മോഹന്‍ലാലിന്റേതെന്നും രഞ്ജിത് പറയുന്നു.

നിമിഷനേരം കൊണ്ട് മറ്റൊരാളായി മാറുമെന്നും അതെല്ലാം അത്ഭുതത്തോടെ താന്‍ നോക്കിയിരുന്നെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ഇതുപോലൊരു നടനെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്നും രഞ്ജിത് പറഞ്ഞു. ഈ സിനിമ കണ്ട് കഴിയുമ്പോള്‍ ഷണ്മുഖന്‍ എന്ന കഥാപാത്രം മറ്റൊരു നടനെ വെച്ച് സങ്കല്പിക്കാന്‍ സാധിക്കില്ലെന്നും രഞ്ജിത് പറയുന്നു. തുടരും സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രത്യേക വീഡിയോയിലാണ് രജപുത്ര രഞ്ജിത് ഇക്കാര്യം പറഞ്ഞത്.

‘പുള്ളി സെറ്റില്‍ എല്ലാവരുടെയും അടുത്ത് ഇരുന്ന് സ്‌ക്രിപ്‌റ്റൊക്കെ വായിച്ചുനോക്കും. പിന്നീട് എല്ലാവരോടും കളിച്ച് ചിരിച്ച് നല്ല ജോളിയായി ഇരിക്കും. ക്യാമറക്ക് മുന്നിലെത്തുമ്പോള്‍ കംപ്ലീറ്റായി വേറൊരാളായി മാറുന്ന കാഴ്ചയാണ് കണ്ടത്. നമുക്ക് ആലോചിക്കാന്‍ പറ്റാത്ത പെര്‍ഫോമന്‍സാണ് പുള്ളി കാണിക്കുന്നത്. അത് ഓരോ ഷോട്ടിലും വ്യക്തമാണ്.

നിമിഷനേരം കൊണ്ട് മറ്റൊരാളായി മാറുകയാണ് ലാലേട്ടന്‍. അതൊക്കെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിയിരുന്നത്. ഇതുപോലൊരു നടനെ ഇനി നമുക്ക് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഈ സിനിമ കണ്ടുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും, ഷണ്മുഖന്‍ എന്ന കഥാപാത്രം ചെയ്യാന്‍ ലാലേട്ടനല്ലാതെ വേറൊരു നടനും സാധിക്കില്ല എന്ന്,’ രജപുത്ര രഞ്ജിത് പറയുന്നു.

മോഹന്‍ലാലിനും ശോഭനക്കും പുറമെ മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഫര്‍ഹാന്‍ ഫാസില്‍, ബിനു പപ്പു തുടങ്ങിയവും സിനിമയുടെ ഭാഗമാകുന്നുണ്ട്. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീതം. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി.ബിയുമാണ്. ഏപ്രില്‍ 26ന് തുടരും തിയേറ്ററുകളിലെത്തും.

Content Highlight: Producer Rejaputhra Renjith about Mohanlal’s performance in Thudarum movie