World News
റോസ്‌തോവ്- ഓണ്‍-ഡോണിലെ സൈനിക കേന്ദ്രങ്ങള്‍ പിടിച്ചടക്കിയതായി വാഗ്നര്‍ ഗ്രൂപ്പ്; പിന്നില്‍ നിന്നുള്ളകുത്തെന്ന് പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 24, 03:57 pm
Saturday, 24th June 2023, 9:27 pm

മോസ്‌കോ: റഷ്യന്‍ നഗരമായ റോസ്‌തോവ്- ഓണ്‍-ഡോണിലെ സൈനിക കേന്ദ്രങ്ങള്‍ പിടിച്ചടക്കിയതായി വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗനി പ്രിഗോഷിന്‍. ഇത് പിന്നില്‍ നിന്നുള്ള കുത്താണെന്നും റഷ്യയെ ഒറ്റിക്കൊടുക്കുന്നവരെ ശിക്ഷിക്കുമെന്നും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. സായുധ കലാപം മുന്നില്‍ കണ്ട്
മോക്‌സോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യന്‍ സര്‍ക്കാരിന്റെ കൂലിപ്പട്ടാളമായാണ് വാഗ്നര്‍ ഗ്രൂപ്പ് അറിയപ്പെടുന്നത്. അടുത്തിടെ റഷ്യയുടെ സൈനിക നേതൃത്വത്തിനെതിരെ പ്രിഗോഷിന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഉക്രൈനിലെ തങ്ങളുടെ ഗ്രൂപ്പിനെതിരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന് പ്രിഗോഷിന്‍ ആരോപിച്ചതിന് പിന്നാലെയായിരുന്നു നാടകീയ രംഗങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇത് മോസ്‌കോ നിഷേധിച്ചിരുന്നു. ഇതൊരു സൈനിക അട്ടിമറിയല്ലെന്ന് പ്രിഗോഷിന്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ റഷ്യ രാജ്യദ്രോഹമാണ് നേരിടുന്നതെന്ന് പുടിന്‍ സന്ദേശത്തിലൂടെ പറഞ്ഞു. ‘വിശ്വാസ വഞ്ചനയുടെ പാതയിലുറച്ച, സായുധ കലാപത്തിന് തയ്യാറായ, ഭീഷണികളുടെയും ഭീകരവാദത്തിന്റെയും പാതയില്‍ നിലയുറച്ച എല്ലാവര്‍ക്കും നിയമത്തിന് മുമ്പിലും റഷ്യന്‍ ജനങ്ങള്‍ക്ക് മുമ്പിലും തക്കതായ ശിക്ഷ അനുഭവിക്കേണ്ടി വരും,’ പ്രിഗോഷിന്റെ പേര് പരാമര്‍ശിക്കാതെ പുടിന്‍ പറഞ്ഞു.

എന്നാല്‍ വാഗ്നര്‍ ഗ്രൂപ്പ് വഞ്ചകരല്ലെന്നും ദേശസ്‌നേഹികളാണെന്നും പ്രിഗോഷിന്‍ പറഞ്ഞു. ഉക്രൈനില്‍ നിന്നും അതിര്‍ത്തി കടന്ന് തന്റെ ഗ്രൂപ്പ് റോസ്‌തോവ്-ഓണ്‍-ഡോണില്‍ പ്രവേശിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രിഗോഷിന്‍ അറിയിച്ചു. റഷ്യന്‍ മിലിട്ടറിയുടെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതായും അദ്ദേഹം പറഞ്ഞു.

റോസ്‌തോവ്-ഓണ്‍-ഡോണിലെ സ്ഥിതി പ്രതിസന്ധിയിലാണെന്ന് പുടിന്‍ വിലയിരുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് സൈനിക കേന്ദ്രങ്ങള്‍ കീഴടക്കിയതായാണ് വാഗ്നര്‍ ഗ്രൂപ്പ് അവകാശപ്പെടുന്നുണ്ട്.

Content Highlight: Wagner group captured military bases in rostov-on-don